- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിബിഎസ്ഇ പരീക്ഷ: അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു; നടപടി പരീക്ഷ സംബന്ധിച്ച നിർണ്ണായക യോഗത്തിന് ശേഷം; പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് യോഗത്തിൽ കൂടുതൽ സംസ്ഥാനങ്ങൾ; കേന്ദ്രം ആലോചിക്കുന്നത് ഓഗസ്റ്റോടെ പരീക്ഷ പൂർത്തിയാക്കാൻ
ഡൽഹി: സിബിഎസ്ഇ പരിക്ഷ നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിടാൻ ധാരണയായി.ഇന്ന് ചേർന്ന നിർണ്ണായക യോഗത്തിനൊടുവിലാണ് അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടത്.പരീക്ഷകൾ റദ്ദാക്കേണ്ടതില്ലെന്നാണ് കൂടുതൽ സംസ്ഥാനങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടത്. സെപ്റ്റംബറിലോ അതിന് ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് നിർദ്ദേശം.
അതേസമയം പരീക്ഷ നടത്തേണ്ടെന്നും ഉപേക്ഷിക്കണമെന്നും ഡൽഹിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടു. ചില പരീക്ഷകൾ മാത്രം നടത്താമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. പരീക്ഷ ഒന്നര മണിക്കൂറാക്കാം എന്ന നിർദ്ദേശവും ചർച്ചയായി. വിദ്യാർത്ഥികൾക്ക് വാക്‌സീൻ എത്രയും വേഗം നൽകണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. തുടർന്നാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിടാൻ ധാരണയായത്.
സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ മാറ്റിവയ്ക്കാനാണ് നേരത്തെ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ജൂൺ ഒന്നിന് സ്ഥിതി വിലയിരുത്തി തീരുമാനം എടുക്കാനും ധാരണയിലെത്തിയിരുന്നു. സംസ്ഥാനങ്ങളുടെ നിലപാട് കേൾക്കാനുള്ള രണ്ടാമത്തെ യോഗമാണ് ഇന്ന് ചേർന്നത്. പരീക്ഷയുമായി മുന്നോട്ടു പോകണം എന്ന പൊതു വികാരമാണ് സംസ്ഥാനങ്ങൾക്ക്. എന്നാൽ ജൂലൈക്ക് മുമ്പ് പരീക്ഷ നടത്താനുള്ള സാഹചര്യമില്ല. വിദ്യാർത്ഥികൾക്ക് ഒന്നിലധികം അവസരം നൽകുകയെന്ന നിർദ്ദേശവുമുണ്ട്.
പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ വൈകുമ്പോൾ നീറ്റ് ഉൾപ്പടെയുള്ള പ്രവേശന പരീക്ഷ എങ്ങനെ വേണമെന്ന വിലയിരുത്തലുമുണ്ട്. രാജ്യത്ത് കോവിഡ് കേസുകൾ തുടർച്ചയായി കുറയുന്ന സാഹചര്യത്തിൽ കൂടിയാണ് പരീക്ഷ ഉപേക്ഷിക്കേണ്ടതില്ലെന്ന നിലപാട് സംസ്ഥാനങ്ങൾ പ്രകടിപ്പിക്കുന്നത്.
ആദ്യ തരംഗത്തിൽ ദേശീയ ലോക്ക്ഡൗൺ രണ്ട് മാസത്തിലധികം നീണ്ടു നിന്നെങ്കിൽ ഇത്തവണ ഒരു മാസത്തിൽ സംസ്ഥാനങ്ങൾ അൺലോക്കിനെക്കുറിച്ച് ആലോചിച്ച് തുടങ്ങി. ഈ പ്രവണത തുടർന്നാൽ ഓഗസ്റ്റിലെങ്കിലും പരീക്ഷകൾ പൂർത്തിയാക്കാനാവുമോ എന്ന് കേന്ദ്രം ആലോചിക്കും.
മറുനാടന് മലയാളി ബ്യൂറോ