കൊച്ചി: ലാവലിൻ കേസ് പരിഗണിക്കുന്നതു നീട്ടണമെന്നു സിബിഐ. രണ്ടുമാസത്തേക്കു നീട്ടണമെന്നാണു സിബിഐ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

നാളെ കേസ് പരിഗണിക്കാനിരിക്കേയാണ് സിബിഐ ഇങ്ങനെയൊരാവശ്യം ഉന്നയിച്ചത്. സിബിഐക്കു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ പരംജിത് സിങ്ങാണു കോടതിയിൽ ഹാജരാകുന്നത്.

കേരളത്തിലെ ജലവൈദ്യുത പദ്ധതികളായ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ എന്നിവയുടെ പുനരുദ്ധാരണത്തിന് വേണ്ടി 374.50 കോടി രൂപയുടെ കരാർ നൽകിയതിൽ സർക്കാരിന് വൻനഷ്ടമുണ്ടായെന്നും അന്നത്തെ വൈദ്യൂതി മന്ത്രിയായിരുന്ന പിണറായി വിജയന് കരാർ ലാവ്ലിന് നൽകുന്നതിൽ പങ്കുണ്ടെന്നുമാണ് കേസ്. എന്നാൽ സിബിഐ കോടതി 2013 നവംബറിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടിരുന്നു.

ഈ വിധിക്കെതിരെയുള്ള ഹർജികളാണ് നാളെ ജസ്റ്റീസ് കമാൽപാഷയുടെ ബഞ്ച് പരിഗണിക്കാനിരിക്കുന്നത്. ഈ ഹർജികൾ നീട്ടി വെക്കണമെന്നാണ് സിബിഐ ആവശ്യം. നേരത്തേ ലാവ്ലിൻ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടുമാസത്തേക്ക് മാറ്റിവച്ചിരുന്നു. 2000 മുതലുള്ള റിവിഷൻ ഹർജികൾ കോടതിയിൽ കെട്ടിക്കിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് നീട്ടിയത്. ലാവ്ലിൻ കേസ് അടിയന്തിരമായി പരിഗണിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കേരള നിയമസഭാ തിരഞ്ഞെടുപ്പ് കാലയളവിലായിരുന്നു ഇത്. രാഷ്ട്രീയ ആവശ്യങ്ങൾക്കായി കോടതിയെ ഉപയോഗിക്കരുതെന്നും ജസ്റ്റിസ് പി ഉബൈദിന്റെ ബഞ്ച് അന്നു വ്യക്തമാക്കിയിരുന്നു.