തിരുവനന്തപുരം: സർവീസിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥനു പ്രമോഷൻ ആനുകൂല്യങ്ങൾ അനുവദിക്കാൻ സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണൽ (സിഎടി) ഉത്തരവിട്ടു. 21 വർഷം മുൻപ് സതേൺ നേവൽ കമാൻഡിൽ നിന്ന് 1995ൽ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസർ ആയി വിരമിച്ച പേരാമ്പ്ര സ്വദേശി പി. ബാലകൃഷ്ണന്റെ ഹർജിയിലാണു ഉത്തരവ്.

സർവീസിൽ നിന്നു വിരമിച്ച സാഹചര്യത്തിൽ സ്ഥാനക്കയറ്റം സാങ്കൽപികമായി നൽകാനും അതുപ്രകാരം ആനുകൂല്യങ്ങൾ പുനർനിർണയിച്ച് ഉയർന്ന തസ്തികയിലെ പെൻഷൻ നൽകാനുമാണു നിർദ്ദേശം. ജസ്റ്റിസ് എൻ.കെ. ബാലകൃഷ്ണൻ, അഡ്‌മിനിസ്‌ട്രേറ്റിവ് അംഗം പത്മിനി ഗോപിനാഥ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. ഹർജിക്കാരന്റെ സീനിയോറിറ്റി കണക്കിലെടുത്ത് സീനിയർ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസർ ഗ്രേഡ്-1 ലേക്കു സ്ഥാനക്കയറ്റം നൽകിയതായി പരിഗണിക്കണം. ജൂനിയർ ഉദ്യോഗസ്ഥർക്കു സ്ഥാനക്കയറ്റം നൽകിയതിനു തൊട്ടു മുൻപു സ്ഥാനക്കയറ്റം പരിഗണിക്കണം.

അതേസമയം സുപ്രീംകോടതി വിധി പരിഗണിച്ച്, കേസ് നൽകിയതിന്റെ മൂന്നു വർഷം മുൻപു മുതലുള്ള കുടിശിക നൽകിയാൽ മതിയെന്നും ഉത്തരവിലുണ്ട്. അർഹമായ സ്ഥാനക്കയറ്റം നിരസിച്ചെന്ന് ആരോപിച്ച് നേരത്തേ ഹർജി നൽകിയപ്പോൾ സ്ഥാനക്കയറ്റത്തിന് അർഹതയുണ്ടെന്ന് ട്രിബ്യൂണൽ കണ്ടെത്തിയിരുന്നു. എന്നിട്ടും ഹർജിക്കാരനു സ്ഥാനക്കയറ്റം നൽകാതെ ജൂനിയർ ഉദ്യോഗസ്ഥർക്കു നൽകി.

മദ്രാസ് സിഎടിയുടെ വിധി നടത്തിപ്പിന്റെ ഭാഗമാണെന്നായിരുന്നു ന്യായീകരണം. ഇതിനെതിരെ അഡ്വ. വി.വി. നന്ദഗോപാൽ നമ്പ്യാർ മുഖേന ഹർജിക്കാരൻ വീണ്ടും ട്രിബ്യൂണലിൽ എത്തുകയായിരുന്നു.