മാഡ്രിഡിലെ കോടതിയിൽ നിന്നുമുള്ള സമൻസ് അവഗണിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് കാറ്റലോണിയൻ പ്രസിഡന്റ് ചാൾസ് പുയിഗ്‌ഡെമോണ്ടിന്റെ തീരുമാനമെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ അതിനിടെ രാജ്യദ്രോഹത്തിന് കേസ് രജിസ്ട്രർ ചെയ്ത് സ്പാനിഷ് പൊലീസ് അറ്റസ്റ്റിനൊരുങ്ങവെ ചാൾസും നാല് മന്ത്രിമാരും ബ്രസൽസിലേക്ക് കടന്നുവെന്നും റിപ്പോർട്ടുണ്ട്. ബെൽജിയത്തിൽ രാഷ്ട്രീയ അഭയം തേടുമെന്ന റിപ്പോർട്ടുകൾക്കിടയിൽ നാടിന് വേണ്ടി പോരാടാൻ മടങ്ങി വരുമെന്ന് പ്രഖ്യാപിച്ച് ചാൾസ് രംഗത്തെത്തിയിട്ടുമുണ്ട്.

കാറ്റലോണിയയിലെ ഭരണം സ്പാനിഷ് ഗവൺമെന്റ് നേരിട്ട് ഏറ്റെടുക്കുന്നതിനെ പ്രതിരോധിക്കാനായി ആയിരക്കണക്കിന് പേർ ഇന്നലെ ഗിറോണയിലെ ഗവൺമെന്റ് കെട്ടിടത്തെ വലയം ചെയ്ത് ഇന്നലെ രംഗത്തെത്തുകയും ചെയ്തിരുന്നു.സ്പെയിൻ സ്ഥാനഭ്രഷ്ടനാക്കിയ കാറ്റലോണിയൻ പ്രസിഡന്റ് ചാൾസിന്റെ ഹോം ടൗണും കൂടിയാണ് ഗിറോണ. കാറ്റലോണിയയുടെ സ്വാതന്ത്ര്യത്തെ പ്രതീകവൽക്കരിക്കുന്ന നീല ബോർഡുകളും ബാനറുകളും ഇവരിൽ ചിലർ ഉയർത്തിക്കാട്ടിയിരുന്നു. ഈ പ്രദേശത്തിന്റെ നിയന്ത്രണം സ്പെയിൻ നേരിട്ട് ഏറ്റെടുക്കുന്നതിനെ തങ്ങൾ ജീവൻ കൊടുത്തും എതിർക്കുമെന്നാണ് ഇവർ പ്രഖ്യാപിച്ചിരിക്കുന്നത്.

കലാപത്തിനും രാജ്യദ്രോഹത്തിനും വഴിയൊരുക്കിയെന്ന കുറ്റം സ്പെയിനിലെ മുതിർന്ന പ്രോസിക്യൂട്ടർ ചുമത്തിയതിനെ തുടർന്ന് അറസ്റ്റ് ഭീഷണി ഉയർന്നതിനെ തുടർന്നാണ് ചാൾസും നാല് മന്ത്രിമാരും ബെൽജിയത്തിലേക്ക് പോയി രാഷ്ട്രീയ അഭയം തേടിയിരിക്കുന്നത്. സ്പെയിനിന്റെ അറസ്റ്റ് ഭീഷണികൾക്ക് വഴങ്ങില്ലെന്നും മറിച്ച് കാറ്റലോണിയയെ സ്വതന്ത്രരാജ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നുമാണ് ചാൾസ് വ്യക്തമാക്കിയിരിക്കുന്നത്. ഫ്രാൻസിന്റെ വടക്ക് ഭാഗത്തുള്ള പ്രദേശമായ മാർസെയ്ല്ലെയിലേക്ക് ചാൾസും സംഘവും കാറിലെത്തുകയും അവിടെ നിന്നും ബ്രസൽസിലേക്ക് പറക്കുകയുമായിരുന്നു. സ്പാനിഷ് ഒഫീഷ്യലുകൾ തങ്ങളെ തടഞ്ഞ് അറസ്റ്റ് ചെയ്യുന്നതിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയായിരുന്നു ഇവർ ഈ വളഞ്ഞ വഴിയിലൂടെ പലായനം ചെയ്തത്.

ചാൾസും നാല് മന്ത്രിമാരും ബെൽജിയത്തിൽ അഭയത്തിന് വേണ്ടി അപേക്ഷിക്കാനൊരുങ്ങുന്നുവെന്നാണ് സ്പാനിഷ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഞ്ച് ദിവസത്തിനകം ഇവർക്ക് അഭയം അനുവദിക്കുമെന്നും സൂചനയുണ്ട്. നിലവിൽ മാധ്യമങ്ങളിൽ നിന്നും അകന്ന് സുരക്ഷിതമായ സ്ഥലത്ത് കഴിയുന്ന ചാൾസ് താൻ എന്തുകൊണ്ടാണ് പലായനം ചെയ്തതെന്ന് ഇന്ന് വിശദീകരിക്കുമെന്നാണ് പ്രതീക്ഷ.ചാൾസ് അറസ്റ്റ് ഭീഷണി നേരിടുന്നുവെങ്കിൽ അദ്ദേഹത്തിന് ബെൽജിയം അഭയം നൽകുമെന്നാണ് ഇവിടുത്തെ വിദേശകാര്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇക്കാര്യം പരിഗണനയിൽ ഇല്ലെന്നാണ് ബെൽജിയത്തിലെ പ്രധാനമന്ത്രിയായ ചാൾസ് മൈക്കൽ വ്യക്തമാക്കിയിരിക്കുന്നത്.

റഫറണ്ടം നടത്തി സ്‌പെയിനിൽ നിന്നും സ്വതന്ത്രമായി പുതിയൊരു രാജ്യമായിത്തീരുന്നതിനുള്ള കാറ്റലോണിയ പ്രവിശ്യയുടെ നീക്കം കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിമരുന്നിട്ടിരിക്കുന്നത്. ഈ മാസം ഒന്നിന് നടന്ന റഫറണ്ടത്തിൽ കാറ്റലോണിയയിലെ ഭൂരിഭാഗം പേരും സ്‌പെയിനിൽ നിന്നും വേർപെട്ട് സ്വതന്ത്രരാജ്യമാകുന്നതിനെ അനുകൂലിച്ചിരുന്നു. റഫറണ്ടത്തെ അടിച്ചമർത്താൻ സ്പാനിഷ് സർക്കാർ ശ്രമിച്ചിരുന്നുവെങ്കിലും ദശലക്ഷക്കണക്കിനാളുകളാണ് വോട്ട് ചെയ്യാനെത്തിയിരുന്നത്.