- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൈസ്തവ സഭയുടെ നിലപാടുകൾ തെരഞ്ഞെടുപ്പിൽ വളരെ നിർണ്ണായകമാകും: ഷെവലിയർ വി സി. സെബാസ്റ്റ്യൻ
കൊച്ചി: വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളുടെ കൂട്ടായ നിലപാടുകൾ ആസന്നമായ പൊതുതെരഞ്ഞെടുപ്പിൽ വളരെ നിർണ്ണായകമാകുമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ.
സംസ്ഥാന ദേശീയ രാഷ്ട്രീയത്തിൽ ക്രൈസ്തവസഭയുടെ പ്രസക്തി ഇന്ന് ഏറെ ഉയർന്നിരിക്കുന്നു. മതതീവ്രവാദ പ്രസ്ഥാനങ്ങളോടും അവർ പിന്തുണയ്ക്കുന്ന ഭീകരവാദങ്ങളോടും സന്ധിചെയ്യാൻ ക്രൈസ്തവർക്കാവില്ല. മതവർഗീയവാദങ്ങളുയർത്തി ജനകീയ കാർഷിക സാമൂഹ്യവിഷയങ്ങളിൽ നിന്ന് രാഷ്ട്രീയ നേതൃത്വങ്ങൾ ഒളിച്ചോടുന്നത് ശരിയല്ല. ക്രൈസ്തവ സഭയുടെ രാഷ്ട്രീയം കക്ഷിരാഷ്ട്രീയമല്ല; മറിച്ച് രാഷ്ട്രത്തിന്റെ നന്മയും വളർച്ചയുമാണ് ലക്ഷ്യംവെയ്ക്കുന്നത്. മാറിയ രാഷ്ട്രീയ സാമൂഹ്യ ജീവിത സാഹചര്യങ്ങളിൽ നിലനിൽപ്പിനായി വിവിധ ക്രൈസ്തവ വിഭാഗങ്ങൾ ഒരുമിച്ച് നിൽക്കണമെന്ന ചിന്ത വിശ്വാസികൾക്കിടയിൽ രൂപപ്പെട്ടിരിക്കുന്നത് പ്രതീക്ഷയേകുന്നു. ഇത് വരുംദിവസങ്ങളിൽ തുടർചർച്ചകളിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും പ്രായോഗിക നടപടികളായി മാറും.
കഴിഞ്ഞ നാളുകളിൽ ക്രൈസ്തവസഭാനേതൃത്വം പൊതുസമൂഹത്തിൽ ഉയർത്തിക്കാട്ടി പങ്കുവെച്ച് ചർച്ചചെയ്ത വിവിധ വിഷയങ്ങളിൽ നിസംഗതയും നിഷ്‌ക്രിയത്വവും പുലർത്തിയവരും നിരന്തരം വിമർശിച്ചവരും തെരഞ്ഞെടുപ്പിൽ വലിയ വില നൽകേണ്ടിവരും. ഈ വിഷയങ്ങളിൽ പ്രകടനപത്രികയിലൂടെ രാഷ്ട്രീയ മുന്നണികൾ നിലപാടുകൾ വ്യക്തമാക്കുവാൻ ശ്രമിക്കുന്നത് ഏറെ ഉചിതമായിരിക്കും. സാമൂദായിക മതേതര മൂല്യങ്ങളുടെ സന്തുലിതാവസ്ഥ മലയാള മണ്ണിലെ എല്ലാ രംഗങ്ങളിലും നിലനിർത്തേണ്ടത് തലമുറകളായി പങ്കുവെച്ച ഈ നാടിന്റെ സ്നേഹസംസ്‌കാരം തുടരുന്നതിന് ആവശ്യമാണ്.
രാഷ്ട്രീയ പാർട്ടികളിലെ ന്യൂജെൻ നേതൃത്വങ്ങൾ ക്രൈസ്തവ ചരിത്രവും സംഭാവനകളും സ്വാധീനവും കാണാതെ പോകുന്നത് സ്വയം വിനയാകും. രാഷ്ട്രീയ കാലാവസ്ഥയിലെ വ്യതിയാനങ്ങളെ ദേശീയതലത്തിൽ നോക്കിക്കണ്ട് ദീർഘവീക്ഷണത്തോടെ അഭിമുഖീകരിക്കുവാൻ ക്രൈസ്തവർക്കാകണം. വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽ കൂടുതൽ ഒരുമയും സ്വരുമയും യാഥാർത്ഥ്യമാക്കണമെന്നും പരസ്പര ഐക്യം ഊട്ടിയുറപ്പിക്കാനാവില്ലെങ്കിൽ ചരിത്രത്തിന്റെ ഭാഗമാകുമെന്ന് തിരിച്ചറിഞ്ഞ് കൂട്ടായ ചർച്ചകളും തുടർനടപടികളും ശക്തമാക്കുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.