കൊച്ചി: കോവിഡിനെ പ്രതിരോധിക്കാൻ വാക്സിനും ജീവൻ നിലനിർത്താൻ ഓക്സിജനും ജനങ്ങളുടെ അവകാശമാണെന്നും രാജ്യത്തെ എല്ലാ ജനവിഭാഗങ്ങൾക്കും ഇവ സൗജന്യമായി നൽകേണ്ട ഉത്തരവാദിത്വം ഭരണനേതൃത്വങ്ങൾക്കുണ്ടെന്നും സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും ജനങ്ങളുടെ ജീവൻവെച്ചുള്ള പരസ്പര വെല്ലുവിളിയും പഴിചാരലും ദയവായി അവസാനിപ്പിക്കണം. ഈ അടിയന്തര പ്രതിസന്ധിഘട്ടത്തിൽ രാഷ്ട്രീയ വിലപേശൽ നടത്തുന്നത് ശരിയായ നടപടിയല്ല. അതേസമയം ഭരണവൈകല്യങ്ങളും വീഴ്ചകളും ചൂണ്ടിക്കാണിക്കേണ്ടതും തിരുത്തലുകൾക്ക് വിധേയമാക്കേണ്ടതുമാണ്.

കോവിഡ് അതിജീവനപ്രവർത്തനങ്ങളുടെ ഭാഗമായി നടപടികളില്ലാതെ നിരന്തരം നടത്തുന്ന സർക്കാർ പ്രഖ്യാപനങ്ങൾ പ്രഹസനങ്ങളായി മാറിയിരിക്കുന്നു. 35,000 കോടി രൂപ കോവിഡ് പ്രതിരോധത്തിനായി മാറ്റിവെച്ച കേന്ദ്രസർക്കാരിന്റെ ബജറ്റ് പ്രഖ്യാപനവും അട്ടിമറിക്കപ്പെട്ടു. കോവിഡ് വാക്സിൻ രാജ്യത്തെ എല്ലാ ജനങ്ങൾക്കും നൽകുവാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുവാൻ കേന്ദ്രസർക്കാരിനാവില്ല. വൻകിട മരുന്നു കമ്പനികൾക്കും ഇടനിലക്കാർക്കും ജനങ്ങളുടെ ജീവൻവെച്ച് നേട്ടമുണ്ടാക്കുവാൻ സർക്കാർ സംവിധാനങ്ങൾതന്നെ അവസരമുണ്ടാക്കുന്നത് ദുഃഖകരമാണ്. ജീവൻ നിലനിർത്താനുള്ള ഓക്സിജന് സർക്കാർ വിലയിടുന്നത് ശരിയല്ല. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാത്തവർക്ക് ഭരണത്തിൽ തുടരാനും അവകാശമില്ല.

ദുരിതാശ്വാസനിധിയിലേയ്ക്ക് ജനങ്ങളിൽ നിന്ന് പണം സ്വീകരിച്ചല്ല സർക്കാരുകൾ പ്രവർത്തിക്കേണ്ടത്. സർക്കാർ ഖജനാവിലുള്ള ജനങ്ങളുടെ നികുതിപ്പണമാണ് അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കേണ്ടത്. ആർ.ടി.പി.സി.ആർ. ടെസ്റ്റിന് ഒരു സംസ്ഥാനത്തുമില്ലാത്ത അമിത ചാർജാണ് കേരളത്തിൽ സ്വകാര്യ ലാബുകൾ ഈടാക്കുന്നത്. ഇത് നിയന്ത്രിക്കുവാൻ സംസ്ഥാന സർക്കാർ ഇടപെടലുകൾ നടത്താത്തതിൽ ദുരൂഹതയുണ്ട്.

രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനത്തിന്റെ ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി ഏറെ പ്രസക്തമാണ്. നിയന്ത്രണത്തിലായിരുന്ന കോവിഡിനെ വീണ്ടും ജനങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചതിന്റെ ഉത്തരവാദിത്വം രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമാണ്. തെരഞ്ഞെടുപ്പ് വേളയിൽ ജനങ്ങളെ തെരുവിലിറക്കി കോവിഡ് മാനദണ്ഡങ്ങൾ അട്ടിമറിച്ചവർക്കെതിരെ കൊലക്കുറ്റത്തിന് സ്വയമേ കേസെടുക്കാൻ നീതിന്യായ കോടതികളും മനുഷ്യാവകാശകമ്മീഷനും ആർജ്ജവം കാണിക്കണമെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.