ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷകൾക്കുള്ള മാർഗനിർദ്ദേശം സിബിഎസ്ഇ ബോർഡ് പുറത്തിറക്കി. 10, പ്ലസ് ടു പരീക്ഷകൾക്കുള്ള മാർഗനിർദേശമാണ് പുറത്തിറക്കിയത്. രണ്ട് ഘട്ടമായാകും പരീക്ഷകൾ നടത്തുക. ഇവ നേരിട്ട് നടത്താനാണ് തീരുമാനം.

ഇതിന്റെ ഒന്നാം ഘട്ട പരീക്ഷകളുടെ തീയതിക്രമം ഒക്ടോബർ 18 ന് പുറത്തുവിടും. 90 മിനിറ്റ് ദൈർഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും ഇതിലുണ്ടായിരിക്കുക.

സിബിഎസ്ഇയുടെ വെബ്‌സൈറ്റിൽ നിന്നും പരീക്ഷകളുടെ തീയതികൾ സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട് അറിയാനാകും. സമ്പൂർണ തീയതിക്രമം പുറത്തുവിടാൻ ഇനിയും സമയമെടുക്കുമെങ്കിലും പരീക്ഷകൾ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.

ആദ്യ ഘട്ടത്തിൽ ഒബ്ജക്ടീവ് പരീക്ഷ നടത്തിയ ശേഷം മെയിൻ പരീക്ഷകളിലേക്ക് കടക്കാനാണ് സിബിഎസ്ഇ ആലോചിക്കുന്നത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം പ്രകാരം നവംബർ മാസം മധ്യത്തോടെ പരീക്ഷകൾ തുടങ്ങും.