മെൽബൺ: -മെൽബണിലെ ഒരു കമ്പനിയിൽ നടത്തിയ ഓണാഘോഷം വ്യത്യസ്തതകൊണ്ട് അവിസ്മരണീയമായി മാറി. അറുപതു ശതമാനം മലയാളികൾ ജോലി ചെയ്യുന്ന ക്യാച്ച് ഓഫ് ദി ഡേ യിലാണീ വ്യത്യസ്തതയ്യാർന്ന ഓണാഘോഷം സംഘടിപ്പിച്ച് മലയാളികളും വിദേശികളും ചരിത്രത്തിൽ ഇടംനേടിയത്.

ഇന്ത്യയിൽ നിന്നും മലയാളികളെ കൂടാതെ ഗുജറാത്ത്, തമിഴ്‌നാട് സ്വദേശികളും ശ്രീലങ്ക, ജർമ്മനി, ഓസ്‌ട്രേലിയ, മലേഷ്യാ തുടങ്ങിയ പൗരന്മാരും ഒത്തൊരുമിച്ചാണ് ഓണത്തെ വരവേറ്റത്.വിദേശീയരായ ഉടമസ്ഥർ ഉൾപ്പടെ എല്ലാവരും കേരള വസ്ത്രം ഉടുത്ത് വരുകയും മലയാളികൾ ഉൾപ്പെടുന്ന തൊഴിലാളികൾക്ക് ചോറും കറിയും ഉപ്പേരിയും കാളനും അവിയലും സാമ്പാറും പായസവും ഒക്കെ ഒന്നൊന്നായി വിളമ്പുകയും ചെയ്തു.

കൂടാതെ ട്രൂഗനീന വെയർഹൗസിൽ നടന്ന ഓണസദ്യയുടെ മുഴുവൻ ചിലവും കമ്പനി തന്നെ വഹിച്ചു. ഓണ ദിവസം ആഘോഷങ്ങൾക്ക് ചിലവഴിച്ച സമയത്തിനു കമ്പനി ശംബളം നൽകി. ചടങ്ങുകൾക്ക് ഡയറക്ടർമാരായ ഗാബിയും ഹസി ലിയോബോ വി ച്ചും സൂപ്പർവൈസർമാരായ സോജി ആന്റണിയും ബിനോയി പോളും നേതൃത്വം നൽകി. കലാപരിപാടികളായ തിരുവാതിര, ഡാൻസ്, പാട്ട്, ഗാനമേള, കസേരകളി എന്നിവയുണ്ടായിരുന്നു.

മെൽബണിലെ മലയാളികളുടെ സ്വന്തം മാവേലി തമ്പി ചെമ്മനം മഹാബലിയായിരുന്നു. കേരളത്തിന്റെ കെട്ടുറപ്പും യോജിപ്പും കണ്ട കമ്പനിയുടമകൾ ഇസ്‌റായേലിൽ നിന്നും കുടിയേറി ഓസ്‌ട്രേലിയൻ പൗരന്മാരായ ഇവർ താമസിയാതെ കേരളം സന്ദർശിക്കുവാൻ ഒരുങ്ങുകയാണ്.