തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത് കലാശിച്ചത് സിപിഎം നേതാവിന്റെ മകൻ നൽകിയ കൊട്ടേഷനാണെന്ന് പ്രതിരപക്ഷം. യഥാർത്ഥ ഗൂഢാലോചന പുറത്ത് വരുമോയെന്നാണ് സർക്കാരിന് ഭയം. കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നിലെ യഥാർത്ഥ ഗൂഢാലോചനയെ കുറിച്ച് പൊലീസ് അന്വേഷിച്ചില്ലെന്ന മുൻ സിപിഎം നേതാവിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎ‍ൽഎ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് ഇന്ന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചികുന്നു. നോട്ടീസ് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തിയ ശേഷം പ്രതിപക്ഷ നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിലാണ് വി.ഡി.സതീശൻ സിബിഐ അന്വേഷണം ആവശ്യപ്പട്ടത്.

നിസാരമായ കാരണങ്ങൾ നിരത്തിയാണ് അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതെന്ന് വി.ഡി സതീശൻ പറഞ്ഞു. വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിൽ പൊലീസ് ചാർജ് ഷീറ്റ് കൊടുത്തിട്ടുണ്ടെങ്കിലും ഇപ്പോൾ പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുകയാണ്. സി.ആർ.പി.സി 173(8) അനുസരിച്ച് പുതിയ വെളിപ്പെടുത്തലുണ്ടായാൽ പുനരന്വേഷണം നടത്തണം. കേസിൽ പറയുന്ന കാര്യങ്ങളുടെ അടിത്തറ തകരുന്ന നിലയിലാണ് പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.

ഇത്തരം വെളിപ്പെടുത്തൽ ഉണ്ടാകുമ്പോൾ പുനരന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിൽ പല തവണ അടിയന്തര പ്രമേയങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. പുനരന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തത് ചട്ടങ്ങളുടെയും കീഴ് വഴക്കങ്ങളുടെയും ലംഘനമാണ്. രണ്ടു സിപിഎം പ്രവർത്തകർ കൊല ചെയ്യപ്പെട്ട സംഭവത്തിന്റെ പേരിൽ സംസ്ഥാനത്ത് 168 കോൺഗ്രസ് ഓഫീസുകളാണ് അടിച്ചുതകർത്തത്. യാഥാർത്ഥ ഗൂഢാലോചനയെ കുറിച്ച് അന്വേഷിച്ചില്ലെങ്കിൽ യഥാർത്ഥ പ്രതികൾ രക്ഷപ്പെടും. നിങ്ങളുടെ സഖാക്കളാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ചതുമാണ്. പുനരന്വേഷണം വേണമെന്ന ആവശ്യം ചർച്ച ചെയ്യാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ നിയമസഭ ബഹിഷ്‌ക്കരിച്ചു.

സഭാതലത്തിൽ ഇറങ്ങുന്ന പ്രതിപക്ഷം എങ്ങനെ പെരുമാറണമെന്നു ക്ലാസെടുക്കാൻ ഏറ്റവും യോഗ്യൻ മന്ത്രി വി. ശിവൻകുട്ടി തന്നെയാണ്. മന്ത്രിയുടെ നിർദ്ദേശത്തെ സ്വീകരിക്കുന്നു. ഇക്കാര്യത്തിൽ ഗുരുതുല്യനാണ് ശിവൻകുട്ടിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ ജനങ്ങളുടെ മുന്നിൽ പ്രതിക്കൂട്ടിലാകുമെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നൽകാതിരുന്നതെന്ന് ഇറങ്ങിപ്പോക്കിന് ശേഷം നിയമസഭ മീഡിയാ റൂമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്പീക്കറുടെ തീരുമാനം വിവേചനപരമാണ്. കൊലപാതകം നടക്കുമ്പോൾ സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും എരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ആളാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. സിപിഐ ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ള ഫേസ്‌ബുക്ക് പേജിലൂടെയാണ് ഈ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്.

കോൺഗ്രസ് നേതാക്കളുടെയും എംപിയുടെയും അറിവോടു കൂടിയാണ് കൊലപാതകം നടന്നതെന്നായിരുന്നു സിപിഎം വ്യാപകമായി പ്രചരിപ്പിച്ചത്. മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറിയും സംഭവ സ്ഥലത്തെത്തുകയും ഇ.പി ജയരാജൻ അടൂർ പ്രകാശ് എംപിക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. വ്യാപകമായി കോൺഗ്രസ് പ്രവർത്തകർക്ക് നേരെ അതിക്രമമുണ്ടായി. എന്നാൽ സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വെളിപ്പെടുത്തൽ.

ഉന്നത സിപിഎം നേതാവിന്റെ മകനാണ് ഒരാളെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി ഒരു സംഘത്തെ അവിടെ എത്തിച്ചത്. സൈബർ ഫോറൻസിക് റിപ്പോർട്ടിൽ സി.സി ടിവിയും മൊബൈൽ ഫോണുകളും പരിശോധിച്ച് ഇതൊരു രാഷ്ട്രീയ കൊലപാതകമല്ലെന്ന റിപ്പോർട്ടാണ് നൽകിയിരിക്കുന്നത്. 2020-ൽ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ കാൽ തല്ലിയൊടിച്ച സംഭവത്തിൽ നിന്നാണ് കൊലപാതകത്തിന് തുടക്കം. ഉന്നത നേതാവിന്റെ മകനുമായും പാർട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതിൽ കോൺഗ്രസിന് പങ്കില്ല. പാർട്ടിക്കുള്ളിലുണ്ടായ പ്രശ്നങ്ങളാണ് കോൺഗ്രസിന്റെ തലയിൽ കെട്ടിവച്ചത്.

ഡിവൈഎഫ്ഐ നേതാവ് രാത്രിയിൽ പൊലീസ് സ്റ്റേഷനിലെത്തി നടത്തിയ ഗൂഢാലോചനയെ കുറിച്ചും അന്വേഷിക്കണം. കൊലപ്പെടുത്താൻ എത്തിയവരാണ് കൊല്ലപ്പെട്ടതെന്ന് ഫോറൻസിക് റിപ്പോർട്ടിലും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മാധ്യമങ്ങളിൽ വാർത്തകൾ വന്നത്. കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും പുതിയ വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തിൽ കേസ് കീഴ്മേൽ മറിയുകയാണ്. ഒന്നാം പ്രതിയുടെ ശരീരത്തിലും 17 വെട്ടുകളുണ്ടായിരുന്നെന്നാണ് പറയുന്നത്. അതിന് കേസെടുത്തിട്ടില്ല. കേസ് അട്ടിമറിക്കാനുള്ള ഗുരുതര ഗൂഢാലോചനയാണ് നടന്നത്. നിരപരാധികളായവരും സ്ഥലത്തില്ലാത്തവരും കേസിൽ പ്രതികളായിട്ടുണ്ട്. യാഥാർത്ഥ ഗൂഢാലോചന നടത്തിയവർ കേസിലെ പ്രതികളല്ല. ഈ സാഹചര്യത്തിൽ പുനരന്വേഷണം നടത്തണം.

എസ്‌പിയുടെ നേതൃത്വത്തിൽ കേസ് അട്ടിമറിച്ചതിനാൽ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സ്വന്തം പാർട്ടി നേതാക്കൾക്കിടയിലുണ്ടായ പ്രശ്നങ്ങൾ പുറത്തുവരാതിരിക്കാനാണ് രാഷ്ട്രീയ ആരോപണം ഉന്നയിച്ചത്. നിരവധി കോൺഗ്രസ് പ്രവർത്തകരാണ് ഈ കൊലപാതകത്തിന്റെ പേരിൽ ആക്രമിക്കപ്പെട്ടത്. അതുകൊണ്ടു തന്നെ ഇത് വെറുതെ വിടാൻ തീരുമാനിച്ചിട്ടില്ല. ഗൂഢാലോചനകൾ പുറത്തുകൊണ്ടുവരും. ഇതൊക്കെ പുറത്ത് വരുമെന്ന് ഭയന്നാണ് നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് അനുമതി നൽകാതിരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്വന്തം സഖാക്കൾ കൊല്ലപ്പെട്ടതിന് പിന്നിലെ യാഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെടാൻ ഡിവൈഎഫ്ഐക്ക് മടിയാണെങ്കിലും പ്രതിപക്ഷവും യൂത്ത് കോൺഗ്രസും ഇക്കാര്യം ആവശ്യപ്പെടുന്നതായി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയ ഷാഫി പറമ്പിൽ എംഎ‍ൽഎ പറഞ്ഞു. ഗൂഢാലോചന സംബന്ധിച്ച ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് രണ്ടു തവണ സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്നയാളും ഇപ്പോൾ സിപിഐ നേതാവുമായ ആൾ നടത്തിയിരിക്കുന്നത്. ജനപ്രതിനിധിയുടെ മകനുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിന്റെ പേരിൽ നൽകിയ കൊട്ടേഷനാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വെളിപ്പെടുത്തൽ.

സർക്കാരിനും സിപിഎമ്മിനും ഒന്നും മറച്ചുവയ്ക്കാനില്ലെങ്കിൽ സൈബർ ഫോറൻസിക് റിപ്പോർട്ട് പുറത്തുവിടണം. ഒന്നാം പ്രതിക്ക് 17 വെട്ടുകളേറ്റു. എന്നാൽ ഒളിച്ചു താമസിച്ചപ്പോൾ മുള്ളുവേലി കൊണ്ടതെന്നാണ് പൊലീസ് പറയുന്നത്. കൗണ്ടർ കേസെടുത്താൽ ഗൂഢാലോചന പുറത്തുവരും. അതുകൊണ്ടാണ് കൗണ്ടർ കേസെടുക്കാത്തത്. ജനപ്രതിനിധിയുടെ മകൻ നൽകിയ കൊട്ടേഷനിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാനുള്ള ബാധ്യത സർക്കാരിനും സിപിഎമ്മിനുമുണ്ട്.

ജനപ്രതിനിധികൾ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ നടത്തിയ ആരോപണങ്ങളിൽ സിപിഎം നേതാക്കൾ മാപ്പ് പറയണമെന്നും ഷാഫി ആവശ്യപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ് എംഎ‍ൽഎ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.