- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിക്കുന്നതിന് ഏഴുമാസം മുമ്പ് ബാലഭാസ്ക്കർ എടുത്തത് 82 ലക്ഷത്തിന്റെ പോളിസി; രേഖപ്പെടുത്തിയത് വിഷ്ണു സോമസുന്ദരത്തിന്റെ മൊബൈൽ നമ്പരും ഇമെയിൽ വിലാസവും; ബാലുവിന്റെ കയ്യൊപ്പ് വ്യാജമാണെന്ന ബന്ധുക്കളുടെ പരാതി ഗൗരവത്തോടെ എടുത്തു സിബിഐ; ഇൻഷുറൻസ് പോളിസിയിലെ ദുരൂഹത നീക്കാൻ അന്വേഷണം തുടങ്ങി; കമ്പനിയുടെ ഡെവലപ്മെന്റ് ഓഫീസറെയും ഏജന്റിനേയും ഉടൻ ചോദ്യം ചെയ്യും
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കർ മരിക്കുന്നതിന് ഏഴു മാസം മുമ്പ് എടുത്ത ഇൻഷുറൻസ് പോളിസിയെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തു. ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ ഉയർത്തിയ സംശയങ്ങൾ തീർക്കാൻ വേണ്ടിയാണ് അന്വേഷണം ഊർജ്ജിതപ്പെടുത്തുന്നത്. പോളിസി രേഖകളിലെ ബാലഭാസ്ക്കറിന്റെ കയ്യൊപ്പ് വ്യാജമാണെന്ന ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇൻഷുറൻസ് കമ്പനിയുടെ ഡെവലപ്മെന്റ് ഓഫീസറെയും ഏജന്റിനേയും അന്വേഷണ സംഘം ചോദ്യം ചെയ്യും. പോളിസി രേഖകളിലെ ബാലഭാസ്കറിന്റെ കയ്യൊപ്പ് വ്യാജമാണെന്നും വിവരങ്ങൾ തെറ്റായി നൽകിയെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമുള്ള ബന്ധുക്കളുടെ പരാതി സിബിഐ ഗൗരവത്തോടെയാണ് കാണുന്നത്. ഈ വിഷയം വിശദമായി അന്വേഷിക്കാനാണ് സിബിഐ തീരുമാനം. ഇതിനൊപ്പം പോളിസി രേഖകൾ ഹാജരാക്കാൻ ഇൻഷുറൻസ് കമ്പനിയോട് ഉടൻ ആവശ്യപ്പെടുമെന്നാണ് സൂചന.
നേരത്തെ ബന്ധുക്കളുടെ പരാതിയിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇൻഷുറൻസ് പോളിസിയുടെ വിവരങ്ങൾ കമ്പനിയിൽ നിന്നും ശേഖരിക്കുകയും ചെയ്തിരുന്നു. ബാലഭാസ്കർ മരിക്കുന്നതിന് ഏഴുമാസം മുമ്പാണ് 82 ലക്ഷം രൂപ ഇൻഷുറൻസ് കവറേജുള്ള പോളിസി ബാലഭാസ്ക്കറിന്റെ പേരിൽ എടുക്കുന്നത്. പോളിസി രേഖകളിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ മൊബൈൽ നമ്പരും ഇമെയിൽ വിലാസവുമാണ് രേഖപ്പെടുത്തിയിരുക്കുന്നത്.
ഇതിനൊപ്പം ഐആർഡിഎ ചട്ടങ്ങൾ ലംഘിച്ച് ഇൻഷുറൻസ് ഡവലപ്പ്മെന്റ് ഓഫീസറുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രീമിയം അടച്ചത് എന്നതും ഇതിലെ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. സ്വർണ്ണക്കടത്ത് കേസിലെ പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ അടുത്ത സുഹൃത്തായ ഡെവലപ്മെന്റ് ഓഫീസർ വഴിയാണ് ഈ ഇൻഷുറൻസ് പോളിസി എടുത്തിരിക്കുന്നത്.
നേരത്തെ ബാലഭാസ്ക്കറിന്റെ അപകട മരണത്തിൽ കലാഭവൻ സോബിക്കെതിരായ നിലപാടാണ് സിബിഐ കൈക്കൊണ്ടത്. സോബി പ്രശസ്തിക്കു വേണ്ടി മാറിമാറി ആരോപണങ്ങൾ ഉന്നയിക്കുന്നു എന്നാണ് അന്വേഷണകർ കണ്ടെത്തിയിരിക്കുന്നത്. കലാഭവനിൽ സൗണ്ട് റിക്കോർഡിസ്റ്റായിരുന്ന സോബി പിന്നീട് അവിടം വിട്ടു സ്വന്തം ട്രൂപ്പ് തുടങ്ങി. സാമ്പത്തിക തട്ടിപ്പിനു വിവിധ ജില്ലകളിൽ കേസുണ്ട്. സോബിയുടെ വിശദമായ ചരിത്രം അന്വേഷിക്കാനും സിബിഐ തീരുമാനിച്ചു. ബാലഭാസ്കറിന്റേത് അപകടമരണം തന്നെയെന്ന നിഗമനത്തിലാണ് സിബിഐയും എത്തുന്നത്. അപകടസ്ഥലത്തു സ്വർണക്കടത്തു സംഘത്തിലെ ചിലരെ കണ്ടെന്ന കലാഭവൻ സോബിയുടെ മൊഴി സാധൂകരിക്കുന്ന ഒരു തെളിവും സിബിഐക്കു ലഭിച്ചില്ല.
നുണ പരിശോധനാ ഫലം വിശകലനം ചെയ്തപ്പോഴും സോബിയുടെ മൊഴി വിശ്വസനീയമല്ലെന്നാണു സിബിഐ വിലയിരുത്തൽ. മാത്രമല്ല, അപകടസ്ഥലത്തു സോബി കണ്ടെന്നു പറഞ്ഞയാൾ ആ സമയത്തു ബെംഗളൂരുവിലായിരുന്നെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. കേസ് അന്വേഷിച്ച ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അപകടത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിലായിരുന്നു.
ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷനു സമീപം 2018 സെപ്റ്റംബർ 25 ന് പുലർച്ചെയാണു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. അദ്ദേഹവും മകളും മരിച്ചു. ഭാര്യയ്ക്കു ഗുരുതര പരുക്കേറ്റു. ഈ അപകടത്തിനു പിന്നാലെ അതുവഴി കാറിൽ പോയ താൻ ദുരൂഹ സാഹചര്യത്തിൽ ചിലരെ അവിടെ കണ്ടെന്നായിരുന്നു സോബി ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി. പിന്നീടു തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് അന്വേഷിച്ച ഡിആർഐ സംഘം കള്ളക്കടത്തുകാരുടെ ചിത്രങ്ങൾ കാണിച്ചപ്പോൾ അതിലൊരാൾ അന്ന് അപകടസ്ഥലത്തുണ്ടായിരുന്നെന്നും മൊഴി നൽകിയിരുന്നു.
താൻ സംഭവസ്ഥലത്ത് എത്തുന്നതിനു മുൻപു ബാലഭാസ്കറിന്റെ കാർ ആക്രമിക്കപ്പെട്ടെന്നാണു സോബി സിബിഐക്കു മൊഴി നൽകിയത്. സോബി അടിക്കടി പുതിയ വെളിപ്പെടുത്തലുകൾ നടത്തുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാൻ തെളിവില്ലാത്ത അവസ്ഥയിലാണ് അന്വേഷകർ. അപകടസമയത്തു വാഹനമോടിച്ചതു ബാലഭാസ്കറായിരുന്നുവെന്ന ഡ്രൈവർ അർജുന്റെ മൊഴി കള്ളമാണെന്നും പരിശോധനയിൽ സിബിഐ കണ്ടെത്തി. താനാണു കാർ ഓടിച്ചിരുന്നതെന്ന കാര്യം കേസ് ഭയന്നാണ് അർജുൻ മറച്ചുവച്ചതെന്നാണു സൂചന. ഫലത്തിൽ, ബാലഭാസ്കറുമായി അടുപ്പമുള്ള പലരും സ്വർണക്കടത്തു നടത്തിയിട്ടുണ്ടെങ്കിലും അപകടവുമായി അതിനു ബന്ധമില്ലെന്ന നിഗമനത്തിലാണ് ഇപ്പോൾ സിബിഐ.
മറുനാടന് മലയാളി ബ്യൂറോ