- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലെ പാർട്ടി ഗ്രാമത്തിലെ ദളിത് യുവാവിന്റെ ദുരൂഹ മരണം: മകൻ ഹൃദയാഘാതത്തിൽ മരിച്ചതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും ആരോപിച്ചു മാതാവ്; മരണ വിവരം ബന്ധുക്കളെ അറിയിച്ചത് 12 മണിക്കൂറിന് ശേഷം; എടക്കാട് പൊലീസും കേസ് അട്ടിമറിച്ചു; നേരറിയാൻ സിബിഐ വേണമെന്ന ആവശ്യവുമായി മാതാവ്
കണ്ണൂർ: പാർട്ടി ഗ്രാമത്തിൽ മകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിലെ സത്യം പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിരന്തര സമരം നടത്തുകയാണ് ഒരമ്മയും ബന്ധുക്കളും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തിലെ പെരളശേരിയിലെ മുന്നു പെരിയയിലാണ് ആർടിസ്റ്റ് കൊയിലേര്യൻ സുജിത്തെന്ന ദളിത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെക്കിക്കുളത്തെ സിപിഎം പാർട്ടിബ്രാഞ്ച് അംഗവും ദളിത് കുടുംബത്തിലെ അംഗവുമാണ് സുജിത്ത്. 2018 ഫെബ്രുവരി നാലിന് മൂന്നു പെരിയയിലെ റോഡരികിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിൽ സിപിഎം എടക്കാട് ഏരിയാ സമ്മേളനത്തിന്റെയും സഹകരണ കോൺഗ്രസിന്റെയും പ്രചാരണ ബോർഡുകൾ എഴുതാനായി വന്ന സുജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
എന്നാൽ തന്റെ മകൻ ഹൃദയാഘാതത്തിൽ മരിച്ചതല്ലെന്നും കൊല്ലപ്പെട്ടതാണെന്നുമാണ് അമ്മ കൊയിലേര്യൻ കമലാക്ഷി പറയുന്നത്. പൊലിസും ക്രൈംബ്രാഞ്ചും കേസ് നിരന്തരമായി അട്ടിമറിക്കാൻ ശ്രമിക്കുകയാണ് . മരണം നടന്നയുടൻ തന്നെ ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രദേശത്തെ സിപിഎം നേതാക്കൾ പറഞ്ഞു പരത്തി. ഇതിനായി സുജിത്തിന്റെ നാടായ ചെക്കിക്കുളത്തെ സിപിഎം പ്രാദേശികനേതാവും ഒത്തുകളിച്ചു. 12 മണിക്കൂറിനു ശേഷമാണ് സുജിത്തിന്റെ മരണ വിവരം ബന്ധുക്കളെ അറിയിച്ചത്. എടക്കാട് പൊലിസ് തുടക്കത്തിലെ കേസ് അട്ടിമറിക്കാൻ സഹായിക്കുകയാണ് ചെയ്തത്.
ഒടുവിൽ പോസ്റ്റുമോർട്ടം ചെയ്യാതെ മൃതദേഹം സംസ്കരിക്കാനുള്ള നീക്കവുമുണ്ടായി. ബന്ധുക്കൾ എതിർത്തതോടെയാണ് പൊലിസും സിപിഎം പ്രവർത്തകരും ഈ നീക്കത്തിൽ നിന്നും പിന്തിരിഞ്ഞത്. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഡോ.ഗോപാലക്യഷ്ണൻ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സുജിത്തിന്റെ മരണം സ്വാഭാവികമല്ലെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് പട്ടിക ജന സമാജം ഭാരവാഹികൾ ചൂണ്ടികാട്ടി. കഴുത്ത് മുറുക്കിയതിന്റെ പാടുകളും ക്ഷതങ്ങളും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിൽ ആറോളം മുറിവുകളുണ്ട്. കണ്ണിൽ രക്തം കട്ട പിടിച്ചിട്ടുണ്ട്. ഹൃദയാഘാതമാണ് മരണകാരണമെങ്കിലും ഈ ലക്ഷണങ്ങൾ എങ്ങനെയാണ് ദേഹത്ത് കണ്ടെത്തിയതെന്ന് പട്ടിക ജന സമാജം നേതാവ് തെക്കൻ സുനിൽകുമാർ ചോദിച്ചു.
കഴിഞ്ഞ 15 വർഷത്തിനിടെ പത്ത് ദളിത് യുവാക്കളാണ് കണ്ണൂരിൽ കൊല്ലപ്പെട്ടത്. ഈ കേസുകളൊന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. എല്ലാം പൊലിസ് അട്ടിമറിക്കുകയായിരുന്നു. ഏറ്റവും ഒടുവിൽ കൊയിലേര്യൻ സുജിത്തിന്റെ മരണത്തിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. മരണം നടന്ന സ്ഥലത്തെ തെളിവുകൾ നശിപ്പിക്കാനായി എടക്കാട് പൊലിസ് മുന്നു പെരിയയിലെ വാടക കെട്ടിടത്തിൽ യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയില്ല. സിപിഎം പ്രാദേശികനേതാക്കൾ പറഞ്ഞതനുസരിച്ച് പോസ്റ്റുമോർട്ടം നടക്കുന്നതിന് മുൻപ്തന്നെ ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലിസ് എഫ്.ഐ.ആറിൽ എഴുതി ചേർക്കുകയായിരുന്നു. മരണം കൊലപാതകമാണെന്ന് ചുണ്ടികാട്ടി അമ്മയും ബന്ധുക്കളും പരാതി നൽകിയിട്ടും ആരോപണ വിധേയരായ സിപിഎം നേതാക്കൾക്കെതിരെ പൊലിസ് അന്വേഷണം നടത്തിയില്ല.
തുടർന്ന് ബന്ധുക്കളുടെ പരാതിപ്രകാരം കേസ് ക്രൈംബ്രാഞ്ചിന് വിട്ടുവെങ്കിലും ഭരണ തലത്തിൽ തന്നെ അട്ടിമറിക്കാൻ ശ്രമിച്ചു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പിയായ റഹീം ആരോപണ വിധേയരായ സിപിഎം പ്രാദേശികനേതാക്കളെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയപ്പോൾ അദ്ദേഹത്തെ പിറ്റേന്ന് തന്നെ സ്ഥലം മാറ്റി. പിന്നീട് വന്ന ഡി.വൈ എസ്പി കേസ് ഫയൽ തുറന്നു നോക്കുകയോ പരാതി കാരെ കാണാനോ കൂട്ടാക്കിയില്ല. ഹൃദയാഘാതത്തിന്റെ കഠിന വേദനയാൽ സുജിത്ത് സ്വയം കഴുത്ത് ഞെരിച്ചതിനാലാണ് പാടുകൾ സംഭവിച്ചതെന്ന വിചിത്രമായ ന്യായമാണ് കണ്ണൂർ ഡി.വൈ.എസ്പി പി.പി സദാനന്ദൻ പറഞ്ഞതെന്ന് അമ്മ കമലാക്ഷി പറഞ്ഞു. പരാതി നൽകാതെ ഈ വിഷയം അവസാനിപ്പിക്കുകയാണ് നല്ലതെന്ന് ഡി.വൈ.എസ്പി ഉപദേശിച്ചതായും കമലാക്ഷി ആരോപിച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പട്ടിക ജന സമാജം ഭാരവാഹികളുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുൻപിൽ ധർണ നടത്തിയിരുന്നു. പിന്നീട് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സായാഹ്ന ധർണയും സുജിത്തിന്റെ നാടായ ചെക്കി കുളത്ത് പൊതുയോഗവും നടത്തി. കോൺഗ്രസും മറ്റു സംഘടനകളും സമരത്തിന് പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്
ഉള്ളതെല്ലാം വിറ്റുപെറുക്കിയാലും കിടപ്പാടം നഷ്ടപ്പെടുത്തിയാലും താൻ സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സുജിത്തിന്റെ അമ്മ കമലാക്ഷി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കൊയിലേര്യൻ സുജിത്തിന്റെ കൊലപാതക കേസിലെ പ്രതികളെ പിടി കുടുന്നതിനായി പ്രക്ഷോഭമാരംഭിക്കുമെന്ന് പട്ടിക ജന സമാജം ഭാരവാഹികൾ അറിയിച്ചു. സിപിഎമ്മിനും അവരുടെ സഹകരണ ബാങ്കു ൾക്കും പണിയെടുത്ത വഴി ലക്ഷങ്ങൾ കൂലിയായി സുജിത്തിന് നൽകാനുണ്ടെന്നും ഇതു ചോദിച്ച വൈരാഗ്യത്തിന് രണ്ട് ലോക്കൽ കമ്മിറ്റിയിലെ നേതാക്കൾ ആസുത്രിതമായാണ് തന്റെ മകനെ കൊലപ്പെടുത്തിയതെന്നുമാണ് അമ്മ കമലാക്ഷിയുടെ ആരോപണം. വിവാഹം കഴിക്കുന്നതിനും വീട് അറ്റകുറ്റ പണിക്കുമായി സുജിത്ത് തനിക്ക് തരാനുള്ള പണം ചോദിച്ചതിന്റെ വൈരാഗ്യത്തിൽ സിപിഎം പ്രാദേശികനേതാക്കൾ തന്റെ മകനെ കൊന്നുതള്ളുകയായിരുന്നുവെന്നാണ് അമ്മയുടെ ആരോപണം.