കാസർകോട്: പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന സിബിഐ.ക്ക് കാസർകോട് ക്യാമ്പ് ഓഫീസ് അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കി. പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിലാണ് ക്യാമ്പ് അനുവദിക്കുക. അടുത്ത ആഴ്ച ക്യാമ്പ് ഔദ്യോഗികമായി കൈമാറും.

ക്യാമ്പിന് പുറമേ ജീവനക്കാരും വാഹനവും വേണമെന്ന് സിബിഐ. ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരെ അനുവദിക്കുന്നത് പൊലീസ് മേധാവിയുടെ പരിഗണനയിലാണ്. അടുത്ത ആഴ്ച അലോട്ട്മെന്റ് ഉണ്ടാകും. പൊലീസിൽ നിന്നാണ് സിബിഐ.ക്ക് ജീവനക്കാരെ നൽകുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിന്റെയും ശരത്ലാലിന്റെയും സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് അന്വേഷിക്കുന്നത്.

കാസർകോട് തങ്ങി അന്വേഷണം നടത്താൻ ക്യാമ്പ് ഓഫീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സിബിഐ. സർക്കാരിന് കത്തയച്ചിരുന്നു. എന്നാൽ ആദ്യ അപേക്ഷ സർക്കാർ പരിഗണിച്ചില്ല. തീരുമാനം വൈകിയതോടെ ഈ മാസം ആദ്യം സിബിഐ. വീണ്ടും കത്തയച്ചു. ഇതോടെയാണ് ക്യാമ്പ് ഓഫീസ് അനുവദിക്കാൻ തീരുമാനമായത്.