കൊച്ചി: സഭയെ ആഴത്തിൽ സ്നേഹിച്ച ആകർഷക വ്യക്തിത്വവും അതുല്യമായ അല്മായ മാതൃകയുമായിരുന്നു അന്തരിച്ച അഡ്വ. ജോസ് വിതയത്തിലെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. സീറോ മലബാർ സഭ അല്മായ ഫോറം സെക്രട്ടറിയായിരുന്ന അഡ്വ.വിതയത്തിലിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ മേഖലകളിലും നല്ല വ്യക്തിബന്ധം രൂപപ്പെടുത്താനും വളർത്താനും അദ്ദേഹത്തിനായി. ആദർശങ്ങളിൽ ഉറച്ചു നിൽക്കുമ്പോഴും ആരെയും വിഷമിപ്പിക്കാതെ പ്രവർത്തിക്കാൻ അദ്ദേഹത്തിനു സാധിച്ചു. അല്മായ നേതൃരംഗത്തു സഭയിലെ പിതാക്കന്മാരുടെ മനസറിഞ്ഞ് അദ്ദേഹം നിലപാടുകളെടുത്തു. സഭയിൽ അല്മായർക്കുള്ള സ്ഥാനവും ദൗത്യവും അദ്ദേഹം വ്യക്തമായി തിരിച്ചറിഞ്ഞാണു പ്രവർത്തിച്ചത്. ഔദ്യോഗിക സംവിധാനങ്ങളെ ആദ്ദേഹം ആദരവോടെ കണ്ടു. മതസൗഹാർദത്തിനും ക്രൈസ്തവ സഭകളുടെ കൂട്ടായ്മയ്ക്കും ജോസ് വിതയത്തിൽ നടത്തിയിട്ടുള്ള പരിശ്രമങ്ങൾ ശ്ലാഘനീയമാണെന്നും മാർ ആലഞ്ചേരി സൂചിപ്പിച്ചു.

സീറോ മലബാർ സഭ ലെയ്റ്റി, ഫാമിലി, ലൈഫ് കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സഭയിലെ അല്മായർക്കു മാതൃകയായ മികച്ച സംഘാടകനായിരുന്നു ജോസ് വിതയത്തിലെന്ന് അദ്ദേഹം അനുസ്മരിച്ചു. സഭയിലെ വിവിധ തലങ്ങളിൽ ഏകോപനവും പങ്കാളിത്തവും ഉറപ്പാക്കാനുള്ള പരിശ്രമങ്ങൾ അദ്ദേഹം നടത്തിയെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
സഭാശുശ്രൂഷയിൽ അനേകർക്കു പ്രചോദനമായ അതുല്യവ്യക്തിത്വമായിരുന്നു ജോസ് വിതയത്തിലിന്റേതെന്നു സിബിസിഐ ലെയ്റ്റി കൗൺസിൽ ചെയർമാൻ ബിഷപ് മാർ മാത്യു അറയ്ക്കൽ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.

മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ജസ്റ്റീസ് സിറിയക് ജോസഫ്, ജസ്റ്റീസ് കുര്യൻ ജോസഫ്, സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ, സീറോ മലബാർ സഭ കൂരിയ വൈസ് ചാൻസലർ റവ.ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, ലെയ്റ്റി ഫാമിലി, ലൈഫ് കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ.ജോബി മൂലയിൽ, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ നാഷണൽ പ്രസിഡന്റ് ലാൻസി ഡി കുണ, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം, കത്തോലിക്കാ കോൺഗ്രസ് മുൻ പ്രസിഡന്റ് ജോൺ കച്ചിറമറ്റം, തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. മേരി റജീന, സീറോ മലബാർ സഭ കുടുംബകൂട്ടായ്മ ഡയറക്ടർ ഫാ.ലോറൻസ് തൈക്കാട്ടിൽ, പ്രോലൈഫ് ഫോറം സെക്രട്ടറി സാബു ജോസ് തുടങ്ങിയവർ അനുസ്മരണം നടത്തി.

ഇന്ത്യയിലും വിദേശത്തുമുള്ള സീറോ മലബാർ സഭ രൂപതകളിലെ വൈദിക സന്യസ്തപ്രതിനിധികൾ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ, കത്തോലിക്കാ സഭയിലെ വിവിധ അല്മായ സംഘടനാ നേതാക്കൾ, വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അനുസ്മരണ സമ്മേളനത്തിനു മുന്നോടിയായി ആലങ്ങാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിലെ അഡ്വ.ജോസ് വിതയത്തിലിന്റെ കബറിടത്തിങ്കൽ വികാരി ഫാ.പോൾ ചുള്ളിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാശുശ്രൂഷയും നടന്നു.

ജോസ് വിതയത്തിലിന്റെ ഏഴാം ചരമദിനമായ നാളെ വൈകുന്നേരം നാലിനു മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി ആലങ്ങാട് സെന്റ് മേരീസ് ദേവാലയത്തിൽ ദിവ്യബലിയർപ്പിച്ചു ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.