കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്. ഈ അവസരത്തിലാണ് ദൈവശാസ്ത്ര പണ്ഡിതൻ കൂടിയായ വൈദികൻ സംഭവത്തെ ക്രിസ്തുവിന്റെ നിലപാട് എന്ന ആശയവുമായി ബന്ധിപ്പിച്ച് ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്.

എംസിബിഎസ് സഭ സമൂഹത്തിലെ അംഗവും കാരുണികൻ എന്ന ദൈവശാസ്ത്ര മാസികയുടെ എഡിറ്ററും അറിയപ്പെടുന്ന ഗ്രന്ഥകാരനും ധ്യാനഗുരുവും സെമിനാരി വിദ്യാർത്ഥികളുടെ അദ്ധ്യാപകനുമായ ഫാ. ജേക്കബ് നാലുപാറയിലാണ് ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്.

കുറിപ്പിട്ട് നിമിഷങ്ങൾക്കകം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ നിരവധി കമന്റുകളാണ് എത്തിയത്. ബിഷപ്പിനെ എന്തു കൊണ്ട് സ്ഥാനത്ത് നിന്നും മാറ്റി നിർത്തണമെന്നതിനുള്ള വിശദീകരണാണ് നാലുപാറയിലിന്റെ പോസ്റ്റെന്നും അഭിപ്രായം ഉയർന്നിരിക്കുകയാണ്.


ഫാ. ജേക്കബ് നാലുപാറയിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

*ക്രിസ്തുവിന്റെ നിലപാട് എന്തായിരിക്കും?*

ഇതറിയാൻ നമുക്കൽപം ഭാവന ഉപയോഗിക്കണം. നമ്മുക്ക് ഈശോയുടെ കാലത്തേക്ക് പോകാം. അന്നത്തെ യെരുശലേം ദേവാലയത്തിലെ ഒരു പ്രധാന പുരോഹിതൻ ദേവാലയത്തിലെ ഭക്തസ്ത്രീകളിൽ ഒരുവളെ 13 പ്രാവശ്യം പീഡിപ്പിക്കുന്നു. ആ സ്ത്രീ പല പ്രാവശ്യം പരാതിയുമായി മറ്റു പ്രധാന പുരോഹിതന്മാരെയും സെൻഹെദ്രിൻ സംഘത്തെയും സമീപിക്കുന്നു. ഒരു ഫലവും ഉണ്ടാകുന്നില്ല. അവസാനം അവൾ ഈശോയുടെ അടുത്തു വരുന്നു. എന്തായിരിക്കും ഈശോയുടെ പ്രതികരണം?

നീ എന്ത്യേ ആദ്യത്തെ 12 പ്രാവശ്യം എന്നോട് പറഞ്ഞില്ല? തുടങ്ങിയ കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് ഈശോ അവളെ കൂടുതൽ ബുദ്ധിമുട്ടിക്കുമായിരുന്നോ? (സർവ്വ തെളിവുകളോടും കൂടെ വ്യഭിചാരത്തിൽ പിടിക്കപ്പെട്ടവളെ കൊണ്ടുവന്നിട്ടും, ഈശോ തിരിയുന്നത് മതനേതാക്കൾക്ക് എതിരെയാണെന്ന് ഓർത്തിരിക്കണം- യോഹന്നാൻ 8:1-11).

അതോ, കുറ്റാരോപിതനായിട്ടും ബലിയർപ്പണവുമായി പതിവ് ജീവിതം കൂസലില്ലാതെ തുടർന്ന പ്രധാന പുരോഹിതന്റെ നേരെ തിരിയുമായിരുന്നോ?

പരാതി കിട്ടിയിട്ടും നിശ്ശബ്ദരായിരുന്ന് പതിവ് പൗരോഹിത്യജീവിതം നിസ്സംഗതയോടെ തുടർന്ന മറ്റു പുരോഹിതരുടെയും സെൻഹെദ്രിൻ സംഘത്തിന്റേയും നേരെ തിരിയുമായിരുന്നോ?

ക്രിസ്തുവിന്റെ പ്രതികരണവും സഭാനേതൃത്വത്തിന്റെ ഇപ്പോഴത്തെ പ്രതികരണവും തമ്മിൽ അന്തരമുണ്ടെങ്കിൽ, അതായിരിക്കും ക്രിസ്തുവും നമ്മളും തമ്മിലുള്ള അകലം.