- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂനപക്ഷ ക്ഷേമവകുപ്പും കമ്മീഷനും തുടരുന്ന ക്രൈസ്തവ അവഹേളനം അവസാനിപ്പിക്കണം: സിബിസിഐ ലെയ്റ്റി കൗൺസിൽ
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പും ന്യൂനപക്ഷ കമ്മീഷനും തുടരുന്ന ക്രൈസ്തവ അവഹേളനം അവസാനിപ്പിക്കണമെന്നും മുസ്ലിം പ്രീണനം ഒഴിവാക്കി ക്രൈസ്തവർക്ക് തുല്യനീതി നടപ്പിലാക്കണമെന്നും സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
ന്യൂനപക്ഷക്ഷേമ പദ്ധതികളിൽ 80:20 അനുപാതം യാതൊരു പഠനവുമില്ലാത്തതാണെന്ന് സർക്കാർതന്നെ വ്യക്തമാക്കിയിട്ടും ഈ അനുപാതം ന്യൂനപക്ഷക്ഷേമവകുപ്പ് തുടരുന്നതിൽ നീതീകരണമില്ല. ന്യൂനപക്ഷക്ഷേമവകുപ്പ് മന്ത്രിയും, കമ്മീഷൻ ചെയർമാനും, അംഗങ്ങളും ഉദ്യോഗസ്ഥരും മുസ്ലിംസമുദായത്തിൽ നിന്നു മാത്രമായിരിക്കുന്നത് ക്രൈസ്തവ ന്യൂനപക്ഷത്തെ അവഹേളിക്കുന്നതാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരും ഈ ദ്രോഹനയം തന്നെയാണ് സ്വീകരിച്ചത്. ഇരുമുന്നണികളും തുടരുന്ന ക്രൈസ്തവവിരുദ്ധ സമീപനത്തിന് മാറ്റമുണ്ടാകാതെ രാഷ്ട്രീയ നേതൃത്വങ്ങൾ ക്രൈസ്തവ സഭാനേതൃസമ്മേളനം വിളിച്ചതുകൊണ്ടോ അരമനകൾ കയറിയിറങ്ങിയതുകൊണ്ടോ യാതൊരു നേട്ടവുമുണ്ടാകില്ല.
കേന്ദ്രസർക്കാർ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിലൂടെ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതിയും കേരളത്തിൽ മുസ്ലിം ക്ഷേമപദ്ധതിയായി അട്ടിമറിച്ചിരിക്കുന്നു ക്രൈസ്തവരെ പുറന്തള്ളിയുള്ള ഈ പദ്ധതി നടത്തിപ്പു സമിതിയും അടിയന്തരമായി സർക്കാർ പുനഃസംഘടിപ്പിക്കണം.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ 2019 ജൂൺ മുതൽ നവംബർ വരെ വിവിധ ജില്ലകളിൽ നടത്തിയ ക്രൈസ്തവ ന്യൂനപക്ഷ പഠനങ്ങളുടെ റിപ്പോർട്ട് പുറത്തിറക്കാത്തതിൽ ദുരൂഹതയുണ്ട്. ഒരു വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിക്കാതെ ന്യൂനപക്ഷ കമ്മീഷൻ ഒളിച്ചുകളിക്കുന്നത് അവസാനിപ്പിക്കണം. ന്യൂനപക്ഷ കമ്മീഷൻ ആക്ടിന്റെ 9 (എ) പ്രകാരം ന്യൂനപക്ഷങ്ങളെ വിവേചനങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ടവർതന്നെ ഒരു മതവിഭാഗത്തിന്റെ മാത്രം കമ്മീഷനായി അധഃപതിച്ചിരിക്കുന്നത് ദുഃഖകരമാണ്. ന്യൂനപക്ഷ കമ്മീഷൻ ആക്ടിൽ ഈ സർക്കാർ നടത്തിയ അംഗങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ചുള്ള ഭേദഗതി എല്ലാ അംഗങ്ങളും ഒരു സമുദായത്തിനു മാത്രമായി തീറെഴുതി കൊടുക്കുന്നതാണ്. തിരുത്തലുകൾക്ക് സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ തിരിച്ചടികൾ നേരിടേണ്ടിവരുമെന്നും പ്രീണനരാഷ്ട്രീയം അവസാനിപ്പിച്ച് തുല്യനീതി നടപ്പിലാക്കാൻ സർക്കാരും, ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രീയ മുന്നണികളും തയ്യാറാകണമെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.