- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസുകളിൽ പെടുന്ന സമ്പന്നരെ രക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; പ്രധാനമന്ത്രിയുടെ ഓഫീസ് നമ്പർ ഉൾപ്പെടെ സ്പൂഫ് ചെയ്തു; തീഹാർ ജയിലിൽ നിന്നും സുകേശ് വിളിച്ചത് പ്രത്യേക ആപ്പുകളുടെ സഹായത്തോടെ; ലീന മരിയ പോളും സംഘവും തട്ടിയത് കോടികളെന്ന് സിബിഐ റിപ്പോർട്ട്
കൊച്ചി: കേസുകളിൽ പെടുന്ന സമ്പന്നരെ ഉന്നത സ്വാധീനമുപയോഗിച്ച് രക്ഷിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നടി ലീന മരിയ പോളും ഭർത്താവ് സുകേശ് ചന്ദ്രശേഖറും നടത്തിയ കോടികളുടെ തട്ടിപ്പ് സംബന്ധിച്ച സിബിഐ റിപ്പോർട്ട് പുറത്ത്. തീഹാർ ജയിലിൽ കഴിയുന്ന ലീനയുടെ ഭർത്താവ് സുകേശ് ചന്ദ്രശേഖർ സ്പൂഫ് ചെയ്ത നമ്പറുകളിൽ നിന്ന് വിളിച്ചാണ് തട്ടിപ്പുകൾ നടത്തിയിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ്, ആഭ്യന്തര മന്ത്രാലയം, സുപ്രീം കോടതി ജഡ്ജി എന്നിവരുടെ നമ്പറുകൾ സ്പൂഫ് ചെയ്തായിരുന്നു തട്ടിപ്പെന്ന് റിപ്പോർട്ടിൽ പറയുന്നു.
സിബിഐ തെലങ്കാന യൂണിറ്റ് എസ്പി പി.സി കല്യാൺ കോടതിയിൽ സമർപ്പിച്ച 16 പേജുള്ള റിപ്പോർട്ടിലാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങളുടെ വിശദാംശങ്ങളുള്ളത്. ഹൈദരാബാദിൽ ഒരു കേസിൽ അറസ്റ്റിലായ സാംബശിവ റാവു എന്ന വ്യവസായിയെ ലീനയുടെ ആളുകൾ സമീപിക്കുകയും രക്ഷപ്പെടുത്താൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. സിബിഐ അഡീഷണൽ ഡയറക്ടറുടെ ഓഫീസിൽ നിന്ന് വിളിക്കും എന്നായിരുന്നു അറിയിച്ചത്.
മറ്റൊരു തട്ടിപ്പ് കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ലീനയുടെ ഭർത്താവ് സുകേശ് ചന്ദ്രശേഖറായിരുന്നു സ്പൂഫ് ചെയ്ത നമ്പറിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥനെന്ന വ്യാജേന വിളിച്ചതും മൂന്ന് കോടി രൂപ ആവശ്യപ്പെട്ടതും. സംശയം തോന്നിയ റാവു കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു.
ഇതോടെയാണ് ലീന മരിയ പോൾ ഉൾപ്പെട്ട സംഘത്തിന്റെ തട്ടിപ്പുകൾ പുറത്തുവന്നത്. നടി ലീനയുടെ കൊച്ചിയിലെ വീട്ടിൽ പരിശോധന നടത്തിയതോടെ നാല് ഫോണുകൾ കണ്ടെത്തി. ഇത് വിശദമായി പരിശോധിച്ചപ്പോഴാണ് ജയിലിൽ കഴിയുന്ന സുകേശിനെ നിരന്തരം വിളിച്ചതിന്റെ വിശദാംശങ്ങൾ ലഭിക്കുന്നത്.
ജയിലിൽ കഴിയുന്ന സുകേശ് പ്രത്യേക ആപ്പുകളുടെ സഹായത്തോടെയാണ് സ്പൂഫ് ചെയ്ത നമ്പറുകളിൽ നിന്ന് വിളിച്ചത്. സ്പൂഫിങ് രീതിയെ സംബന്ധിച്ചും സിബിഐ റിപ്പോർട്ടിൽ വിശദമായി പറയുന്നു. സിബിഐ നടത്തിയ അന്വേഷണത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നമ്പർ ഉൾപ്പെടെ സ്പൂഫ് ചെയ്ത വിവരം മനസ്സിലാക്കുന്നത്. സമാനമായ മറ്റൊരു തട്ടിപ്പ് കേസിലാണ് ലീന മരിയ പോൾ ഇപ്പോൾ ജയിലിൽ കഴിയുന്നത്. 200 കോടി രൂപയുടെ തട്ടിപ്പ് കേസാണിത്.
കൊച്ചിയിൽ നിന്നടക്കം ലീനയും ഭർത്താവും ഉപയോഗിച്ചിരുന്ന 40ൽ അധികം ആഡംബര വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. ഇത് ലേലം ചെയ്യാനായി ഇട്ടിരിക്കുകയാണ്. രാഷ്ട്രീയ സ്വാധീനത്തിന്റെ പിൻബലത്തോടെയാണ് തട്ടിപ്പെന്നും അതുതന്നെയാണ് ജയിലിൽ കഴിയുന്ന സുകേശിന് ഇത്രയും അത്യാധുനിക രീതികളുപയോഗിച്ച് തട്ടിപ്പിന് സഹായമായതെന്നും വിലയിരുത്തപ്പെടുന്നു. തട്ടിപ്പ് നടത്തി സമ്പാദിക്കുന്ന പണം വാങ്ങിയിരുന്നത് നടി ലീന മരിയ പോൾ നേരിട്ടായിരുന്നു.
കൊച്ചിയിൽ നടി നടത്തിയിരുന്ന ബ്യൂട്ടിപാർലറിന് നേരെ അധോലോക കുറ്റവാളി രവി പൂജാരിയുടെ സംഘം വെടിവെപ്പ് നടത്തിയതോടെയാണ് ലീനയെ കുറിച്ച് ആദ്യമായി പൊതുജനം കേൾക്കുന്നത്. എന്നാൽ അന്ന് ഒരു രക്തസാക്ഷി പരിവേഷമുണ്ടായിരുന്ന ലീന മരിയ പോൾ പിന്നീട് അറസ്റ്റിലായതോടെയാണ് രവി പൂജാരിയുടെ സംഘം നടത്തിയ വെടിവെപ്പ് മുൻപ് ലീനയും ഭർത്താവും ചേർന്ന് പറ്റിച്ച ആരുടെയെങ്കിലും ക്വട്ടേഷനാണോ എന്ന് സംശയമുയർന്നത്. ഇക്കാര്യവും അന്വേഷണ സംഘം ഇപ്പോൾ പരിശോധിക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക്