തിരുവനന്തപുരം: വിദേശ ജോലി ഭ്രമം ഉപേക്ഷിച്ചു സീറോ മലബാർ കത്തോലിക്കർ കേരളത്തിൽ തന്നെ കഴിയണമെന്ന പ്രബോധനത്തെ ട്രോൾ ചെയ്തു വിശ്വാസികൾ. യുവാക്കൾ ഇവിടെ ജോലി കണ്ടെത്താനും സംരംഭകരാകാനും ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട സഭ അധികൃതർക്കെതിരെ കടുത്ത വിമർശനമാണു വിശ്വാസികൾ ട്രോളിലൂടെ ഉയർത്തുന്നത്.

സിറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലിയിലെ ചർച്ചകളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുറപ്പെടുവിച്ച 'ഒന്നായി മുന്നോട്ട്' എന്ന അജപാലന പ്രബോധനത്തിലാണ് സഭാസമൂഹം ലളിത ജീവിതം നയിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇതിനെയാണു കടുത്ത ഭാഷയിൽ വിശ്വാസികൾ വിമർശിച്ചിരിക്കുന്നത്.

കോടികൾ മുടക്കി പള്ളി പണിയുന്നതും കത്തോലിക്ക സ്ഥാപനങ്ങളിലെ തൊഴിൽ ചൂഷണവും ചൂണ്ടിക്കാട്ടിയാണു സോഷ്യൽ മീഡിയ ഇതിനെ വിമർശിക്കുന്നത്. ഒരു വിശ്വാസിയുടെ കമന്റ് ഇങ്ങനെയാണ്: 'ഇല്ലച്ചോ, ഒട്ടും ഭ്രമം ഇല്ല. എം കോമിനു ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്നു. ബി എഡിന് ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്നു. സെറ്റ്, നെറ്റ് എന്നീ യോഗ്യത പരീക്ഷകൾ പാസായിട്ടുണ്ട്. സഭയുടെ എയ്ഡഡ് കോളേജിൽ നാലു വർഷം പഠിപ്പിച്ചിട്ടുണ്ട്. എന്നിട്ടു +2വിലേക്ക് ഒരു അപ്പോയിന്മെന്റിന് ഒരു നൂറു തവണ കെഞ്ചാതെ കെഞ്ചി ചോദിച്ചപ്പോൾ മൂന്നു മുതൽ അഞ്ചു ലക്ഷം വരെ ചോദിച്ചില്ലായിരുന്നേൽ ഈ കുഞ്ഞാട് നാട്ടിൽ തന്നെ കണ്ടേനെ'. ഇങ്ങനെ പോകുന്നു ഓരോ വിമർശനങ്ങൾ.

വ്യക്തിജീവിതത്തിലെ കാര്യങ്ങളിൽ അത്യാവശ്യം, ആവശ്യം, സൗകര്യം, ആഡംബരം എന്നിങ്ങനെ വിവേചിച്ചറിഞ്ഞ് ആഡംബരം വർജിക്കണമെന്നൊക്കെയാണു പ്രബോധനത്തിൽ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നത്. ഓരോരുത്തരും ന്യായമായ സുഖസൗകര്യങ്ങൾ നിവർത്തിച്ചശേഷം ബാക്കിയുള്ളവ ആവശ്യക്കാർക്കും ദരിദ്രർക്കും നൽകാൻ കടപ്പെട്ടിരിക്കുന്നു. മാമോദീസ, വിവാഹം, ജൂബിലികൾ, ഓർമയാചരണങ്ങൾ എന്നിവയിലെല്ലാം സമഭാവനയോടെ ദരിദ്രരുടെ പങ്കാളിത്തം ഉറപ്പാക്കാൻ സാധിക്കണം. സഭാതലവന്മാർ ലാളിത്യം പ്രാവർത്തികമാക്കേണ്ടതു പ്രധാനമായും നിർമ്മാണ പ്രവർത്തനങ്ങളുടെയും തിരുനാൾ ആഘോഷങ്ങളുടെയും മേഖലകളിലാണ്. ഇവയിലാണു ധൂർത്തും ആഡംബരവും കൂടുതൽ. ഈ രംഗത്ത് ഇടവക സമൂഹങ്ങൾ മിതത്വം പാലിക്കണം.

പുതിയൊരു പള്ളി ആവശ്യമാണോ, അതിന്റെ ആകാരവും വലുപ്പവും എപ്രകാരമായിരിക്കണം എന്നൊക്കെ ചിന്തിച്ചു തീരുമാനമെടുക്കണം. ഇടവകാംഗങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസൃതമായിരിക്കണം നിർമ്മാണ പ്രവർത്തനങ്ങൾ. വലിയ ഭാരമാകുന്ന രീതിയിൽ സങ്കീർണമായ ബാഹ്യാകാരങ്ങളോടെ നിർമ്മിക്കുന്ന പള്ളികളും അനുബന്ധ സൗകര്യങ്ങളും കാലഘട്ടത്തിന് ആവശ്യമാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. തിരുനാളുകൾ പോലെയാണ് ഇടവകകളിൽ നടക്കുന്ന ജൂബിലി ആഘോഷങ്ങൾ. ആഘോഷത്തിമർപ്പ് പതിവായിട്ടുണ്ട്. ചിലേടങ്ങളിൽ പരോപകാര പ്രവൃത്തികളുടെ അവസരമായി ജൂബിലികൾ മാറിത്തുടങ്ങിയെന്നത് ആശാവഹമാണ് എന്നിങ്ങനെ പോകുന്നു സഭാപ്രബോധനം.

എന്നാൽ, ഇക്കാര്യങ്ങളിലൊക്കെ സഭ തന്നെ മാതൃക കാട്ടണമെന്ന ആവശ്യമാണു സൈബ ർ ലോകം ഉയർത്തുന്നത്. അച്ചന്റെ ആരും വിദേശത്തില്ലേ എന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു. ഇപ്പോൾ മൂന്നും നാലുമൊന്നുമല്ല, 20 ലക്ഷമൊക്കെയാണു സഭാസ്ഥാപനങ്ങളിൽ ജോലി കിട്ടാൻ ചോദിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്.