കാറ്റലോണിയ സ്പെയിനിൽ നിന്നും വേർപെട്ട് ഏതാനും ദിവസങ്ങൾക്കകം സ്വാതന്ത്ര്യ പ്രഖ്യാപിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവിടുത്തെ ജനങ്ങൾ സ്വാതന്ത്ര്യത്തിനായി ഭീഷണികളെയും അടിച്ചമർത്തലുകളെയും എല്ലാം എതിർത്ത് ഒരുമിച്ച് പിടിച്ച് നിന്നതോടെ അവരുടെ സ്വപ്നം യാഥാർത്ഥ്യമാവാൻ പോവുകയാണ്. കാറ്റലോണിയ പുതിയൊരു രാജ്യമാകുന്നത് തടയാൻ സ്പാനിഷ് സർക്കാരും രാജാവും കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തിയെങ്കിലും ജനങ്ങളുടെ ഐക്യത്തിന് മുന്നിൽ അതെല്ലാം വെറുതെയാവുകയായിരുന്നു. ഇതോടെ യഥാർത്ഥത്തിൽ സ്പെയിനിനുപരി കുരുക്കിലാവുന്നത് സാക്ഷാൽ യൂറോപ്യൻ യൂണിയനാണ്.

കാറ്റലോണിയ സ്പെയിനിൽ നിന്നും വേറിട്ട് പോകുന്നത് യുകെ ബ്രെക്സിറ്റിലൂെട യൂണിയൻ വിട്ട് പോകുന്നതിനേക്കാൾ വലിയ തല വേദനയായിട്ടാണ് യൂറോപ്യൻ യൂണിയൻ കണക്കാക്കുന്നത്. തങ്ങൾ ഏതാനും ദിവസങ്ങൾക്കകം സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്ന് കാറ്റലോണിയയിലെ നേതാക്കന്മാർ തുറന്നടിച്ചിട്ടുണ്ട്. ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ചയുടെ ആദ്യമോ തന്റെ ഗവൺമെന്റ് അതിനായുള്ള പ്രവർത്തനം തുടങ്ങുമെന്നാണ് ജനറലിറ്റാറ്റ് ഓഫ് കാറ്റലോണിയയുടെ പ്രസിഡന്റ് ചാൾസ് പുയിഗ്ഡിമോണ്ട് പ്രതികരിച്ചിരിക്കുന്നത്.

എന്നാൽ സ്പാനിഷ് ഗവൺമെന്റ് ഇതിനെതിരെ രംഗത്ത് വരുകയും കാറ്റലോണിയ ഗവൺമെന്റിന്റെ നിയന്ത്രണം ഏറ്റെടുക്കാനെത്തുകയും ചെയ്താൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് അതൊരു തെറ്റായ നീക്കമായിരിക്കുമെന്നും അതിനെ തുടർന്ന് എല്ലാ മാറി മറിയുമെന്നുമായിരുന്നു ചാൾസിന്റെ ആത്മവിശ്വാസത്തോടെയുള്ള മറുപടി. ഞായറാഴ്ച കാറ്റലോണിയയിൽ നടന്ന റഫറണ്ടം തടയാൻ സ്പാനിഷ് പൊലീസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ രാത്രി ബാർസലോണയിലെ ജനറൽ ഡയറക്ഷൻ ഓഫ് ദി നാഷണൽ പൊലീസ് ഓഫ് സ്പെയിനിന് മുന്നിൽ ആയിരക്കണക്കിന് പേരാണ് മാർച്ച് നടത്തിയിരുന്നത്.

നിയമവിരുദ്ധമായി റഫറണ്ടം നടത്തിയ കാറ്റലോണിയൻ അധികൃതരുടെ നടപടിയെ അപലപിച്ച് സ്പെയിനിലെ രാജാവായ ഫെലിപ് ആറാമൻ പ്രസ്താവന ഇറക്കുകയും ചെയ്ത് അൽപം കഴിഞ്ഞായിരുന്നു ഈ മാർച്ച്. സ്വാതന്ത്ര്യത്തിനായി കാറ്റലോണിയ നടത്തിയ റഫറണ്ടം ദശാബ്ദങ്ങൾക്കിടെ സ്പെയിനിൽ കടുത്ത ഭരണഘടനാ പ്രതിസന്ധിയായിരുന്നു സൃഷ്ടിച്ചിരുന്നത്. റഫറണ്ടത്തെ സ്പാനിഷ് കോടതിൽ നിരോധിച്ചിരുന്നുവെങ്കിലും മില്യൺ കണക്കിന് കാറ്റലോണിയക്കാരായിരുന്നു റഫറണ്ടത്തിൽ വോട്ട് ചെയ്യാനെത്തിയിരുന്നത്.

ഈ ബാലറ്റ് നിയമവിരുദ്ധമാണെന്നായിരുന്നു കോടതികൾ ഉത്തരവിട്ടിരുന്നത്. ഇതിന് പുറമെ റഫറണ്ടം തടസപ്പെടുത്താൻ സ്പെയിൻ പൊലീസിനെയും കാറ്റലോണിയയിലേക്ക് അയച്ചിരുന്നു. വോട്ട് ചെയ്യാനെത്തിയവരെ പൊലീസിനെ വിട്ട് മർദിച്ചിട്ടും പോളിങ് ബൂത്തുകൾ താറുമാറാക്കാൻ ശ്രമിച്ചിട്ടും റഫറണ്ടം വിജയകരമായി നടക്കുകയും സ്വാതന്ത്ര്യത്തിന് അനുകൂലമായി ഭൂരിഭാഗം പേരും വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പോളിങ് ദിവസം പൊലീസ് റബർ ബുള്ളറ്റ് പ്രയോഗിച്ചതിനെ തുടർന്ന് 900 പേർക്കായിരുന്നു പരുക്കേറ്റിരുന്നത്. ഇതിന് പുറമെ വോട്ട് ചെയ്യാനെത്തിയവരെ പൊലീസ് ലാത്തി പ്രയോഗവും നടത്തിയിരുന്നു. ഇത്തരം തടസങ്ങളൊക്കെ ഉണ്ടാക്കിയിട്ടും ഈ ബാലറ്റിൽ 2.26 മില്യൺ പേർ വോട്ട് ചെയ്തിരുന്നു. കാറ്റലോണിയയിൽ മൊത്തത്തിലുള്ള 5.34 മില്യൺ വോട്ടർമാരിൽ 42.3 ശതമാനം വരുമിവർ.

സ്‌പെയിനിൽ നിന്നും വേർപെട്ട് കാറ്റലോണിയ വേറെ രാജ്യമാകാൻ നടത്തുന്ന ശ്രമവും സ്വാതന്ത്ര്യപ്രഖ്യാപനവും യൂണിയന് വലിയ വിനയായിട്ടാണ് മാറിയിരിക്കുന്നത്. ഇക്കാരണത്താലുള്ള കടുത്ത അനിശ്ചിതത്വം കാരണം യൂറോയുടെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഇതിന് പുറമെ വിപണിയിൽ കനത്ത താഴ്ചയുണ്ടായിട്ടുമുണ്ട്. യൂറോസോണിലും ഇത് കടുത്ത അനിശ്ചിതത്വമുണ്ടാക്കിയിരിക്കുന്നു. സ്പാനിഷ് ജനസംഖ്യയുടെ വെറും 16 ശതമാനം പേർ അഥവാ 7.5 മില്യൺ പേരാണ് കാറ്റലോണിയയിൽ വസിക്കുന്നത്. എന്നാൽ സ്‌പെയിനിന്റെ മൊത്തം ജിഡിപിയുടെ 20 ശതമാനത്തിനടുത്ത് ഈ പ്രദേശത്ത് നിന്നാണ് ഉൽപാദിപ്പിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇത്തരത്തിൽ സ്‌പെയിനിന്റെ സാമ്പത്തിക ശക്തി കേന്ദ്രമായ കാറ്റലോണിയ വേറിട്ട് പോകുന്നത് കടുത്ത ഭീഷണിയാണ് സ്‌പെയിനിനുണ്ടാക്കുക. ഇത് യൂറോപ്യൻ യൂണിയനും ഗുണകരമല്ല.