തിരുവനന്തപുരം: വസ്ത്രധാരണവും വിശ്വാസവും തമ്മിൽ പലപ്പോഴും ബന്ധപ്പെട്ടു കിടക്കുന്നതാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട്. ഇസ്ലാം മതത്തിലാണ് ഇത്തരത്തിൽ കർക്കശമായ നിർദ്ദേശമുള്ളത്. എന്നാൽ, അത് പലപ്പോവും വ്യക്തിസ്വാന്ത്ര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ചിലർ മതത്തെ അനുശാസിച്ച് വസ്ത്രം ധരിക്കുമ്പോൾ മറ്റു ചിലർ പരമ്പരാഗത വസ്ത്രങ്ങളിൽ നിന്നും വ്യതിചലിച്ചവരുമുണ്ട്. പർദ്ദ അടക്കമുള്ള വസ്ത്രങ്ങളാകട്ടെ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആകാറുമുണ്ട്. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് ക്രൈസ്തവ പെൺകുട്ടികളുടെ വസ്ത്രധാരണമാണ്. ഇതിന് ഇടയാക്കിയതാകട്ടെ ശാലോം ടിവിയിലൂടെ ഒരു വൈദികൻ നടത്തിയ പ്രസംഗവും.

പെൺകുട്ടികൾ ജീൻസും പാന്റ്‌സും ബനിയനും അടക്കമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനെ തുറന്നെതിർത്തു കൊണ്ടാണ് കത്തോലിക്കാ വികാരം പ്രസംഗിക്കുന്നു. ഒരു സമയത്ത് പ്രസംഗം പുരോഗമിക്കുമ്പോൾ കാര്യങ്ങൾ അൽപ്പം കടന്നുപോയോ എന്നും പലർക്കും തോന്നും. അതേപോലെയാണ് അച്ചന്റെ പ്ര്‌സംഗം. ജീൻസും പാന്റ്‌സും ഷർട്ടും ബനിയനുമൊക്കെ ആൺ കുട്ടികൾ മാത്രം ഇട്ടാൽ മതിയെന്നാണ് വികാരിയുടെ പക്ഷം. ആൺകുട്ടികളിടുന്ന ജീൻസും പാന്റ്‌സും ഷർട്ടും ബനിയനുമിടാൻ കത്തോലിക്കാ സഭ നിനക്കനുവാദം തരുന്നുണ്ടോ? എന്നു ചോദിച്ചാണ് അച്ചന്റെ പ്രസംഗം. സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായ അച്ചന്റെ പ്രസംഗം എന്തായാലും പുരോഗമന ആശയക്കാരെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്.

വിശ്വാസികളായ പെൺകുട്ടികൾ ജീൻസും ബനിയനും ടീ ഷർട്ടും മറ്റും ധരിക്കുന്നതിനെയാണ് ഈ വൈദികൻ തന്റെ പ്രസംഗത്തിൽ ഉടനീളം വിമർശിക്കുന്നത്. അച്ചന്റെ പ്രസംഗം ഇങ്ങനെയാണ്: ''ചില പള്ളികളിലൊക്കെ ധ്യാനിപ്പിക്കാൻ വേണ്ടി ചെല്ലുമ്പോൾ, ചില പെൺകുട്ടികൾ വന്ന് നിൽക്കുന്നത് കാണുമ്പോൾ കുർബാന കൊടുക്കാനും തോന്നാറില്ല. അതുങ്ങളെ പള്ളിയിൽ നിർത്താനും തോന്നാറില്ല. കാരണം മറ്റൊന്നുമല്ല, ഒന്നുകിൽ ഒരു ജീൻസ്, അല്ലെങ്കിൽ ഒരു പാന്റ്. ഷർട്ട്, ബനിയൻ...കയ്യിൽ ഒരു മൊബൈലും കാണും ഒരു ടവ്വലും കാണും. അതങ്ങനെ വീശിക്കൊണ്ടിരിക്കും. ആ തലമുടി എന്ന് കെട്ടി വെക്കുമോ അത് പോലും ഇല്ല.ന്തിനാ ആ സാധനം പള്ളിയിൽ വന്നേക്കുന്നത് എന്നെനിക്ക് അറിഞ്ഞുകൂടാ'' - വൈദികൻ പറയുന്നു.

ഇങ്ങനെ പ്രസംഗം പുരോഗമിക്കവേയാണ് അച്ചൻ പെൺകട്ടികളോട് ജീൻസും പാന്റ്‌സും ഷർട്ടും ബനിയനുമിടാൻ കത്തോലിക്കാ സഭ നിനക്കനുവാദം തരുന്നുണ്ടോ എന്ന് ചോദിക്കുന്നത്. ബൈബിളിൽ പറയുന്നുണ്ടോ എന്നും വൈദികൻ ചോദിക്കുന്നു. ഇങ്ങനെ വസ്ത്രം ധരിക്കുന്നവർ ദൈവത്തിന് നിന്ദ്യനാവുമെന്നാണ് അച്ചൻ പറഞ്ഞു വെക്കുന്നുത്. ഇത്തരത്തിൽ വസ്ത്രധാരണം ചെയ്യുന്ന പെൺകുട്ടികൾ ആൺകുട്ടികളെ പ്രലോഭിപ്പിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു വാദം. ചില ആൺകുട്ടികൾ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ദുഷ്‌പ്രേരണ ഉണ്ടാക്കുന്നവരെ കഴുത്തിൽ തിരികല്ല് കെട്ടി കടലിന്റെ ആഴത്തിൽ തള്ളണമെന്നാണ് ബൈബിൾ പറയുന്നതെന്നും അച്ചൻ പ്രസംഗത്തിൽ പറയുന്നു. ജീൻസ് മാത്രമല്ല, ചുരിദാറും ലെഗിൻസുമെല്ലാം മോശം വസ്ത്രങ്ങളാണെന്നാണ് വികാരിയുടെ പക്ഷം. വികാരിയെന്ന നിലയിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് വികാരിയുടെ വിമർശനങ്ങൾ. പെൺകു്ട്ടിയെ ആദ്യകുർബാനയ്ക്ക് കൊണ്ടുവരുമ്പോൾ കെട്ടിയൊരുക്കി മാതാപിതാക്കൾ കൊണ്ടുവന്ന കാര്യം കൂടി അദ്ദേഹം ഒർമ്മിക്കുന്നു.

 

"ആൺകുട്ടികളിടുന്ന ജീൻസും പാന്റ്സും ഷർട്ടും ബനിയനുമിടാൻ കത്തോലിക്കാ സഭ നിനക്കനുവാദം തരുന്നുണ്ടോ? ഉണ്ടോ?"തെക്കേയിന്ത്യയിലെ കത്തോലിക്കർ നാഗരിക വേഷം ധരിച്ച് പള്ളിയിൽ വരുന്ന സ്ത്രീകളെ എത്രയെളുപ്പമാണ് വിധിക്കുന്നത് എന്ന് മുംബൈയിലെ ഒരു കത്തോലിക്കാ ഇടവകയിൽ യൂത്ത് മിനിസ്റ്റ്രി നയിക്കുന്ന ഒരു മുംബൈക്കാരി സുഹൃത്ത് പണ്ടൊരിക്കൽ ഫേസ്‌ബുക്കിൽ എഴുതിയത് ഓർക്കുന്നു. ഔദ്യോഗിക ചാനലിലൂടെ സഭ തന്നെ ഇതിനൊക്കെ വളം വക്കുന്നു എന്നതാണ് ഖേദകരം. 'കഴുത്തിൽ തിരികല്ല് കെട്ടി കടലിന്റെ ആഴത്തിൽ തള്ളണമെന്നാണ്' ബൈബിൾ ക്വോട്ട് ചെയ്ത് അച്ചൻ കണ്ടെത്തുന്ന പരിഹാരം.

Posted by Joseph Thomas on Monday, March 21, 2016

എന്തായാലും പെൺകുട്ടികളെ വസ്ത്രത്തിന്റെ സദാചാരം പഠിപ്പിക്കുന്ന വൈദികനെ ശരിക്കും കളിയാക്കുയാണ് സോഷ്യൽ മീഡിയ ചെയ്യുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുമാണ് ക്രൈസ്തവ മതം ഇന്ത്യയിലെത്തിയതെന്നും സായിപ്പന്മാരായവരെല്ലാം ക്രൈസ്തവരുടെ ശത്രുക്കളാണോ എന്നുമാണ് അച്ചനോടുള്ള ചോദ്യം. കർത്താവിന്റെ വസ്ത്രധാരണം പോലും ചിലർ വിമർശനം മുറുകുമ്പോൾ പരാമർശിക്കുന്നുണ്ട്.