പാലക്കാട്: വാളയാർ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം വാളയാറിലെത്തി മരിച്ച കുട്ടികളുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി. കുട്ടികളെ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലവും പരിശോധിച്ചു. രണ്ട് പെൺകുട്ടികളുടെ മരണവും രണ്ട് എഫ്‌ഐആറുകളായാണ് സിബിഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസ് ഏറ്റെടുത്തതിന് ശേഷമുള്ള സിബിഐയുടെ വാളയാറിലെ ആദ്യ സന്ദർശനമായിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്‌പി നന്ദകുമാരൻ നായർ, അന്വേഷണ ചുമതലയുള്ള ഡിവൈഎസ്‌പി ടി.പി.അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാറിലെത്തിയത്.

പെൺകുട്ടികളുടെ അമ്മയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ സിബിഐ സംഘം കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ വീടിനോടു ചേർന്നുള്ള ഷെഡ്ഡും പരിശോധിച്ചു. പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ 2017 ജനുവരി 13നും ഒൻപതു വയസുള്ള സഹോദരിയെ മാർച്ച് നാലിനുമാണ് ഈ ഓടിട്ട മേൽക്കൂരയ്ക്ക് താഴെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ആദ്യ കുട്ടിയുടെ കേസിൽ പ്രധാന സാക്ഷിയാകേണ്ട രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന വാദം നേരത്തെ ഉയർന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം കുട്ടികളുടെ അമ്മ സിബിഐ സംഘത്തെ ബോധിപ്പിച്ചു.

കേസ് അന്വേഷിച്ച വാളയാർ സ്റ്റേഷനിലെ എസ്‌ഐ മുതൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ഡിവൈഎസ്‌പി എം.ജെ. സോജൻ ഉൾപ്പെടെയുള്ളവരുടെ മൊഴി സിബിഐ രേഖപ്പെടുത്തും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തത്.

കേസിലെ പ്രതികളെയെല്ലാം വെറുതെ വിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. തുടർന്ന് പെൺകുട്ടികളുടെ അമ്മയുടെ ആവശ്യത്തെ തുടർന്ന് സർക്കാർ ഉത്തരവിടുകയും പിന്നീട് ഹൈക്കോടതിയുടെ ഇടപെടലുമാണ് സിബിഐ അന്വേഷണത്തിലെത്തിയത്.

കേസിലെ പ്രതികളായ വലിയ മധു, ഷിബു എന്നിവർ റിമാൻഡിലാണ്. മറ്റൊരു പ്രതി കുട്ടി മധു ഹൈക്കോടതി അനുവദിച്ച ജാമ്യത്തിലാണ്. വിചാരണ കോടതി വിട്ടയച്ച ചേർത്തല സ്വദേശി പ്രദീപ് ആത്മഹത്യ ചെയ്തിരുന്നു. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളും ഉണ്ട്.

നേരത്തെ സംസ്ഥാന പൊലീസ് കണ്ടത്തിയ പ്രതികൾ തന്നെയാണോ യഥാർഥ പ്രതികൾ. കൂടുതൽ പേർക്ക് പങ്കുണ്ടോ. എത്രമാത്രം തെളിവുകൾ ശേഷിക്കുന്നു. പൊതു സമൂഹത്തിൽ ചർച്ചയായ ഒരുപാട് ചോദ്യങ്ങൾക്കും സിബിഐ അന്വേഷണത്തിലൂടെ ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷ.