- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രി സടക് യോജന റോഡ് നിർമ്മാണത്തിലെ അഴിമതി: കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ ചീഫ് എഞ്ചിനീയർക്ക് 4 വർഷം തടവും 1.5 ലക്ഷം പിഴയും ശിക്ഷ; ശിക്ഷാ വിധി സിബിഐ കോടതിയുടേത്
തിരുവനന്തപുരം: പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന റോഡ് നിർമ്മാണ കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് റിട്ട. ചീഫ് എഞ്ചിനീയറെ തിരുവനന്തപുരം സി ബി ഐ കോടതി 4 വർഷം കഠിന തടവനുഭവിക്കാനും 1.5 ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. യു പി സ്വദേശിയായ ഷൈലേന്ദ്ര കുമാറിനെയാണ് സി ബി ഐ ജഡ്ജി കെ. സനിൽകുമാർ ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം 1 വർഷം അധിക തടവനുഭവിക്കാനും കോടതി ഉത്തരവിട്ടു.
2015 ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേന്ദ്ര സർക്കാറിന്റെ നാഷണൽ ക്വാളിറ്റി മോണിറ്ററിങ് വിഭാഗത്തിലാണ് ഷൈലേന്ദ്രകുമാർ ജോലി ചെയ്തത്. നാഷണൽ റൂറൽ റോഡ് ഡെവലപ്മെന്റ് അഥോറിറ്റിയാണ് കേരളത്തിലെ കൊല്ലം , പത്തനംതിട്ട ജില്ലകളിലെ ഗ്രാമീണ റോഡ് നിർമ്മാണം നിരീക്ഷിക്കാനായി പ്രതിയെ നിയമിച്ചത്. ജനുവരി 11 മുതൽ 22 തീയതികളിൽ ഇദ്ദേഹം പരിശോധന നടത്തി.
കരാറുകാർക്ക് ബിൽ തുക സർക്കാരിൽ നിന്നും കിട്ടുന്നതിന് പ്രതിയുടെ സർട്ടിഫിക്കറ്റ് ആവശ്യമായിട്ടുണ്ട്. ആയതിലേക്കായി പ്രതി വാങ്ങിയെന്നാരോപിക്കുന്ന കൈക്കൂലിപ്പണമായ 1, 65, 500 രൂപ , പാരിതോഷികമായി വാങ്ങിയ കിലോ ക്കണക്കിന് കശുവണ്ടികൾ , സാരികൾ എന്നിവ പ്രതിയുടെ റൂമിൽ നിന്ന് സിബിഐ കണ്ടെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
2015 സെപ്റ്റംബർ 3 ന് കേസിൽ കുറ്റപത്രം സമർപ്പിച്ചു. അഴിമതി നിരോധന നിയമത്തിലെ 7 , 13 (2) (1) എന്നീ വകുപ്പുകൾ ചുമത്തിയാണ് കോടതി പ്രതിയെ വിചാരണ ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ