- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
38. 79 ലക്ഷം രൂപയുടെ റേഷൻ ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിൽ മറിച്ചുവിറ്റ കേസ്; ഫുഡ് കോർപ്പറേഷൻ ഡിപ്പോ മാനേജരടക്കം നാല് പ്രതികൾ; ഏപ്രിൽ 15 ന് ഹാജരാകാൻ സിബിഐ കോടതിയുടെ ഉത്തരവ്

തിരുവനന്തപുരം: പൊതുവിതരണ സംവിധാനത്തിലൂടെ സംസ്ഥാനത്തെ സാധാരണക്കാർക്ക് ലഭിക്കേണ്ട 38. 79 ലക്ഷം രൂപയുടെ റേഷൻ ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിൽ മറിച്ചുവിറ്റ കേസിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഡിപ്പോ മാനേജരും സ്വകാര്യ കമ്പനിയുടമകളുമടക്കം നാലു പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ സിബിഐ കോടതി ഉത്തരവിട്ടു. വ്യാജ രേഖകൾ ചമച്ച് കണക്കുകളിൽ കൃത്രിമത്വം നടത്തി 2399 ചാക്ക് റേഷൻ അരിയും ഗോതമ്പും എഫ് സി ഐ യുടെ മൂന്നു ഗോഡൗണുകളിൽ നിന്നും കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ കേസിലാണ് നാല് പ്രതികളും ഏപ്രിൽ 15 ന് ഹാജരാകാൻ ഉത്തരവിട്ടത്.
കേസിലെ ഒന്നു മുതൽ നാലുവരെ പ്രതികളായ എഫ് സി ഐ ഡിപ്പോ മാനേജർ പി.ഗിരീശൻ, സ്വകാര്യ കമ്പനിയുടമകളായ അബൂബക്കർ പെരുമ്പാട്ടി, ആർ. ഗണേശൻ, എ.കെ. അസൈൻ എന്നിവരാണ് ഹാജരാകേണ്ടത്. 2017 ഏപ്രിൽ ഒന്നിനും ജൂൺ 30 നുമിടയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച വൻ കള്ളക്കടത്ത് നടന്നത്.

മൂന്നു എഫ് സി ഐ ഗോഡൗണുകളിൽ അരി, ഗോതമ്പ് എന്നിവയുടെ സ്റ്റോക്കിൽ വൻ കുറവുണ്ടെന്ന രഹസ്യ റിപ്പോർട്ടിനെ തുടർന്നാണ് സി ബി ഐ ഗോഡൗണുകളിലും എഫ് സി ഐ മാനേജർമാരുടെ വീടിലും 2017 ഒക്ടോബർ 13 ന് സംയുക്തമായി റെയ്ഡ് നടത്തിയത്. 2018ൽ പ്രതികളെ അറസ്റ്റ് ചെയ്തു.
2019 നവംബർ 7 നാണ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13 (1) (സി), (ഡി) (പൊതുസേവകർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് യാതൊരു പൊതുതാൽപര്യവുമില്ലാതെ അഴിമതിയിലൂടെ സ്വകാര്യ വ്യക്തികൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കി സർക്കാരിന് നഷ്ടം വരുത്തൽ), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 ബി (ക്രിമിനൽ ഗൂഢാലോചന), 420 (വിശ്വാസ വഞ്ചന), 409 (പൊതുസേവകർ നടത്തുന്ന ട്രസ്റ്റ് ലംലനം), 468 ( ചതിക്കുന്നതിനായുള്ള വ്യാജ നിർമ്മാണം), 471 (വ്യാജ നിർമ്മിത രേഖകൾ അസ്സൽ പോലെ ഉപയോഗിക്കൽ), 477 എ (കണക്കുകളുടെ വ്യാജീകരണം) എന്നീ വകുപ്പുകൾ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.


