- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൈസ്തവസഭ എതിർക്കുന്നത് ഭീകര പ്രസ്ഥാനങ്ങളുടെ ചെയ്തികളെ; സഭ നിലപാടുകൾ പാറപോലെ ഉറച്ചത്; വോട്ടുരാഷ്ട്രീയത്തിനായി ഭീകരപ്രസ്ഥാനങ്ങളെ വെള്ളപൂശാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തും; പാലാ ബിഷപ്പിന് പിന്തുണയുമായി സിബിസിഐ
കോട്ടയം: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കടുത്ത പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ രംഗത്തെത്തിയതിന് പിന്നാലെ ബിഷപ്പിനെ പിന്തുണച്ച് സിബിസിഐ. വോട്ടുരാഷ്ട്രീയത്തിന്റെ മറവിൽ ഭീകരപ്രസ്ഥാനങ്ങളെയും തീവ്രവാദി സംഘടനകളെയും വെള്ളപൂശാൻ ശ്രമിക്കുന്നവരെ കേരളസമൂഹം ഒറ്റപ്പെടുത്തുമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി വി സി സെബാസ്റ്റ്യൻ പറഞ്ഞു.
മതേതരത്വം നിരന്തരം പ്രസംഗിക്കുകയും അതേസമയം തീവ്രവാദികൾക്ക് പാദസേവ നടത്തുകയും ചെയ്യുന്നവർ ക്രൈസ്തവരെ മതേതരത്വം പഠിപ്പിക്കേണ്ട. ഭീകര പ്രസ്ഥാനങ്ങളുടെ ചെയ്തികളെയാണ് സഭ എതിർക്കുന്നത്. ഇക്കാര്യത്തിൽ സഭയുടെ നിലപാടുകൾ പാറപോലെ ഉറച്ചതാണെന്നും സെബാസ്റ്റ്യൻ വിശദീകരിച്ചു.
സിബിസിഐ പ്രതികരണം
വിവിധ മതങ്ങളെയും വിശ്വാസങ്ങളെയും ഏറെ ആദരവോടെ കാണുന്നവരാണ് ക്രൈസ്തവർ. ഭീകര പ്രസ്ഥാനങ്ങളുടെ ചെയ്തികളെയാണ് ക്രൈസ്തവസഭ എതിർക്കുന്നത്. ഇക്കാര്യത്തിൽ സഭയുടെ നിലപാടുകൾ മാറ്റമില്ലാത്തതും പാറപോലെ ഉറച്ചതുമാണ്. മതേതരത്വം നിരന്തരം പ്രസംഗിക്കുകയും അതേസമയം തീവ്രവാദികൾക്ക് പാദസേവ നടത്തുകയും ചെയ്യുന്നവർ ക്രൈസ്തവരെ മതേതരത്വം പഠിപ്പിക്കേണ്ട.
നൂറ്റാണ്ടുകളായി ക്രൈസ്തവർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും വിവിധ ശുശ്രൂഷകളിലൂടെയും മതമല്ല, മറിച്ച് മതേതരത്വവും സാഹോദര്യവും സ്നേഹ സംസ്‌കാരവുമാണ് പങ്കുവച്ചത്. സാക്ഷരകേരളം അക്ഷരം പഠിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മുഖ്യസംഭാവന ക്രൈസ്തവരുടേതാണെന്ന് മറക്കരുത്.
ഭീകര തീവ്രവാദ പ്രസ്ഥാനങ്ങൾക്കെതിരെ വ്യക്തവും ശക്തവുമായ നിലപാടുകൾ ക്രൈസ്തവ സമുദായത്തിനുണ്ട്. കാശ്മീരും കാബൂളും കേരളത്തിൽ ആവർത്തിക്കരുതെന്നും ഈ നാടിന്റെ ഊർജവും കരുത്തും പ്രതീക്ഷയുമായ യുവതലമുറ നഷ്ടപ്പെടരുതെന്നും അതിയായ ആഗ്രഹവുമുണ്ട്.
ഭീകരപ്രസ്ഥാനങ്ങളുടെ അടിവേരുകൾ കേരളത്തിലെന്നും, ഇവരുടെ ഇടത്താവളമായി കേരളം മാറിയിരിക്കുന്നുവെന്നും വെളിപ്പെടുത്തിയത് ക്രൈസ്തവരല്ല. മറിച്ച് യുഎൻ ഉൾപ്പടെ രാജ്യാന്തര ഏജൻസികളും കേന്ദ്ര സർക്കാരും കേരളത്തിലെ പൊലീസ് ഉന്നതരുമാണ്. എന്നിട്ടും കണ്ണുതുറക്കാത്ത ഉത്തരവാദിത്തപ്പെട്ടവരുടെ അന്ധത തുടർന്നാൽ വലിയ വെല്ലുവിളികൾ കേരള സമൂഹം നേരിടേണ്ടി വരുന്ന ദിനങ്ങൾ വിദൂരമല്ലെന്നും വി സി സെബാസ്റ്റ്യൻ സൂചിപ്പിച്ചു.
ന്യൂസ് ഡെസ്ക്