കോട്ടയം : യൂ എ ഇ, ഖത്തർ രാജ്യങ്ങളിലെ ഹ്രസ്വ സന്ദർശനം പൂർത്തിയാക്കി മലങ്കര ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബാസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ദേവലോകത്ത് മടങ്ങി എത്തി. കത്തോലിക്കാ ബാവയുടെ കീഴിൽ നടക്കുന്ന സാമൂഹിക ക്ഷേമ ജീവ കാരുണ്യ പദ്ധതികൾക്ക് വലിയ പിന്തുണയാണ് ഗൾഫ് നാടുകളിൽ നിന്ന് ലഭിച്ചത്. കൂടാതെ യൂ എ ഇ ഭരണകൂടം അദ്ദേഹത്തിനു ഗോൾഡൻ വിസയും സമ്മാനിച്ചു. ലഭിച്ച ആദവുകൾക്ക് നന്ദി പറഞ്ഞും ഓർമ്മകൾ അയവിറക്കിയും ഫെയ്‌സ് ബുക്കിലൂടെ കാതോലിക്കാ ബാവ പങ്ക് വച്ച കുറിപ്പ് ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം:

അറബ്നാടുകളിലെ ഹ്രസ്വസന്ദർശനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി. പ്രവാസികൾക്കിടയിലെ ദിവസങ്ങൾ അവിസ്മരണീയമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. കടലിനക്കരെയുള്ള കേരളമായിരുന്നു ഓരോ ഇടവും. നമ്മുടെ നാട്ടിലെ അതേ കാഴ്ചകൾ, വാക്കുകൾ,സ്നേഹപ്രകടനങ്ങൾ....ലോകത്തെവിടെയും മലയാളികൾ അവരുടെ ജന്മദേശത്തെ ഓർമിപ്പിക്കുന്നു.

1994-ൽ ആണ് ആദ്യമായി ഗൾഫ് നാടുകളിലെത്തിയത്. പിന്നീട് പലതവണ അവിടം സന്ദർശിച്ചു. നഗരങ്ങളുടെ ഛായ മാറിയതല്ലാതെ അവിടെ പാർക്കുന്ന മലയാളികളുടെ ആതിഥ്യമര്യാദയ്ക്കും സ്നേഹവായ്പിനുമൊന്നും ഒട്ടും മാറ്റമില്ല. എല്ലാം ആദ്യതവണത്തേതുപോലെ തന്നെ. ദുബായ് സെന്റ് തോമസ് കത്രീഡ്രൽ ഇടവകപെരുന്നാളായിരുന്നു ഇത്തവണത്തെ പ്രധാനപ്പെട്ട പരിപാടികളിലൊന്ന്. ദൂരദേശത്തുപോലും വിശ്വാസികളുടെ അനുഷ്ഠാനതീവ്രത എത്രത്തോളമുണ്ടെന്ന് കണ്ടറിഞ്ഞു. നാട്ടിൽ നിന്ന് അകന്നുനില്കുമ്പോൾ പോലും നാട്ടിൽ എങ്ങനെ പള്ളിപ്പെരുന്നാളുകൂടുന്നുവോ,അതേ ഉത്സാഹത്തോടെയും ആവേശത്തോടെയും ദുബായിലുള്ളവർ ഇടവകപ്പെരുന്നാൾ കർമങ്ങളിൽ പങ്കെടുത്തു. ഇടവക വികാരിയും സഹവികാരിയും ട്രസ്റ്റിമാരും സെക്രട്ടറിമാരും ഭരണസമിതി അംഗങ്ങളുമെല്ലാം ചേർന്ന് അത് ആഘോഷമാക്കി.

എല്ലാവരെയും അഭിനന്ദിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു. യു.എ.ഇ.ഭരണാധികാരികളെ സന്ദർശിക്കാനും ഇക്കുറി അവസരമുണ്ടായി. സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ആണ് സ്വീകരിച്ചത്. യു.എ.ഇ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാന്റെ വേർപാടിൽ മലങ്കരസഭയുടെ അനുശോചനം അറിയിച്ചു. യു.എ.ഇയുടെ മൂന്നാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ആശംസകൾ നേരുകയും ചെയ്തു. യു.എ.ഇയിലെ മലങ്കരസഭയുടെ ദേവാലയങ്ങൾക്ക് ഭരണകൂടം ചെയ്തുതരുന്ന സഹായങ്ങൾക്ക് നന്ദി അറിയിക്കാനും സാധിച്ചു. യു.എ.എ ഭരണകൂടത്തിൽ നിന്ന് ഗോൾഡൻ വിസ സ്വീകരിക്കാനായതാണ് മറ്റൊരു ഹൃദ്യമായ അനുഭവം. അത് മലങ്കരസഭയ്ക്ക് ലഭിച്ച യു.എ.ഇയുടെ അംഗീകാരമായി കാണുന്നു.

ദുബായിൽ ഒരുപാട് മലയാളിസമൂഹങ്ങളുടെ അതിഥിയായി. അവിടെ കണ്ടുമുട്ടിയ എല്ലാ മലങ്കരസഭാ അംഗങ്ങളെയും മലയാളി സുഹൃത്തുക്കളെയും ഈ അവസരത്തിൽ മനസാസ്മരിക്കുന്നു. ദുബായിൽ എല്ലാവിധ സഹായങ്ങളുമൊരുക്കിയ സഭാമാനേജിങ് കമ്മറ്റി അംഗവും നാഷണൽ കാർഗോയുടെ പ്രധാനചുമതലക്കാരിലൊരാളുമായ പ്രിയങ്കരനായ ജോജോയെ പ്രത്യേകം ഓർമിക്കുന്നു. എല്ലാം ഭംഗിയായതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. ഖത്തർ സന്ദർശനവേളയിൽ ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച്,എത്യോപ്യൻ ഓർത്തഡോക്സ് ചർച്ച്,എറിത്രിയൻ ഓർത്തഡോക്സ് ചർച്ച് എന്നിവയുടെയും മറ്റ് ക്രൈസ്തവസമൂഹങ്ങളുടെയും ആതിഥിയാകാൻ അവസരമുണ്ടായി. കുളിർമയുള്ള അനുവഭമായിരുന്നു അവയെല്ലാം.

ദോഹയിലെ പള്ളിവികാരി,സഹവികാരി,ട്രസ്റ്റിമാർ,സെക്രട്ടറിമാർ,മാനേജിങ് കമ്മറ്റി അംഗങ്ങൾ എന്നിവർക്കും നന്ദി. നിങ്ങൾ നല്കിയ സ്വീകരണവും ഹൃദയത്തിൽ സൂക്ഷിക്കുന്നു. ദുബായിലുള്ളവരെപ്പോലെ ദോഹയിലുള്ളവരും സഹോദരൻ പദ്ധതിയിലേക്ക് സംഭാവനനല്കി. നിങ്ങളുടെ ഓരോ സമർപ്പണവും തീർച്ചയായും ദൈവത്തിങ്കൽ ഉള്ള അർപ്പണമാണ്. അന്യനുവേണ്ടി സഹായം നൽകുന്നതാണ് ദൈവത്തിന് ഏറ്റവും പ്രിയങ്കരമായ കാര്യം. അതാണ് അവിടുന്നിന് പ്രിയപ്പെട്ട പ്രാർത്ഥനയും. നിങ്ങളുടെയെല്ലാം സഹായങ്ങൾ അർഹിക്കുന്നവരിലേക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

മരുഭൂമിയിൽ വിയർപ്പൊഴുക്കിയുണ്ടാക്കുന്ന സമ്പാദ്യത്തിൽനിന്ന് നിങ്ങൾ മിച്ചംവയ്ക്കുന്ന പങ്ക് തീർച്ചായായും അനേകർക്ക് ആശ്വാസമാകും. നിങ്ങളുടേത് വിലമതിക്കാനാകാത്ത വിഹിതമാണ്. അന്യനാടുകളിൽ അപ്പവും അഭയവും തേടുന്ന നമ്മുടെ പ്രിയസഹോദരന്മാരെ നമ്മളും പ്രാർത്ഥനയിൽ ഓർമിക്കേണ്ടതാണ്. അവരുടെ ഓരോ വിയർപ്പുതുള്ളിയിൽ നിന്നും നമ്മുടെ കേരളം കൂടി വളരുന്നുണ്ട്. അവരെ സ്വന്തം ജനതയെപ്പോലെ കണ്ട് നെഞ്ചോട് ചേർക്കുന്ന അറബ് ഭരണകൂടത്തിന് സഭയുടെ പേരിൽ നന്ദിയറിയിക്കുന്നു. പ്രിയ പ്രവാസിസോദരന്മാർക്ക് ദൈവം എപ്പോഴും കൂട്ടായിരിക്കട്ടെ..