തിരുവനന്തപുരം: ശ്രീജിത്തിന്റെ സഹന സമരം ഒടുവിൽ വിജയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രതിനിധിയായ എം വി ജയരാജൻ സമരപ്പന്തലിൽ എത്തി കൈമാറിയ സിബിഐ അന്വേഷണ ഉത്തരവും കോടതിയിൽ നൽകിയ പെറ്റീഷനും ഈ സമരത്തിന് വിജയകരമായ സമാപനം തന്നെയാണ് സൂചിപ്പിക്കുന്നത്. ഇനി വേണ്ടത് ചില കടലാസു ജോലികൾ മാത്രം. സെക്രട്ടറിയേറ്റിന്റെ മുൻപിൽ ഇരുന്നു 771 ദിവസം നഷ്ടപ്പെടുത്തിയ ഒരു മനുഷ്യന്റെ കേസാണ് ഇതെന്നു കരുതി വേണ്ടത്ര ഉത്തരവാദിത്തം സർക്കാരുകൾ കാട്ടിയാൽ നാളെ തന്നെ ശ്രീജിത്തിന് സമരം അവസാനിപ്പിക്കാം.

ഈ സമരത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ നിരവധി പേർ രംഗത്തു വരുന്നുണ്ട്. ഞങ്ങളാണ് ആദ്യം വാർത്ത കൊടുത്തത് എന്നു പറയുന്ന അനേകം മാധ്യമങ്ങളെ കണ്ടു. ഞങ്ങളും വാർത്ത കൊടുത്തിരുന്നു എന്നല്ലാതെ ഞങ്ങൾ മാത്രമാണ് കൊടുത്തത് എന്ന അവകാശവാദം മറുനാടനില്ല. സമരപ്പന്തലിൽ നിന്നും ഒരാൾ പറഞ്ഞത് ഞങ്ങളുടെ സമരത്തിന്റെ വിജയമാണ് എന്നാണ്. ആരൊക്കെയാണ് ഈ ഞങ്ങൾ എന്നു വ്യക്തമല്ല. ഇതങ്ങനെ ആർക്കും അവകാശപ്പെട്ട വിജയം അല്ല. രണ്ടു വർഷത്തിലധികം മഴയും വെയിലും കൊണ്ടു സെക്രട്ടറിയേറ്റ് നടയിൽ പട്ടിണി കിടക്കാൻ ശ്രീജിത്ത് കാട്ടിയ തന്റേടത്തിന്റെ മാത്രം വിജയമാണ്.

അതിനപ്പുറം എന്തെങ്കിലും അവകാശപ്പെടാൻ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഒറ്റപ്പെട്ട ഈ ശബ്ദം ഒരു വലിയ സമരമാക്കി മാറ്റിയ സോഷ്യൽ മീഡിയ ഉപഭോക്താവിനുള്ളതാണ്. ലോകം എമ്പാടുമുള്ള ലക്ഷക്കണക്കിന് മലയാളികൾ ആണ് ശ്രീജിത്ത് എന്ന യുവാവിന്റെ ഒറ്റയാൻ പോരാട്ടത്തിന്റെ പ്രചാരകനായി മാറിയത്. വൈറൽ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം ആദ്യമായി മലയാളികൾ മനസ്സിലാക്കിയത് ഇങ്ങനെയാണ്.

സോഷ്യൽ മീഡിയ തെരുവിൽ ഇറങ്ങിയ ദിവസം പ്ലക്കാർടുമായെത്തി സെക്രട്ടറിയേറ്റ് പടിക്കൽ എത്തിയവർ മാത്രമല്ല ഈ സമരത്തിന് ആവേശം പകർന്ന നൂറുകണക്കിന് വ്യക്തികൾക്കും ഇതിൽ പങ്കുണ്ട്. നിരവധി ഫേസ്‌ബുക്ക് വാട്‌സാപ്പ് ഗ്രൂപ്പുകൾ ഇതിന്റെ ഭാഗമായി. മല്ലു സൈബർ, സോൾജിയേഴ്‌സ്, ഐസിയു, ഔട്ട്‌സ്‌പോക്കൺ, ട്രോൾ മലയാളം തുടങ്ങിയവയാണ് ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ട രണ്ടു പേരുകൾ. എന്നാൽ അവരിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല ഈ വിജയത്തിന്റെ ക്രെഡിറ്റ്.

എന്നിട്ടും കലിയടങ്ങാതെ എതിർ പ്രചാരണങ്ങളുമായി ചില സോഷ്യൽ മീഡിയ അവതാരങ്ങൾ രംഗത്തുണ്ട്. പൊലീസിനെ ന്യായീകരിച്ചും ശ്രീജിത്തിനെയും ശ്രീജീവിനെയും മോശക്കാരാക്കിയുമാണ് ഇവർ രംഗത്തുള്ളത്. ഇത്രയും കാലം ഒരാൾക്ക് നീതി നിഷേധിച്ച ശേഷം നീതിയുടെ വാതിൽ തുറന്നു കണ്ടപ്പോഴേക്കും അവർ കൂട്ടത്തോടെ ആക്രമണം നടത്തുകയാണ്. ആരോപണ വിധേയരായവരെ ന്യായീകരിക്കാൻ മാത്രമല്ല ശ്രീജിത്തിനെയും മരിച്ചു പോയ സഹോദരനെയും മോഷ്ടാവും പെണ്ണു പിടിയനും ലൈംഗിക മനോരോഗിയും ഒക്കെയായി ചിത്രീകരിക്കുകയുമാണ് ഇവർ.

ഈ വ്യാജ പ്രചാരണം മാത്രം മതി ഇവരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കാൻ. ഫുട്‌ബോൾ താരം വിനീതിനെ പോലും ഇവർ വെറുതെ വിടുന്നില്ല. പൊലീസുകാർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ യാതൊരു അവകാശവും ഇല്ല എന്നിരിക്കെയാണ് ഊ ഗീർവാണങ്ങൾ എന്നോർക്കണം. അവർ പറഞ്ഞ വ്യാജ ആരോപണങ്ങൾ പൊളിച്ചടുക്കിയവർക്കെതിരെ കേസെടുക്കാൻ ആണ് നീക്കം. ഏതു നിയമം അനുസരിച്ച് അല്ലെങ്കിൽ ഏതു വകുപ്പ് അനുസരിച്ച് കേസ് എടുക്കും എന്നു മാത്രം ചോദിക്കരുത്.

മരയൂള എന്നു വിളിച്ചത് പൊലീസിന് നാണക്കേടായത്രേ. ഇതു പറഞ്ഞു കേസ് കൊടുത്ത രഘു എന്ന പൊലീസുകാരനോട് പറയുന്നത് നിയമം ലംഘിച്ചു സോഷ്യൽ മീഡിയയിൽ ഇടപെടുന്ന പൊലീസുകാരെ മരയൂള എന്നു തന്നെയാണ് വിളിക്കേണ്ടത്. അതുകൊണ്ട് ഞങ്ങളും ആവർത്തിക്കുന്നു. താങ്കൾ ഒരു മരയൂള തന്നെയാണ്. ശ്രീജിത്തിന്റെ സമരത്തെ ഒറ്റുകൊടുക്കുന്നവരൊക്കെ മരയൂളകൾ തന്നെയാണ്. ധൈര്യമുണ്ടെങ്കിൽ ഞങ്ങൾക്കെതിരെ കേസ് എടുക്കുക ബാക്കി നോക്കിക്കോളാം.