ബംഗളൂരു: സുപ്രീം കോടതിയെയും വെല്ലുവിളിച്ചു കർണാടകം രംഗത്ത്. തമിഴ്‌നാടിനു വെള്ളം കൊടുക്കാനുള്ള കോടതി നിർദ്ദേശം അവഗണിച്ചു കർണാടകം പ്രമേയം പാസാക്കി.

തമിഴ്‌നാടിന് കാവേരി വെള്ളം നൽകേണ്ടെന്നും കർണാടകയുടെ കുടിവെള്ളാവശ്യത്തിനായി മാത്രം വെള്ളം ഉപയോഗിക്കാനുമാണു കർണാടക നിയമസഭയുടെ പ്രത്യേക യോഗം പ്രമേയം പാസാക്കിയത്. ആറായിരം ക്യുസെക് വെള്ളം തമിഴ്‌നാടിനു വിട്ടുകൊടുക്കണമെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി കർണാടകയോട് ഉത്തരവിട്ടിരുന്നു.

ലജിസ്‌ളേറ്റീവ് കൗൺസിലിൽനിന്നുള്ള കോൺഗ്രസ് അംഗം എ രവിയാണ് ഈ പ്രമേയം അവതരിപ്പിച്ചത്. ചർച്ചകൾക്കു ശേഷം രണ്ടു മണിയോടെ പ്രമേയം പാസാക്കുകയായിരുന്നു. അസംബ്‌ളിയിൽനിന്നു ജഗദീഷ് ഷെട്ടാർ ഇംഗ്‌ളീഷിൽ പ്രമേയം അവതരിപ്പിച്ചു. കന്നഡയിൽ ജെഡിഎസിലെ വൈഎസ്വി ദത്തയാണു പ്രമേയം അവതരിപ്പിച്ചത്.

സംയുക്ത നിയമസഭാ യോഗത്തിനു മുന്നോടിയായി ജെഡിഎസും ബിജെപിയും പ്രത്യേക നിയമസഭാ കക്ഷിയോഗം ചേർന്നിരുന്നു. കർണാടകയുടെ നടപടി കോടതിയലക്ഷ്യമാകുമെന്നാണു നിയമവിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ഈ നടപടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള രാഷ്ട്രീയ നീക്കം മാത്രമാണെന്നും അഭിപ്രായം ഉയരുന്നുണ്ട്.