മെൽബൺ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്കാബാവ മെൽബണിലെ സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയുടെ ക്ലേറ്റനിൽ പുതിയതായി പണികഴിപ്പിച്ച സെന്റ് ഗ്രിഗോറിയോസ് ചാപ്പലിന്റെ കൂദാശാ കർമ്മങ്ങൾക്കായി മെൽബൺ സന്ദർശിക്കുന്നു.   

കേരളത്തിൽ നിന്ന് പുറപ്പെട്ട് ന്യൂസിലാൻഡ് വഴിയാണ് കാതോലിക്കാബാവ ഓസ്‌ട്രേലിയായിൽ എത്തുന്നത്. നവംബർ 19 ന് മെൽബൺ ഇന്റർ നാഷണൽ എയർപോർട്ടിൽ എത്തുന്ന കാതോലിക്കാബാവയ്ക്ക് വൈദികരും വിശ്വാസികളും ചേർന്നു വരവേൽപ്പ് നൽകും. അന്നു വൈകിട്ട് 6 മണിക്ക് പാർക്ക് ഹയിറ്റ് ഹോട്ടലിൽ രാഷ്ട്രീയ സാമൂഹിക സഭാരംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന സ്വീകരണത്തോടെ കാതോലിക്കാബാവയുടെ
മെൽബണിലെ പരിപാടികൾ ആരംഭിക്കും. കാതോലിക്കാബാവയുടെ ആദ്യ ഓസ്‌ട്രേലിയൻ സന്ദർശനം ആണെന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്.

നവംബർ 20 ന് വൈകിട്ട് തുടങ്ങുന്ന ചാപ്പൽ കൂദാശാ കർമ്മങ്ങൾ പിറ്റേദിവസം മൂന്നിന്മേൽ കുർബ്ബാനയോടുകൂടി സമാപിക്കും. 12 മണിക്ക് ഇതര സാമൂഹിക രാഷ്ട്രീയ മതനേതാക്കൾ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലും കാതോലിക്കബാവ മുഖ്യാതിഥിയായിരിക്കും. നവംബർ 22 ഞായറാഴ്ച മെൽബൺ സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ കാതോലിക്കാബാവ വിശുദ്ധ കുർബ്ബാന അർപ്പിക്കും. ഓസ്‌ട്രേലിയൻ സന്ദർശനത്തിന്റെ ഭാഗമായി കാതോലിക്കാബാവ സിഡ്‌നി, കാൻബറ, ബ്രിസ്ബയിൻ എന്നിവിടങ്ങളിലുള്ള ഇടവക പള്ളികൾ സന്ദർശിക്കുകയും വിവിധ രാഷ്ട്രീയ സാമൂഹിക സഭാനേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

മലങ്കര ഓർത്തഡോക്‌സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ്, സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാർ സേവേറിയോസ്, കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനീയോസ് തുടങ്ങിയ മെത്രാപ്പൊലീത്തമാർ കാതോലിക്കാബാവയോടൊപ്പം പരിപാടികളിൽ പങ്കെടുക്കും.

വികാരി ഫാ. ഷിനു കെ തോമസ്, അസിസ്റ്റന്റ് വികാരി ഫാ. ഫ്രെഡിനാൻഡ് പത്രോസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പരിപാടികളുടെ ക്രമീകരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.