ആലപ്പുഴ: ആലപ്പുഴയിൽ പള്ളിവികാരി ആത്മഹത്യ ചെയ്തത് സാമ്പത്തിക ഇടപാടകുമായി ബന്ധപ്പെട്ടെന്ന് സൂചനകൾ. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇതിലാണ് ആത്മഹത്യയിലേക്ക് നയിച്ചത് സാമ്പത്തിക ഇടപാടുകളാണെന്ന സൂചനയുള്ളത്. പള്ളി വികാരിയെ പള്ളിയുടെ ഓഡിറ്റോറിയത്തിൽ ഇന്നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഫാ. സണ്ണി അറയ്ക്കലിനെയാണ് (65) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.പള്ളിയിൽ ഫാ. സണ്ണി അറയ്ക്കലിന്റെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വൈകിട്ട് പള്ളി കൈക്കാരുടെ യോഗത്തിനെത്തിയവർ വികാരിയെ കാണാതെ അന്വേഷിച്ചു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്.

മാരാരിക്കുളം ചെത്തി സ്വദേശിയായ ഫാ. സണ്ണി കഴിഞ്ഞ അഞ്ചുവർഷമായി കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള കാളാത്ത് പള്ളിയിൽ വികാരിയായിരുന്നു. സഭയുടെ തന്നെ ചേർത്തലയിലുള്ള മറ്റൊരു ഇടവകയിലേക്ക് ഫാദറിന് സ്ഥലംമാറ്റം ലഭിച്ചതായി അടുത്തിടെ അറിയിപ്പ് ലഭിച്ചിരുന്നു. ഈ സ്ഥലം മാറ്റവും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.

സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. പള്ളിവികാരി ആത്മഹത്യ ചെയ്ത സംഭവം ഇടവക അംഗങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്. ഇതിലേക്ക് നയിച്ച സംഭവങ്ങൾ വിശദമായി അന്വേഷിക്കണമെന്നാണ് ഇടവകക്കാരും ആവശ്യപ്പെടുന്നത്.