ജാതി മാത്രം അടിസ്ഥാന മാക്കി സംവരണം നൽകുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി പിന്നോക്കാവസ്ഥ കണക്കാക്കാൻ പുതിയ മാനദണ്ഡവും രീതിയും സമ്പ്രദായവും കണ്ടത്തണം എന്ന സുപ്രീം കോടതിയുടെ നിരീക്ഷണം സംവരണ വിരുദ്ധർക്കും സാമ്പത്തിക സംവരണ ത്തിനു വേണ്ടി വാദിക്കുന്നവർക്കും പിന്നോക്ക ജന വിഭാഗങ്ങളെ അടിക്കാൻ പുതിയ വടി നൽകിയിരിക്കുകയാണ്. വൈകല്യങ്ങൾ ബാധിച്ചവ റെയും ഭിന്ന ലൈംഗികത ഉള്ളവരെയും കൂടി സംവരണത്തിന്റെ പരിധിയിൽ കൊണ്ടുവരാമെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം സ്വാഗതാർഹാമാണ്.

പക്ഷെ ജാതിയെ നിഷേധിച്ച് കൊണ്ട് ഇന്ത്യയിലെ പിന്നോക്കാവസ്ഥയെ നിർവചിക്കുക അസാധ്യം തന്നെ. ചില മത ജാതി സമൂഹങ്ങളുടെ ചരിത്രപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാനാണ് രാജ്യത്ത് സംവരണം ഏർപ്പെടുത്തിയത്. അധികാര ശ്രേണിയിൽ കൂടി എല്ലാ ജന വിഭാഗങ്ങളും എത്തിപ്പെടുമ്പോൾ മാത്രമേ രാജ്യത്ത് സമത്വവും സമ്പൂർണ്ണ പുരോഗതി യും സാധ്യമാകൂ. ഗ്രഹണി പിടിച്ച കുട്ടിക്ക് കൂടുതൽ പാല് നൽകുന്നത് പോലെ ഉള്ള ഒരു സംവിധാനമാണ് സംവരണം. അതിനെ ജാതി മത കോണിൽ മാത്രം നിന്ന് ചർച്ച ചെയ്യാതെ സാമുഹിക നീതിയുമായി ബന്ധപ്പെടുത്തിയാണ് ചർച്ച ചെയ്യേണ്ടത് .

തിരുവിതാംകൂരിൽ ഉദ്യോഗം മുഴുവനും തമിഴ്-തെലുങ്ക്- മലയാളി ബ്രാഹ്മണർ കയ്യടക്കിയതിനെതിരായാണ് കേരളത്തിൽ ആദ്യമായി സംവരണ ത്തിനു വേണ്ടിയുള്ള മുറ വിളികൾ ഉണ്ടായത്. നായർ സമുദായമാണ് കേരളത്തിൽ സംവരണ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചത് എന്നത് ഇന്നൊരു കൗതുകമായി തോന്നാം. ഉന്നത ബിരുദങ്ങൾ ഒരുപാട് ഉണ്ടായിട്ടും അവർണ്ണൻ എന്ന ഒറ്റക്കാരണം കൊണ്ട് തിരുവിതാംകൂറിൽ ജോലി നിഷേധിക്കപ്പെട്ട ഡോക്ടർ പല്പുവിൽ നിന്നും വിദ്യാഭ്യാസ തൊഴിൽ രംഗങ്ങളിൽ കൂടുതൽ ഉയരങ്ങൾ താണ്ടുന്ന ഇന്നത്തെ ഈഴവ സമുദായ ത്തിലെക്ക് എത്തിച്ചത് സംവരണ ത്തിന്റെ ഗുണ ഫലങ്ങൾ തന്നെയാണ് .മുസ്ലിം സമൂഹത്തിന്റെ സാഹചര്യവും സമാനമാണ്. ഗൾഫ് പണം കൊണ്ട് മാത്രമാണ് കേരള മുസ്ലിം സമൂഹം പുരോഗതി പ്രാപിച്ചതെന്ന പുതിയ തിയറികൾ മുസ്ലിം സമൂഹത്തിൽ നിക്ഷേപിക്കപ്പെടുന്ന ഈ കാലത്ത് സുപ്രീം കോടതി മേൽ പറഞ്ഞ വിധി പ്രസ്താവിക്കാൻ ഉണ്ടായ ജാട്റ്റ് സമൂഹത്തിന്റെ സാമുഹികാവസ്ഥ പരിശോധിക്കപ്പെടെണ്ടതാണ്. സാമ്പത്തിക മായി പുരോഗതി പ്രാപിച്ച സമൂഹമാണ് ജാട്റ്റ് വിഭാഗം. പക്ഷെ വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ പിന്നോക്കവുമാണ്. സാമ്പത്തികം കൊണ്ട് മാത്രം ഒരു സമൂഹവും പുരോഗതി പ്രാപിക്കില്ല എന്നതിന്റെ മകുടോദാഹരണം. ഗൾഫ് പണത്തിന്റെ തിയറി പറയുന്നവർ യഥാർത്തത്തിൽ സാമ്പത്തിക സംവരണ ത്തിനു വേണ്ടിയുള്ള വാദങ്ങൾ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഒരു സമൂഹം സ്വയം പര്യാപ്തത നേടുമ്പോൾ ദുർ്രബലമായ സമൂഹത്തിനു ബാറ്റൻ കൈ മാറുന്ന പ്രക്രിയയാണ് സംവരണം. ഇന്ന് പിന്നോക്ക ജാതിക്കാരായ സംവരണത്തിനു അർഹരായ ജന വിഭാഗങ്ങൾ സ്വയം പര്യാപ്തത നേടുമ്പോൾ അത് കൂടുതൽ ദുർബ്ബലരായ സമൂഹത്തിലേക്ക് കൈമാറണം. സംവരണം ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കപ്പെടുന്ന കേരളത്തിൽ പോലും സംവരണ സമുദായങ്ങൾക്ക് പൂർണ്ണ വളർച്ച നേടാൻ സാധിച്ചിട്ടില്ല ,പക്ഷെ ഒട്ടേറെ മുന്നേറാൻ സാധിച്ചിരിക്കുന്നു. കേരളത്തിനു പുറത്തേയ്ക്ക് പോയാൽ സംവരണത്തിന്റെ ഗുണ ഫലങ്ങൾ പിന്നോക്ക സമൂഹങ്ങളിലേക്ക് നേരാം വണ്ണം എത്തിപ്പെടാത്തതുകൊണ്ട് തന്നെ പിന്നോക്ക സമൂഹങ്ങൾ അധികാര ശ്രേണിയിൽ എന്നും പിന്നോക്കമായി തന്നെ തുടരുന്നു. എസ് സി, എസ് ടി, മുസ്ലിം വിഭാഗങ്ങളുടെ കാര്യം ബഹുകഷ്ടമാണ്. ഭരണ ഘടന ശില്പികൾ നിശ്ചിത കാലയളവിലേയ്ക്കാണ് സംവരണം ഏർപ്പെടുത്തിയത് എന്നത് ശരിയാണ്. പക്ഷെ ആ കാലയളവും കഴിഞ്ഞും പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഭരണ ഘടനാ പരമായി പറഞ്ഞ സംവരണ ആനുകൂല്യങ്ങൾ തന്നെ സംവരണ സമുദായങ്ങൾ ക്ക് ലഭിച്ചിട്ടില്ല എന്ന വസ്തുത കൂടി ഇവിടെ നില നിൽക്കുന്നു. അതിനിടയിൽ സംവരണ ത്തിന്റെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം കൂടി ഉണ്ടായാൽ സാമുഹിക അസമത്വം വർദ്ധിക്കാനേ അത് ഉപകരിക്കൂ.