- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവോത്ഥാന മുന്നേറ്റം: ക്രൈസ്തവ സംഭാവനകളെ തമസ്കരിക്കുന്നവർ ചരിത്രം പഠിക്കാത്തവർ: ഷെവലിയാർ വി സി.സെബാസ്റ്റ്യൻ
കൊച്ചി: നാടിന്റെ നവോത്ഥാന മുന്നേറ്റത്തിനായി ക്രൈസ്തവസമൂഹം നൽകിയ ഈടുറ്റ സംഭാവനകളെ തമസ്‌കരിച്ച് നിരന്തരം ആക്ഷേപിക്കുന്നവർ ചരിത്രം പഠിക്കാത്തവരാണെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ. ക്രൈസ്തവ മിഷനറിമാർ നവോത്ഥാന മുന്നേറ്റത്തിനായി നടത്തിയ നിസ്വാർത്ഥ സേവനങ്ങളെ നിസാരവത്കരിക്കുന്നവർ തങ്ങളുടെ സ്വന്തം സമുദായാംഗങ്ങളെ നൂറ്റാണ്ടുകൾക്കുമുമ്പ് കൈപിടിച്ചുയർത്തിയത് ആരെന്ന് അന്വേഷിച്ചറിയണം. മാനവ അസമത്വത്തിനെതിരെ ആദ്യമായി കേരളമണ്ണിൽ ശബ്ദമുയർത്തിയത് 1599 ജൂൺ 20ന് ചേർന്ന ഉദയംപേരൂർ സൂനഹദോസാണ്. തീണ്ടലും തൊടീലും അപരിഷ്‌കൃതാചാരമാണെന്നും എല്ലാ മനുഷ്യർക്കും തുല്യതയോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും പ്രഖ്യാപിച്ച് സാമൂഹ്യമാറ്റത്തിന് സൂനഹദോസ് തുടക്കം കുറിച്ചു. ഇതിനുശേഷം രണ്ടുനൂറ്റാണ്ടുപിന്നിട്ട് 1774ലാണ് ഇന്ത്യ നവോത്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന രാജാറാം മോഹൻ റായി ജനിക്കുന്നത്. കേരളത്തിൽ നവോത്ഥാനത്തിന് വഴിയൊരുക്കിയത് വിദ്യാഭ്യാസ മുന്നേറ്
കൊച്ചി: നാടിന്റെ നവോത്ഥാന മുന്നേറ്റത്തിനായി ക്രൈസ്തവസമൂഹം നൽകിയ ഈടുറ്റ സംഭാവനകളെ തമസ്‌കരിച്ച് നിരന്തരം ആക്ഷേപിക്കുന്നവർ ചരിത്രം പഠിക്കാത്തവരാണെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ.
ക്രൈസ്തവ മിഷനറിമാർ നവോത്ഥാന മുന്നേറ്റത്തിനായി നടത്തിയ നിസ്വാർത്ഥ സേവനങ്ങളെ നിസാരവത്കരിക്കുന്നവർ തങ്ങളുടെ സ്വന്തം സമുദായാംഗങ്ങളെ നൂറ്റാണ്ടുകൾക്കുമുമ്പ് കൈപിടിച്ചുയർത്തിയത് ആരെന്ന് അന്വേഷിച്ചറിയണം. മാനവ അസമത്വത്തിനെതിരെ ആദ്യമായി കേരളമണ്ണിൽ ശബ്ദമുയർത്തിയത് 1599 ജൂൺ 20ന് ചേർന്ന ഉദയംപേരൂർ സൂനഹദോസാണ്. തീണ്ടലും തൊടീലും അപരിഷ്‌കൃതാചാരമാണെന്നും എല്ലാ മനുഷ്യർക്കും തുല്യതയോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും പ്രഖ്യാപിച്ച് സാമൂഹ്യമാറ്റത്തിന് സൂനഹദോസ് തുടക്കം കുറിച്ചു. ഇതിനുശേഷം രണ്ടുനൂറ്റാണ്ടുപിന്നിട്ട് 1774ലാണ് ഇന്ത്യ നവോത്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന രാജാറാം മോഹൻ റായി ജനിക്കുന്നത്.
കേരളത്തിൽ നവോത്ഥാനത്തിന് വഴിയൊരുക്കിയത് വിദ്യാഭ്യാസ മുന്നേറ്റമാണ്. 1806ൽ വില്യം തോബിയാസ് റിംഗിൽട്ടേവ് എന്ന ജർമ്മൻ മിഷനറി നാഗർകോവിലിനുസമീപമുള്ള മൈലാടിയിൽ വേദമാണിക്യത്തിന്റെ വീട്ടുമുറ്റത്ത് സവർണ്ണർക്കുമാത്രമുണ്ടായിരുന്ന വിദ്യാഭ്യാസപരിശീലനത്തെ വെല്ലുവിളിച്ച് പൊതുവിദ്യാലയം ആരംഭിച്ച് എല്ലാവിഭാഗത്തിൽപ്പെട്ട ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠിക്കുവാൻ അവസരമൊരുക്കിയ വിപ്ലവകരമായ സാമൂഹ്യമാറ്റം പലരും മറക്കുന്നു. 1817ൽ തിരുവിതാംകൂർ ഗവൺമെന്റ് സവർണ്ണർക്കായി സ്‌കൂളുകൾ ആരംഭിച്ചപ്പോൾ ലണ്ടൻ മിഷനറി സൊസൈറ്റി തെക്കൻ തിരുവിതാംകൂറിലും ചർച്ച് മിഷൻ സൊസൈറ്റി മധ്യതിരുവിതാംകൂറിലും റാഫേൽ അർകാൻഹൽ എന്ന മിഷനറിയുടെ നേതൃത്വത്തിൽ വടക്കൻ തിരുവിതാംകൂറിലും നടത്തിയ വിദ്യാഭ്യാസ മുന്നേറ്റമാണ് കേരളത്തിലെ നവോത്ഥാനത്തിന്റെ ആരംഭം. അന്നൊന്നും ഇന്ന് നവോത്ഥാന കുത്തക അവകാശമുന്നയിക്കുന്ന എസ്എൻഡിപിയോ, രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ജന്മമെടുത്തിട്ടില്ല.
കേരളത്തിൽ എബ്രാഹം മല്പാൻ, കുര്യാക്കോസ് എലിയാസ് ചാവറയച്ചൻ, വൈകുണ്ഠസ്വാമികൾ, ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു, അയ്യങ്കാളി, വക്കം അബ്ദുൾ ഖാദർ, മന്നത്തുപത്മനാഭൻ, വി.ടി.ഭട്ടതിരിപ്പാട് തുടങ്ങിയവരെല്ലാം അവരവരുടെ സമുദായത്തിനുള്ളിൽ നിന്ന് പൊതുസമൂഹത്തിന്റെ നന്മയ്ക്കായി ആത്മാർത്ഥതയോടെ പ്രവർത്തിച്ചവരാണ്. ക്രിസ്ത്യാനിയും മുസ്ലീമും ഉൾക്കൊള്ളുന്ന മതന്യൂനപക്ഷങ്ങൾക്കെതിരെ ആക്ഷേപശരങ്ങളെറിയുന്നവർ ഈ നാട്ടിൽ ജാതിയും ഉപജാതിയും വർഗവും വർണ്ണവും സൃഷ്ടിച്ചവരാരാണെന്ന് ഇനിയെങ്കിലും പഠനവിഷയമാക്കണം. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ക്ഷൂദ്രർ എന്നിങ്ങനെ ഹൈന്ദവനെ പല തട്ടുകളിലാക്കി വിഘടിപ്പിച്ചു നിർത്തി അതിർത്തി നിർണ്ണയിച്ച ജാതിവ്യവസ്ഥയിലൂടെ അടക്കി ഭരിച്ചവർ മതന്യൂനപക്ഷങ്ങളല്ല. സവർണ്ണർക്ക് അടിമപ്പണി ചെയ്തവർ ഇന്ന് ഉടുത്തൊരുങ്ങി അക്ഷരങ്ങൾ കൂട്ടിവായിക്കുന്നുണ്ടെങ്കിലത് വിശാലകാഴ്ചപ്പാടുകളുള്ള ക്രൈസ്തവ സമുദായത്തിന്റെ ഔദാര്യവും സാമൂഹ്യപ്രതിബദ്ധതയുമാണ്. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ നെഞ്ചുനിവർത്തിനിന്ന് പടവെട്ടിയവരാണ് ക്രൈസ്തവസമൂദായം. അറിവിന്റെ വെളിച്ചം പകർന്നവരെ നിരന്തരം നിന്ദിക്കുകയല്ല സ്വന്തം മനസാക്ഷിയോട് ചോദിച്ചിട്ട് വന്ദിക്കുകയാണ് മാന്യതയുടെ ലക്ഷണം. കഴിഞ്ഞ നാളുകളിൽ പിന്നോക്കക്കാരെന്ന് മുദ്രകുത്തി ചില കേന്ദ്രങ്ങൾ അടിച്ചമർത്തിയെങ്കിൽ, ഇന്നും അത് തുടരുന്നുണ്ടെങ്കിൽ മതന്യൂനപക്ഷങ്ങൾക്കെതിരെയല്ല മറിച്ച് ആ മേലാളന്മാർക്കെതിരെയാണ് ഇക്കൂട്ടർ വാളോങ്ങേണ്ടത്.
തീണ്ടലിനും തൊടീലിനുമെതിരെ നടന്ന പ്രക്ഷോഭങ്ങൾ, മാറു മറയ്ക്കാനും വസ്ത്രം ധരിക്കാനും വേണ്ടിയുള്ള ചാന്നാർ ലഹള, തൊഴിലവകാശത്തിനും ന്യായമായ കൂലിക്കുംവേണ്ടി നടന്ന പുലയലഹള, ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ള മുന്നേറ്റം, വിദ്യാഭ്യാസ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടം, പള്ളികളോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ, തുടങ്ങിയ സാമൂഹിക മാറ്റങ്ങൾക്ക് ഈ മണ്ണിൽ തുടക്കം കുറിച്ചത് ക്രൈസ്തവ സമൂഹവും ഫലവത്താക്കിയത് ആദർശശുദ്ധിയും മാനുഷിക കാഴ്ചപ്പാടുമുള്ള നവോത്ഥാന നായകരുമാണെന്നിരിക്കെ ഇന്ന് ചില സമുദായസംഘടനകളും രാഷ്ട്രീയ പാർട്ടികളും ഇവയുടെയെല്ലാം കുത്തക അവകാശപ്പെട്ട് രംഗത്തുവന്നിരിക്കുന്നത് വിചിത്രമാണെന്നും ചരിത്രം വളച്ചൊടിച്ച് ജനങ്ങളെ വിഢികളാക്കുവാൻ ശ്രമിക്കുന്നവർ വരുംനാളുകളിൽ സ്വയം അവഹേളനം ഏറ്റുവാങ്ങുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.