- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കശുവണ്ടി വികസന കോർപറേഷൻ അഴിമതിയിൽ സിബിഐയുടെ നിർണായക നീക്കം; സർക്കാരിനെ മറികടന്ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു; അഴിമതി നിരോധന വകുപ്പ് ഒഴിവാക്കി; കുറ്റപത്രത്തിൽ ആർ ചന്ദ്രശേഖരനും കെ എ രതീഷും കരാറുകാരൻ ജയ്‌മോൻ ജോസഫും പ്രതികൾ
തിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസിൽ സിബിഐയുടെ ഭാഗത്തു നിന്നും നിർണായകമായ നീക്കം. വിവാദമായ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കോർപ്പറേഷൻ മുൻ ചെയർമാൻ ആർ ചന്ദ്രശേഖരൻ, മുൻ എം ഡി കെ എ രതീഷ്, കരാറുകാരൻ ജയ്‌മോൻ ജോസഫ് എന്നിവർക്കെതിരായാണ് കുറ്റപത്രം സമർപ്പിച്ചത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പ്രോസിക്യൂഷൻ അനുമതി സർക്കാർ നിഷേധിച്ചതിനാലാണ് സിബിഐയുടെ നടപടി.നേരത്തെ തെളിവുകൾ ഒന്നൊന്നായി നിരത്തിയിട്ടും ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ അടക്കമുള്ളവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ അനുമതി നൽകിയിരുന്നില്ല.
അതിനെ തുടർന്നാണ് അഴിമതി നിരോധന വകുപ്പ് ഒഴിവാക്കിയത്. ഐപിസി വകുപ്പ് പ്രകാരമാണ് സിബിഐ നീക്കം. പ്രോസിക്യൂഷൻ സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ തുടരുകയാണെന്ന് സിബിഐ തിരുവനന്തപുരം കോടതിയെ അറിയിച്ചു. കൊല്ലം സ്വദേശി കടകംപള്ളി മനോജാണ് പരാതിക്കാരൻ. 500 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആക്ഷേപം.
2006 മുതൽ 2015 വരെയുള്ള അഴിമതിയാണ് സിബിഐ അന്വേഷിച്ചതെന്ന് പരാതിക്കാരനായ കടകംപള്ളി മനോജ് പറഞ്ഞു. വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു തുടങ്ങിയ അഴിമതിയാണിത്. കേസിലെ രണ്ടാം പ്രതി സിപിഎം നേതാവ് ഇ കാസിം ആണ്. അദ്ദേഹം മരിച്ചതിനെ തുടർന്നാണ് കേസിൽ നിന്നും ഒഴിവായതെന്ന് പരാതിക്കാരൻ പറഞ്ഞു.
500 കോടിരൂപയുടെ അഴിമതി കേസിൽ മൂന്ന് പ്രതികളെ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനാണ് ഇപ്പോൾ സിബിഐ തടയിട്ടിരിക്കുന്നത്. പിസി ആക്ട്(PREVENTION OF CORRUPTION ACT) പ്രകാരമാണ് സർക്കാരിന്റെ അനുമതി പ്രോസിക്യൂഷന് വേണ്ടത്. എന്നാൽ ഐപിസി പ്രകാരം അത്തരം ഒരനുമതിയുടെ ആവശ്യമില്ല. ആ സാധ്യതയാണ് സിബിഐ ഉപയോഗപ്പെടുത്തിയത്.
അഴിമതിക്കാരെ സംരക്ഷിച്ചു എന്നതിനല്ല പകരം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് അഴിമതി നടന്നതെന്നതിനാണ് നമ്മൾ ഊന്നൽ നൽകേണ്ടത്. വിവിധ ഏജൻസികളുടെ അന്വേഷണത്തിൽ വിവിധ റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. അല്ലാതെ ഇടതുപക്ഷ സർക്കാർ അവരെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പരാതിക്കാരൻ പറയുന്നു
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കേസിൽപ്പെട്ട ചന്ദ്രശേഖരൻ മാറാത്തത് ഐഎൻടിയുസിക്കും കോൺഗ്രസ്സിനും വലിയ ബാധ്യതയാണെന്ന് ഐഎൻടിയുസി നേതാവ് ഷരീഫ് മരക്കാർ ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ