ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു ഫലത്തിന് പിന്നാലെ പത്താംക്ലാസ് പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. 94.40 ആണ് വിജയ ശതമാനം. 99. 8 ശതമാനം നേടി തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനത്തെത്തി. www.cbseresults.nic.in, www.results.gov.in, www.digilocker.gov.in എന്നീ വെബ്‌സൈറ്റ് വഴിയും എസ്എംഎസ് ആയും ഫലം ലഭ്യമാകും. CBSE10 എന്നെഴുതി (റോൾ നമ്പർ) (സ്‌കൂൾ നമ്പർ) (സെന്റർ നമ്പർ) എന്ന ഫോർമാറ്റിൽ 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ ഫലം ലഭ്യമാകും.

പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ 1.41 ശതമാനം മാർജിനിൽ മികച്ച പ്രകടനം കാഴ്ചവച്ചു. പെൺകുട്ടികളുടെ വിജയ ശതമാനം 95.32 ആണ്. ആൺകുട്ടികളുടേത് 93.80. ട്രാൻസ്ജെൻഡർ വിദ്യാർത്ഥികളുടെ വിജയ ശതമാനം 90. ഇന്ന് രാവിലെ, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവും പ്രഖ്യാപിച്ചിരുന്നു. ആദ്യമായാണ് സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലങ്ങൾ ഒരേദിവസം പ്രസിദ്ധീകരിക്കുന്നത്.

പ്ലസ് ടുവിൽ 92.71 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനം കുറവാണ്. 99.37 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം.

തിരുവനന്തപുരം മേഖലയാണ് ഏറ്റവും ഉയർന്ന വിജയശതമാനം നേടിയത്. 98.83 ആണ് തിരുവനന്തപുരത്തെ വിജയശതമാനം. 94.54 ആണ് പെൺകുട്ടികളുടെ വിജയശതമാനം. ആൺകുട്ടികളുടെ വിജയശതമാനം 91.25 ആണ്. ട്രാൻഡ് ജെൻഡർ വിഭാഗത്തിലെ വിദ്യാർത്ഥികൾ നൂറു ശതമാനം വിജയം സ്വന്തമാക്കി.

 ഒന്ന്, രണ്ട് ടേം പരീക്ഷകളിൽനിന്നുള്ള വെയിറ്റേജ് എടുത്താണ് ഫലം തയാറാക്കിയിരിക്കുന്നത്. രണ്ടാം ടേം പരീക്ഷ ഏപ്രിൽ 26നും ജൂൺ നാലിനും ഇടയിലാണ് നടന്നത്. ഒന്നാം ടേം നവംബർ ഡിസംബർ മാസങ്ങളിലും നടന്നു.