കൊച്ചി: ക്രൈസ്തവ വിശ്വാസം സ്വീകരിച്ചുവെന്നതിന്റെ പേരിൽ ഭരണഘടനാപരമായ തുല്യ അവകാശം നിഷേധിച്ചിരിക്കുന്ന ദളിത് ക്രൈസ്തവർക്കും സാമൂഹിക പിന്നോക്കാവസ്ഥ നേരിടുന്ന വിവിധ ക്രൈസ്തവ വിഭാഗങ്ങൾക്കും നീതി നടപ്പിലാക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

ഭരണഘടനാശില്പികൾ ഏറെ ദീർഘവീഷണത്തോടെ രൂപം നൽകിയ ഭരണഘടന അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള ദളിത് ക്രൈസ്തവരുടെ നിയമ പോരാട്ടം സുപ്രീംകോടതിയിൽ തുടരുകയാണ്. ഇതിന് സിബിസിഐ ലെയ്റ്റി കൗൺസിലിന്റെയും കമ്മീഷനുകളുടെയും ഉൾപ്പെടെ വിവിധ കത്തോലിക്ക ക്രൈസ്തവ വിഭാഗങ്ങളുടെ എല്ലാ പിന്തുണയുമുണ്ട്. സാമൂഹിക പിന്നോക്കാവസ്ഥ നേരിടുന്ന ഇതര ക്രൈസ്തവ വിഭാഗങ്ങളും ഇന്ത്യയിലുണ്ട്. ഇവരോടും ഭരണ ഉദ്യോഗസ്ഥ മേഖലകളുൾപ്പെടെ എല്ലാ തലങ്ങളിലും നീതിപൂർവമായ സമീപനം സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കാകണം.

സാമൂഹിക പിന്നോക്കാവസ്ഥമൂലം ദാരിദ്ര്യം അനുഭവിക്കുന്നവരും പാർശ്വവൽക്കരിക്കപ്പെട്ടവരും പാവപ്പെട്ടവരുമായ ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ ശക്തിപ്പെടുത്തുവാനുള്ള പ്രവർത്തനങ്ങളാണ് ലോകത്തുടനീളം കത്തോലിക്കാ സഭയും ക്രൈസ്തവ സമൂഹവും നടത്തുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്വം ഈ സമൂഹത്തോട് നിർവഹിക്കുവാനുള്ള ബാധ്യത ഭാരതസർക്കാരിനുമുണ്ട്. ഇന്ത്യയിലെ ദളിത് ക്രൈസ്തവർക്കും സാമൂഹിക പിന്നോക്കാവസ്ഥ നേരിടുന്ന എല്ലാ കത്തോലിക്കാ ക്രൈസ്തവ വിഭാഗങ്ങൾക്കും ഭരണഘടനാപരമായി അവകാശപ്പെട്ട നീതി നടപ്പിലാക്കി സംരക്ഷണമേകുവാനുള്ള ബാദ്ധ്യത സർക്കാരുകൾ നിർവഹിക്കണമെന്നും വി സി. സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.