ന്യൂഡൽഹി: ഗുസ്തിയിലെ മരുന്നടി വിവാദം സിബിഐ അന്വേഷിക്കും. തുടരന്വേഷണത്തിനായി പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണു കേസ് സിബിഐയെ ഏൽപ്പിക്കുന്നത്.

റിയോ ഒളിമ്പിക്‌സിൽ 74 കിലോ ഗുസ്തിയിൽ മത്സരിക്കാനിരുന്ന നർസിങ് യാദവ് മരുന്നടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് മത്സരത്തിൽ നിന്നും വിലക്കുകയായിരുന്നു. കേസിൽ എന്താണു യഥാർഥത്തിൽ സംഭവിച്ചതെന്ന് ജനങ്ങൾ അറിയണം. അതിനാലാണ് ഇക്കാര്യത്തിൽ സി.ബി,ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സമീപിച്ചതെന്നു ദേശീയ റെസലിങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം നർസിങ് യാദവ് മരുന്നടിച്ചതായുള്ള കേസ് തുടരന്വേഷണത്തിനായി സിബിഐക്ക് കൈമാറും. പ്രധാമന്ത്രി ഇടപെട്ടതിൽ സന്തോഷമുണ്ടെന്നു ബ്രിജ് ഭൂഷൺ ശരൺ പറഞ്ഞു.

പരിശീലനത്താനായി സോനേപത്തിലെ സായി സെന്ററിൽ താമസിക്കുന്നതിനിടയിൽ തനിക്ക് തന്ന ഭക്ഷണത്തിൽ ആരോ നിരോധിത ഉത്തേജക മരുന്ന് കലർത്തുകയായിരുന്നു എന്നാണ് നർസിംഗിന്റെ വാദം. ഇത് സംബന്ധിച്ച് ഹരിയാന പൊലീസ് അദ്ദേഹം പരാതി നൽകിയിരുന്നു. തുടർന്ന് ഒളിമ്പിക് മത്സരത്തിൽ പങ്കെടുക്കാൻ ദേശീയ ഉത്തേജക പരിശോധന ഏജൻസി അനുമതി നൽകിയെങ്കിലും തീരുമാനം വാഡ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. കൂടാതെ താരത്തിന് നാലു വർഷത്തെ വിലക്കും അന്താരാഷ്ട്ര കായിക കോടതി വിധിച്ചിരുന്നു.