ചണ്ഡിഗഡ്: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത അഴിമതി കേസിൽ അഴിക്കുള്ളിലായപ്പോൾ തമിഴ്‌നാട്ടിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയത്. അക്രമങ്ങളെ തടയുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. എന്നാൽ, തമിഴ്‌നാട് മുഖ്യമന്ത്രിയേക്കാൾ ഒരേ സമയം മൂന്ന് സംസ്ഥാനങ്ങളെ മുൾമുനയിൽ നിർത്തുകയാണ് റോക്ക് സ്റ്റാർ ആൾദൈവം ഗുർമീത് റാം റഹീം സിങ്ങ്. ബലാത്സംഗ കേസിൽ കുറ്റക്കാരനാണെന്ന് കണ്ട കള്ള സ്വാമിയുടെ ശിക്ഷ ഇന്ന് കോടതി വിധിക്കുമ്പോൾ മൂന്ന് സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സന്നാഹങ്ങളാണ് ഒരുക്കുന്നത്.

ദര സച്ചാ സൗദാ തലവന്റെ ശിക്ഷ ഇന്നാണ് സിബിഐ കോടതി പ്രഖ്യാപിക്കുക. അതുകൊണ്ട് തന്നെ രാജ്യത്ത് അങ്ങോളമിങ്ങോളം അക്രമം പൊട്ടിപ്പുറപ്പെടുമെന്നത് ഉറപ്പാണ്. ഈ സാഹചര്‌യത്തിൽ എങ്ങും സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കിയിരിക്കയാണ്. ഗുർമീതിനെ പാർപ്പിച്ചിരിക്കുന്ന ഹരിയാനയിലെ റോത്തക് സുനരിയ ജയിലിൽ പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് ഇന്ന് ഉച്ചയ്ക്കു രണ്ടരയ്ക്കു ശിക്ഷ വിധിക്കുക.

പഞ്ച്കുളയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ജഗ്ദീപ് സിങ് ഇന്നലെ വൈകിട്ട് റോത്തക്കിലെത്തി. ഗുർമീത് കുറ്റക്കാരനാണെന്നു വിധിച്ച കഴിഞ്ഞ വെള്ളിയാഴ്ച ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ ആളിക്കത്തിയ കലാപം ഇന്ന് മൂർധന്യത്തിലെത്തിയേക്കുമെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരു സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി. കഴിഞ്ഞദിവസത്തെ ആക്രമണങ്ങളിൽ മരണസംഖ്യ 38 ആയി ഉയർന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദുചെയ്തു.

ദേര അനുയായികളുടെ അക്രമം രാജ്യതലസ്ഥാന നഗരിയിലേക്കു പടരാതിരിക്കാൻ സുരക്ഷാ സേനാംഗങ്ങൾ അതീവ ജാഗ്രതയിലാണ്. ഡൽഹി അതിർത്തിയിൽ പൊലീസ് വാഹന പരിശോധന കർശനമാക്കി. ചെറുസംഘങ്ങളായി റോത്തക്കിലെത്തി പ്രക്ഷോഭം അഴിച്ചുവിടാൻ ഗുർമീത് അനുയായികൾ പദ്ധതിയിടുന്നുവെന്ന സൂചന സുരക്ഷാ ഉദ്യോഗസ്ഥർക്കു ലഭിച്ചിട്ടുണ്ട്. റോത്തക്കിൽ നിന്നു ഡൽഹിയിലേക്കുള്ള വഴിയിലുടനീളം സുരക്ഷാസേനാംഗങ്ങൾ നിലയുറപ്പിച്ചു.

റോത്തക്കിലേക്കെത്തുന്നവർ മതിയായ കാരണം ബോധിപ്പിച്ചില്ലെങ്കിൽ കസ്റ്റഡിയിലെടുക്കുമെന്നു പൊലീസ് അറിയിച്ചു. സൈനിക, അർധസൈനിക വിഭാഗങ്ങളും പൊലീസും ഉൾപ്പെട്ട ത്രിതല സുരക്ഷാ സംവിധാനമാണ് ഹരിയാനയിലും പഞ്ചാബിലും ഒരുക്കിയിരിക്കുന്നത്. അർധസൈനിക സേനയുടെ പൂർണ നിയന്ത്രണത്തിലാണു റോത്തക് ജയിൽ പരിസരം. നിരോധനാജ്ഞ നിലനിൽക്കുന്ന പ്രദേശത്ത് സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കു വെടിയുണ്ടകളെ നേരിടേണ്ടിവരുമെന്ന് റോത്തക് ഡപ്യൂട്ടി കമ്മിഷണർ അതുൽകുമാർ മുന്നറിയിപ്പു നൽകി.

റോത്തക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആക്രമണത്തിനു ജനക്കൂട്ടത്തെ ആഹ്വാനം ചെയ്യാൻ സാധ്യതയുള്ള ഏതാനും പേരെ കരുതൽ തടങ്കലിലാക്കി. ഡൽഹി റോത്തക് ഭട്ടിൻഡ മേഖലയിൽ ട്രെയിൻ സർവീസ് ഭാഗികമായി നിർത്തിവച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ജയിലിലെത്തി സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്തി.

ഹരിയാനയിലും പഞ്ചാബിലും മൊബൈൽ, ഇന്റർനെറ്റ് സേവനം നാളെ രാവിലെ 11.30 വരെ റദ്ദാക്കി. കലാപവുമായി ബന്ധപ്പെട്ട് ഹരിയാനയിൽ ഇതുവരെ 552 പേർ അറസ്റ്റിലായി. പിരിഞ്ഞുപോകാൻ വിസമ്മതിച്ച് അര ലക്ഷത്തോളം അനുയായികൾ സിർസയിൽ ദേര ആസ്ഥാനത്തു തുടരുകയാണ്. സിർസയിലും പരിസരപ്രദേശങ്ങളിലും സൈന്യം ഇന്നലെ ഫ്‌ലാഗ് മാർച്ച് നടത്തി. വിധി പ്രഖ്യാപനം കണക്കിലെടുത്ത് സിർസയിൽ സൈനിക വിന്യാസം ശക്തമാക്കി.

ദേരാ സച്ചാ ആശ്രമത്തിൽ സൈന്യമിറങ്ങി

സിർസയിലെ ദേരാ സച്ചാ സൗദാ ആശ്രമപരിസരത്ത് സൈന്യവും അർധസൈനിക വിഭാഗങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്. സിർസയിലേതൊഴിച്ചുള്ള ഹരിയാണയിലെ സൗദാ കേന്ദ്രങ്ങൾ അധികൃതർ ഒഴിപ്പിച്ചു. ചിലത് പൂട്ടി. സിർസയിലെ ആസ്ഥാനം വിടാൻ ഗുർമീതിന്റെ അനുയായികൾക്ക് അഞ്ചു ബസുകൾ ഏർപ്പാടാക്കാൻ സിർസ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബിലെ കലാപബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി അമരീന്ദർസിങ് സന്ദർശിച്ചു. പഞ്ചാബിലെ 98 കേന്ദ്രങ്ങളിൽ പരിശോധന നടത്തി ഒഴിപ്പിച്ചതായി അമരീന്ദർ സിങ് പറഞ്ഞു. ഗുർമീതിന് ഏറെ അനുയായികളുള്ള ദക്ഷിണ പഞ്ചാബിൽ സുരക്ഷ ശക്തമാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു.

ഇന്നലെ രാവിലെ സിർസയിൽ ദേര ആസ്ഥാനത്തിനു സമീപം ടിവി ചാനൽ മാധ്യമസംഘത്തെ ഗുർമീത് അനുയായികൾ ആക്രമിച്ചിരുന്നു. ഇതിനിടെ ഗുർമീതിന് വിധി കേൾക്കാനായി പഞ്ച്കുലയിലെത്താൻ അകമ്പടി സേവിച്ച അഞ്ചുപൊലീസുകാരുൾപ്പെടെ ഏഴു സുരക്ഷാസൈനികരുടെ പേരിൽ രാജ്യദ്രോഹം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. എസ്.ഐ, എഎസ്ഐ, ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ റാങ്കിലുള്ളവരാണ് അറസ്റ്റിലായത്. ഫയർ എൻജിനടക്കമുള്ള വാഹനങ്ങളായിരുന്നു ഗുർമീതിന് പഞ്ച്കുലയിലേക്ക് അകമ്പടിയായുണ്ടായിരുന്നത്.

പഞ്ച്കുല, കൈതാൽ തുടങ്ങിയ സ്ഥലങ്ങളിലേർപ്പെടുത്തിയ കർഫ്യുവിൽ ഞായറാഴ്ച അഞ്ചുമണിക്കൂർ ഇളവുവരുത്തി. ട്രെയിൻ ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ ഡൽഹി-റോഹ്തക്-ബട്ടിൻഡ ട്രെയിനുകൾക്ക് സുരക്ഷാപ്രശ്‌നങ്ങൾകാരണം അനുമതി ലഭിച്ചിട്ടില്ല. നിലവിൽ സിർസയിലും പഞ്ച്കുലയിലുമായി സൈന്യത്തിന്റെ 24 കോളം (ഏതാണ്ട് 50 സൈനികരാണ് ഒരുകോളം) സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. മൻസ, മുക്ത്‌സർ എന്നിവിടങ്ങളിൽ നാലുവീതവും. വെള്ളിയാഴ്ചത്തെ കോടതി വിധിക്കുശേഷമുണ്ടായ കലാപത്തിൽ 36 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചാബ്-ഹരിയാണ ഹൈക്കോടതി പ്രധാനമന്ത്രി നരേന്ദ്ര മോദി, ഹരിയാണ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ എന്നിവരെ കടുത്തഭാഷയിൽ വിമർശിച്ചിരുന്നു. 

അക്രമം തടഞ്ഞേ പറ്റൂ.. കേന്ദ്ര, ഹരിയാന സർക്കാരുകൾക്കു നിർണായകം.

ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ വിധി പ്രഖ്യാപിക്കുന്ന ഇന്ന് കേന്ദ്ര, ഹരിയാന സർക്കാരുകൾക്കു നിർണായകം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപം ഫലപ്രദമായി നേരിടുന്നതിൽ പരാജയപ്പെട്ട ഭരണകൂടങ്ങൾക്കെതിരെ വ്യാപക വിമർശനമുയർന്ന സാഹചര്യത്തിൽ, ക്രമസമാധാനനില തകരുന്നില്ലെന്ന് ഉറപ്പാക്കുക ഇരുസർക്കാരുകൾക്കും അഭിമാന പ്രശ്‌നം കൂടിയാണ്.

ഗുർമീതിന്റെ കേസ് പരിഗണിക്കുന്ന ദിവസം മുൻകൂട്ടി അറിഞ്ഞിട്ടും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാരുകൾ വരുത്തിയ വീഴ്ചയാണു കാര്യങ്ങൾ കൈവിട്ടുപോകാൻ വഴിയൊരുക്കിയത്. സമാന സാഹചര്യം ഇന്നുമുണ്ടായാൽ ഇരുസർക്കാരുകൾക്കും അതു വലിയ തിരിച്ചടിയാവും. പ്രതിഷേധം അതിരുവിടാതിരിക്കാൻ കർശന നടപടി സ്വീകരിക്കുക എന്ന നിർദ്ദേശമാണു സുരക്ഷാസേനാംഗങ്ങൾക്കു ഭരണ നേതൃത്വം നൽകിയിരിക്കുന്നത്.

ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും വിധി വരുമ്പോൾ അനുയായികൾ അക്രമാസക്തരായി തെരുവിലിറങ്ങുമെന്നാണു വിലയിരുത്തൽ. സിർസ ആസ്ഥാനത്തുനിന്ന് അനുയായികളെ പറഞ്ഞുവിടാൻ സൈന്യം പലകുറി ശ്രമിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. ഹരിയാനയിൽ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനാണു പ്രഥമ പരിഗണനയെന്നു സംസ്ഥാന പൊലീസ് മേധാവി ബി.എസ്.സന്ധു പറഞ്ഞു. 

റാഞ്ചിയിൽ ട്രെയിനിന് ഗുർമീത് അനുയായികൾ തീവെച്ചു

അതേസമയം ഗുർമീത് റാം റഹിം സിങ് മാനഭംഗക്കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെത്തുടർന്നുണ്ടായ അക്രമം റാഞ്ചിയിലേക്കും. അനുയായികൾ ഇന്നലെ ഹടിയ സ്റ്റേഷനിലെ ലോക്കോ ഷെഡിൽ നിർത്തിയിട്ടിരുന്ന ചൗപരൻ റാഞ്ചി എക്സ്‌പ്രസിനു തീവച്ചു. റാഞ്ചിയിലെത്തിയ ട്രെയിനിൽനിന്നു യാത്രക്കാർ ഇറങ്ങിയശേഷം ബോഗികൾ യാർഡിലേക്കു മാറ്റിയിരുന്നു. ട്രെയിനിൽനിന്നു തീ ആളിപ്പടരുന്നതു കണ്ടു ലോക്കോ പൈലറ്റ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ആർപിഎഫും അഗ്‌നിശമനസേനയും ഉടൻതന്നെ സ്ഥലത്തെത്തി തീ അണച്ചതിനാൽ വൻദുരന്തം ഒഴിവായി.