ന്യൂഡൽഹി:സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഒന്നാം ടേം പരീക്ഷ നവംബറിൽ ആരംഭിക്കും. ഒന്നാം ടേം പരീക്ഷയുടെ ടൈംടേബിൾ ഒക്ടോബർ പകുതിയോടെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

90 മിനിറ്റ് നീണ്ടുനിൽക്കുന്ന പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്സ് ഒപ്റ്റിക്കൽ മാർക്ക് റെകഗ്നിഷൻ ചോദ്യ പേപ്പറാണ് നൽകുക. ഓൺലൈൻ പരീക്ഷ സാധ്യമല്ലെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു. ആദ്യ ടേമിൽ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാകും ഉണ്ടാകുക. പ്രാക്ടിക്കൽ പരീക്ഷ ഉണ്ടാവില്ല. രണ്ട് ടേമുകളായാണ് ഈ അധ്യായന വർഷത്തെ സിബിഎസ്ഇ വിഭജിച്ചത്. രണ്ടാം ടേം പരീക്ഷ 2022 മാർച്ച്- ഏപ്രിൽ മാസങ്ങളിലാകും നടക്കുക.

രണ്ടു ടേമുകളിലെയും വിദ്യാർത്ഥികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമ ഫലം തയ്യാറാക്കുക. രണ്ടാം ടേം പരീക്ഷ സബ്ജെക്ടീവ് ടൈപ്പ് ആണ്. പ്രാക്ടിക്കൽ പരീക്ഷകളും ഉണ്ടാവും. 120 മിനിറ്റായിരിക്കും പരീക്ഷ.അതിനിടെ, പത്താം ക്ലാസ്, 12-ാം ക്ലാസ് ബോർഡ് പരീക്ഷയ്ക്കായി പരീക്ഷാർത്ഥികളുടെ പട്ടിക സമർപ്പിക്കാൻ സിബിഎസ്ഇ സ്‌കൂളുകളോട് ആവശ്യപ്പെട്ടു. cbse.gov.in എന്ന വെബ്സൈറ്റിലെ ഇ-പരീക്ഷ പോർട്ടലിൽ കയറി പട്ടിക സമർപ്പിക്കാം.