കൊച്ചി: കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തിനൊന്നാകെ ആക്ഷേപവും അപമാനവുമായി മാറിയിരിക്കുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് പിരിച്ചുവിടാൻ സർക്കാർ തയ്യാറാകണമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

മതനിരപേക്ഷതയെക്കുറിച്ച് നിരന്തരം പ്രസംഗിക്കുന്നവർ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴിൽ നടക്കുന്ന അഴിമതിയും അനീതിയും കാണാതെ പോകുന്നത് ദുഃഖകരമാണ്. സ്വജനപക്ഷപാതത്തിന്റെയും കെടുകാര്യസ്ഥതയുടെയും മതമൗലികവാദപ്രവർത്തനങ്ങളുടെയും കള്ളക്കടത്തിന്റെയും ഇടത്താവളമായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് അധഃപതിച്ചിരിക്കുന്നു. ക്രിസ്ത്യൻ, മുസ്ലിം, സിക്ക്, പാഴ്സി, ബുദ്ധർ, ജൈനർ എന്നീ ആറു വിഭാഗങ്ങളാണ് നിയമപരമായി ഇന്ത്യയിലെ ന്യൂപക്ഷവിഭാഗങ്ങൾ. ഈ ആറു വിഭാഗങ്ങൾക്കുംവേണ്ടിയാണ് കേന്ദ്രസർക്കാർ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. എന്നാൽ ബജറ്റിലൂടെ കേന്ദ്രസർക്കാർ പൊതുഖജനാവിൽനിന്ന് അനുവദിക്കുന്ന പദ്ധതിതുകയും സംസ്ഥാനസർക്കാർ പദ്ധതികളും ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം അധികാരത്തിന്റെ പിൻബലത്തിൽ തട്ടിയെടുക്കുമ്പോൾ രാഷ്ട്രീയ ഭരണനേതൃത്വങ്ങൾ നിസംഗത പാലിക്കുന്നത് ക്രൈസ്തവരുൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങളെ അപമാനിക്കുന്നതും അവഗണിക്കുന്നതുമാണ്.

ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ക്രൈസ്തവരുൾപ്പെടെ അഞ്ചുവിഭാഗങ്ങളെ മാറ്റിനിർത്തി ഒരു വിഭാഗം ഒന്നാകെ കയ്യടക്കുന്നത് എതിർക്കപ്പെടണം. ചില പദ്ധതികളിൽ മാത്രം 80 ശതമാനം മുസ്ലിം 20 ശതമാനം ക്രിസ്ത്യൻ എന്ന അനുപാതവും അടിസ്ഥാനമില്ലാത്തതാണ്. ഈ അനുപാതത്തിന് പിന്നിൽ യാതൊരു പഠനവുമില്ലെന്ന് സർക്കാർ രേഖതന്നെ തെളിവായുള്ളപ്പോൾ തിരുത്തലുകൾക്ക് തയ്യാറാകാതെയുള്ള ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ധാർഷ്ഠ്യം അതിരുകടക്കുന്നു.

സച്ചാർ കമ്മറ്റിയുടെയും പാലൊളി കമ്മറ്റിയുടെയും നിർദ്ദേശങ്ങളുടെ മറവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഖജനാവിൽ നിന്ന് എല്ലാ ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തിനായി അനുവദിക്കുന്ന നികുതിപ്പണം മദ്രസകൾക്കും മതപ്രചരണത്തിനും മതപഠനത്തിനുമായി ചെലവഴിക്കുന്നത് നീതികേടാണ്. ക്ഷേമം മുഴുവൻ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനും ആക്ഷേപം മുഴുവൻ ക്രിസ്ത്യാനിക്കുമെന്ന കാട്ടുനീതി ഇനിയും അംഗീകരിച്ചുകൊടുക്കാനാവില്ല.

സർക്കാർ ചെലവിൽ മതപഠനശാലകൾ നടത്തുന്നതും മതാധ്യാപകർക്ക് സർക്കാർ വക ശമ്പളവും പെൻഷനും ക്ഷേമനിധിയും എർപ്പെടുത്തുന്നതും മതേതരത്വരാജ്യത്തിന് ചേർന്നതാണോയെന്ന് പൊതുസമൂഹം വിലയിരുത്തണം. സർക്കാർ സംവിധാനങ്ങളുപയോഗിച്ചുള്ള മതപ്രചരണം ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയുടെ ലംഘനവും ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥിതിയെ കളങ്കപ്പെടുത്തുന്നതും പതിറ്റാണ്ടുകളായി ഭാരതസമൂഹം ഉയർത്തിപ്പിടിക്കുന്ന മതേതരത്വമുഖത്തെ വികൃതമാക്കുന്നതുമാണ്. കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനത്തെ ആറു ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവിധ ക്ഷേമപദ്ധതികൾക്കായി ലഭ്യമായ ഫണ്ടുകളുടെ വിനിയോഗം അന്വേഷണവിധേയ മാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ലെയ്റ്റി കൗൺസിൽ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് വി സി.സെബാസ്റ്റ്യൻ പറഞ്ഞു.