ന്യൂഡൽഹി: ഐക്യരാഷ്ട്രസഭ അന്തർദേശീയ ന്യൂനപക്ഷ അവകാശദിനമായി പ്രഖ്യാപിച്ചിരിക്കുന്ന ഡിസംബർ 18ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽവെച്ച് ന്യൂനപക്ഷ അവകാശാചരണ പരിപാടികൾ സംഘടിപ്പിക്കുന്നു. സിബിസിഐയുടെ ഇന്ത്യയിലെ 14 റീജിയണൽ കൗൺസിലുകളുടെയും വിവിധ അല്മായ സംഘടനകളുടെയും നേതൃത്വത്തിലാണ് ന്യൂനപക്ഷ അവകാശദിനം ആചരിക്കുന്നതെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

1992 ഡിസംബർ 18നാണ് ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും ദിനാചരണത്തെക്കുറിച്ചുമുള്ള ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ആഗോളതലത്തിൽ വിവിധ ന്യൂനപക്ഷജനവിഭാഗങ്ങളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുള്ള സെമിനാറുകളും ബോധവൽക്കരണ ക്ലാസുകളുമാണ് അന്നേദിവസം സംഘടിപ്പിക്കുന്നത്.

ഇന്ത്യയിൽ ക്രൈസ്തവ ന്യൂനപക്ഷ സമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഡിസംബർ 18ന് ലെയ്റ്റി കൗൺസിൽ നിവേദനം നൽകുന്നതാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനത്തിനെതിരെ ഇന്ത്യയിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ സംയുക്തമായ നീക്കത്തിന് ഡിസംബർ 18ന് തുടക്കം കുറിക്കും. രാജ്യത്തെ ന്യൂനപക്ഷ പദവിയുള്ള എല്ലാ ക്രൈസ്തവ സ്ഥാപനങ്ങളും ന്യൂനപക്ഷ അവകാശദിനാചരണത്തിൽ പങ്കുചേരണമെന്നും ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും അവ നേടിയെടുക്കുന്നതിലെ പ്രതിസന്ധികളെക്കുറിച്ചും സെമിനാറുകളും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കണമെന്നും വി,സി.സെബാസ്റ്റൻ അഭ്യർത്ഥിച്ചു.