കൊച്ചി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആഗോള ഭീകരപ്രസ്ഥാനങ്ങളുടെ സാന്നിധ്യം ആശങ്കയും ഭീതിയും ഉയർത്തുന്നുവെന്നും ജനങ്ങളുടെ ജീവനും ജീവിതത്തിനും സംരക്ഷണമേകുവാൻ ഭരണസംവിധാനങ്ങൾ ഉണരണമെന്നും സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

കേരളമടക്കം ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ കണക്കുകൾ ഉദ്ധരിച്ച് വെളിപ്പെടുത്തിയിരിക്കുന്നത് ജനങ്ങൾക്കുള്ള മുന്നറിയിപ്പാണ്.

ഭരണനേതൃത്വങ്ങളുടെ കെടുകാര്യസ്ഥതയും ഭരണപരാജയവുമാണ് ഭീകരപ്രസ്ഥാനങ്ങൾക്ക് ഇടത്താവളങ്ങൾ സൃഷ്ടിക്കുവാൻ അവസരമൊരുക്കിയിരിക്കുന്നത്. വടക്ക് കാശ്മീരിനുശേഷം തെക്ക് കേരളമെന്ന 'കെകെ ഓപ്പറേഷൻ' വളരെ വിദഗ്ദ്ധമായി നടപ്പിലാക്കുന്നതിൽ ഭീകരപ്രസ്ഥാനങ്ങൾ വിജയിച്ചിരിക്കുന്നു. മാറിമാറി കേരളം ഭരിച്ചവരെയും ഭരിക്കുന്നവരെയും മാത്രമല്ല രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമടങ്ങുന്ന ഉന്നതരെയും വരുതിയിൽ നിർത്തുവാൻ ഭീകരപ്രസ്ഥാനങ്ങൾ കേരളത്തിൽ വിജയിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് കേന്ദ്രസർക്കാരിന്റെ പുത്തൻ കണക്കുകളും വിവരണങ്ങളും.

കേരളവും കർണ്ണാടകവും ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഭീകരവാദികളുടെ സ്വാധീനകേന്ദ്രങ്ങളുണ്ടെന്ന് ജൂലൈയിൽ ചൂണ്ടിക്കാട്ടിയ യുഎൻ റിപ്പോർട്ട് നിസ്സാരവൽക്കരിച്ച സംസ്ഥാന സർക്കാർ ഇനിയും നടപടികളിലേയ്ക്ക് കടന്നില്ലെങ്കിൽ കേരളത്തിൽ കാശ്മീർ ആവർത്തിക്കുവാൻ സാധ്യതയേറെയാണ്.

സാക്ഷരകേരളം ഭീകരതയുടെ തീരമായി മാറുമ്പോൾ കള്ളനോട്ടും, കള്ളക്കടത്തും തീവ്രവാദവും, അധോലോക മാഫിയസംഘങ്ങളും ഭരണരംഗം മുതൽ അടിസ്ഥാനതലങ്ങൾ വരെ സ്വാധീനമുറപ്പിക്കും. വിദ്യാഭ്യാസ ആരോഗ്യ സേവന മേഖലകളിൽ കടന്നാക്രമണം നടത്തും. സാമൂഹ്യ മാധ്യമങ്ങളിലൂടെ മസ്തിഷ്‌കപ്രക്ഷാളനം നടത്തി ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതിലും രാജ്യത്തെ വിവിധങ്ങളായ സാമൂഹ്യ സാമ്പത്തിക സംവിധാനങ്ങളെ അട്ടിമറിക്കുന്നതിലും ഇക്കൂട്ടർ വിജയിച്ചിരിക്കുന്നുവെന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ആഗോളഭീകരതയിൽ ലോകത്തെ മുൾമുനയിൽ നിർത്തുന്നവർ കേരള ജനതയെ തെരുവിലിറക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് രാജ്യദ്രോഹമാണ്. ഭീകരപ്രസ്ഥാനങ്ങളെ വോട്ടുബാങ്കുകളായിക്കണ്ട് അധികാരത്തിലേറുവാനും അധികാരത്തിലിരിക്കുവാനുംവേണ്ടി നിരന്തരമുപയോഗിക്കുന്ന രാഷ്ട്രീയ ഭരണനേതൃത്വങ്ങളുടെ അജണ്ടകളും നിലപാടും മനോഭാവവും ജനാധിപത്യഭരണത്തിന് അപമാനവുമാണ്.

ചിലരെ കരുവാക്കി ഭീകരപ്രസ്ഥാനങ്ങളുടെ ഇടനിലക്കാർ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കുള്ളിലേയ്ക്കും നുഴഞ്ഞുകയറുന്നത് പൊതുസമൂഹം തിരിച്ചറിയണം. നിയമനിർമ്മാണങ്ങളിലൂടെയും ഉത്തരവുകളിലൂടെയും ഇക്കൂട്ടർക്ക് ഒത്താശചെയ്തുകൊടുക്കുകയാണ് സർക്കാർ സംവിധാനങ്ങൾ പലപ്പോഴും ചെയ്യുന്നത്. ഭീകരവാദത്തിനെതിരെ പ്രഖ്യാപനങ്ങൾ നടത്തുന്നവർ അധികാരത്തിനും സാമ്പത്തിക നേട്ടത്തിനുമായി പിന്നാമ്പുറങ്ങളിൽ ഭീകരപ്രസ്ഥാനങ്ങളുമായി രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കുന്നതും വൻ പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് വി സി.സെബാസ്റ്റ്യൻ പറഞ്ഞു.