ന്യൂഡൽഹി: രാജ്യത്തുടനീളം ക്രൈസ്തവർക്കും ക്രൈസ്തവ സഭാസ്ഥാപനങ്ങൾക്കുമെതിരെയുള്ള അക്രമങ്ങൾ വർദ്ധിക്കുന്നത് ആശങ്കയുളവാക്കുന്നുവെന്നും കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ മൗനം വെടിഞ്ഞ് ഇടപെടൽ നടത്തണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

മധ്യപ്രദേശിലെ ഗഞ്ച്ബസോഡ സെന്റ് ജോസഫ്സ് സ്‌കൂളിനുനേരെയുണ്ടായ അക്രമം ആസൂത്രിതമായിരുന്നുവെന്ന് വ്യക്തമായിട്ടും നടപടികളില്ല. മതംമാറ്റനിരോധനത്തിന്റെ മറവിൽ കർണ്ണാടകത്തിലെ വിവിധ കോണുകളിൽ ക്രൈസ്തവർക്കുനേരെ അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നു. ഗുജറാത്തിലും, ബീഹാറിലും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പുതിയ വിദ്യാഭ്യാസ നിയമങ്ങൾ അടിച്ചേൽപ്പിച്ച് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സർക്കാർ നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

രാജ്യാന്തരതലങ്ങളിൽ വിവിധ രാജ്യങ്ങളിൽ ക്രൈസ്തവർക്കുനേരെ മതഭീകര പ്രസ്ഥാനങ്ങൾ അക്രമങ്ങൾ അഴിച്ചുവിടുമ്പോൾ ഇന്ത്യയിലും മറ്റൊരുരൂപത്തിൽ ഇതാവർത്തിക്കുന്നത് ദുഃഖകരവും മതേതരത്വം ഉയർത്തിപ്പിടിക്കുന്ന ഭരണസംവിധാനത്തെ വികൃതമാക്കുന്നതുമാണ്. ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങൾക്കും ഭരണഘടന വിഭാവനം ചെയ്യുന്ന സുരക്ഷിതത്വവും പ്രവർത്തന സ്വാതന്ത്ര്യവും ഉറപ്പാക്കാൻ ഉത്തരവാദിത്വമുള്ള കേന്ദ്ര സർക്കാരിന്റെ നീതിപൂർവ്വമായ ഇടപെടലുകൾ അടിയന്തരമാണന്നും ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾക്ക് അവസാനം ഉണ്ടാകണമെന്നും വി സി സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.