- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി.ബി.എസ്.ഇ ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധ പരാമർശം അന്വേഷിക്കണം; സിബിഎസ്ഇ മാപ്പ് പറയണമെന്നും സോണിയാ ഗാന്ധി ലോക്സഭയിൽ; വിവാദ ഭാഗം പിൻവലിച്ച് തലയൂരാൻ സിബിഎസ്ഇ; ചോദ്യത്തിനുള്ള മാർക്ക് വിദ്യാർത്ഥികൾക്കു നൽകും
ന്യൂഡൽഹി: സി ബി എസ് ഇ ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധ പരാമർശത്തിൽ സി.ബി.എസ്.ഇ അധികൃതർ മാപ്പ് പറയണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ചോദ്യപേപ്പറിൽ സ്ത്രീവിരുദ്ധ പരാമർശമുണ്ടായതിൽ അന്വേഷണം നടത്തണം. വിദ്യാർത്ഥികളോട് മാപ്പ് പറയാൻ സി.ബി.എസ്.ഇ തയ്യാറാകണമെന്നും സോണിയ ലോക്സഭയിൽ ആവശ്യപ്പെട്ടു.
സി.ബി.എസ്.ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറാണ് വിവാദമായത്. വിഷയം പാർലമെന്റിൽ അടക്കം ഉന്നയിക്കപ്പെട്ടതോടെ സ്ത്രീവിരുദ്ധ പരാമർശം വന്ന വിവാദ ഭാഗം പിൻവലിച്ചു. ഈ ഖണ്ഡികയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മുഴുവൻ മാർക്കും നൽകുമെന്നു സിബിഎസ്ഇ അറിയിച്ചു. ശനിയാഴ്ച നടന്ന പരീക്ഷയിലെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെയാണു വിമർശനമുയർന്നത്.
ചോദ്യപേപ്പറിൽ സ്ത്രീവിരുദ്ധ പരാമർശമുണ്ടായതിൽ അന്വേഷണം വേണമെന്നും സിബിഎസ്ഇ വിദ്യാർത്ഥികളോട് മാപ്പു പറയണമെന്നും സോണിയ ആവശ്യപ്പെട്ടതിന് പിന്നാലെയാണു സിബിഎസ്ഇ പരീക്ഷാ കൺട്രോളർ വിവാദ ഭാഗം ഒഴിവാക്കിയതായി അറിയിച്ചത്.
സ്ത്രീപുരുഷ തുല്യത കുട്ടികളിൽ അച്ചടക്കം ഇല്ലാതാക്കിയെന്നായിരുന്നു ഖണ്ഡികയിൽ പറഞ്ഞിരുന്നത്. ഭാര്യമാരുടെ വിമോചനം കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരം ഇല്ലാതാക്കി. കുടുംബത്തിന്റെ അധികാരി എന്ന സ്ഥാനത്തു നിന്നു പുരുഷനെ താഴെയിറക്കിയതിലൂടെ ഭാര്യയും അമ്മയും കുടുംബത്തിന്റെ അച്ചക്കം ഇല്ലാതാക്കി. ചോദ്യപ്പേപ്പർ സെക്ഷൻ എയിലാണ് ഇതു പ്രത്യക്ഷപ്പെട്ടത്. അതുമായി ബന്ധപ്പെട്ട ഒരു ചോദ്യം ഇങ്ങനെയായിരുന്നു. ഇതിലെ എഴുത്തുകാരൻ എങ്ങനെയുള്ള ആളാണ്. 1) ഒരു മെയിൽ ഷോവനിസ്റ്റ് അല്ലെങ്കിൽ അഹങ്കാരി, 2) ജീവിതത്തെ ലഘുവായി സമീപിക്കുന്നയാൾ, 3) അസംതൃപ്തനായ ഭർത്താവ്. 4) കുടുംബത്തിന്റെ ക്ഷേമം മാത്രം ആഗ്രഹിക്കുന്നവർ. സിബിഎസ്ഇ ബോർഡിന്റെ ഉത്തരസൂചിക അനുസരിച്ചു ജീവിതത്തെ ലഘുവായി സമീപിക്കുന്നയാൾ എന്നാണ് ഉത്തരം.
സ്ത്രീ ശാക്തീകരണമാണ് സമൂഹത്തിലും കുടുംബങ്ങളിലും പ്രശ്നങ്ങൾക്ക് കാരണം എന്ന തരത്തിൽ കാര്യങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അത്തരം നിരീക്ഷണങ്ങളെ വിവരക്കേട് എന്നാണ് സോണിയ വിശേഷിപ്പിച്ചത്. ഒരു പുരോഗമന സമൂഹത്തിന് യോജിച്ച ആശയമല്ല ചോദ്യം പങ്കുവയ്ക്കുന്നത്. കുട്ടികളുടേയും രക്ഷിതാക്കളുടേയും ആശങ്കയ്ക്കൊപ്പമാണ് താനെന്നും അവർ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിഷയത്തിൽ ഇടപെടണമെന്നും ചോദ്യം പിൻവലിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സത്രീ - പുരുഷ തുല്യത ഇല്ലാതിരുന്ന കാലത്ത് കുടുംബത്തിലെ കുട്ടികൾക്ക് അച്ചടക്കം ഉണ്ടായിരുന്നു. സ്ത്രീക്ക് അവളുടെ സ്ഥാനം കണ്ടെത്താൻ സാധിച്ചിരുന്നു. എന്നാൽ സ്ത്രീ - പുരുഷ തുല്യത വന്നതോടെ കുടുംബത്തിലെ ഒരിക്കലും തെറ്റുപറ്റാത്ത അധികാരി എന്ന സ്ഥാനം പുരുഷന് ത്യജിക്കേണ്ടി വന്നു എന്നാണ് ചോദ്യപേപ്പറിലെ നിരീക്ഷണം. രക്ഷിതാക്കൾക്ക് കൗമാരക്കാരിൽ ആധിപത്യം ഇല്ലാത്തതിന് കാരണമായി ചോദ്യപേപ്പർ ചൂണ്ടിക്കാട്ടുന്നത് സ്ത്രീ - പുരുഷ തുല്യതയാണ്.
വിഷയത്തിൽ സിബിഎസ്ഇ മാപ്പ് പറയണമെന്ന് സോണിയ ഗാന്ധി സഭയിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ സഭ വിട്ടിറങ്ങി.
ഡി.എം.കെ, മുസ്ലിം ലീഗ്, എൻ.സി.പി എന്നീ പാർട്ടികളാണ് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ സഭ വിട്ടിറങ്ങിയത്. സീറോ അവറിലാണ് സോണിയ ഗാന്ധി വിഷയം ഉന്നയിച്ചത്.
വിവാദമായ ചോദ്യം ഉടൻ തന്നെ പിൻവലിക്കണമെന്നും ഇത്തരമൊരു ചോദ്യം ചോദ്യപേപ്പറിൽ ഉൾപ്പെട്ടു എന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അവർ പറഞ്ഞു. നിലവാരം കുറഞ്ഞതും വെറുപ്പുണ്ടാക്കുന്നതുമായ നടപടിയെന്നാണ് രാഹുൽ ഗാന്ധി വിഷയത്തെ വിശേഷിപ്പിച്ചത്. യുവജനങ്ങളുടെ ഭാവി തകർക്കുന്നതിനുവേണ്ടിയുള്ള ആർഎസ്എസ്-ബിജെപി പദ്ധതിയാണിതെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ചോദ്യം വൻ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. അദ്ധ്യാപകരും രക്ഷിതാക്കളും രാഷ്ട്രീയക്കാരും ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തി. 'സ്ത്രീകളെക്കുറിച്ചുള്ള ഈ പിന്തിരിപ്പൻ വീക്ഷണങ്ങളെ ബിജെപി സർക്കാർ അംഗീകരിക്കുന്നു. മറ്റെന്താണ് അവർ സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത്'-കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു.
സംഭവം വിവാദമായതോടെ സി.ബി.എസ്.ഇയും മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. 'സി.ബി.എസ്.ഇ പത്താം ക്ലാസ് ഒന്നാം ടേം പരീക്ഷയുടെ ഇംഗ്ലീഷ് പേപ്പറിന്റെ ഒരു സെറ്റിലെ ചോദ്യത്തിന് കുറച്ച് രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചു. ചോദ്യം കുടുംബത്തെക്കുറിച്ചുള്ള പിന്തിരിപ്പൻ സങ്കൽപ്പങ്ങളെ പിന്തുണക്കുന്നതായി തോന്നുന്നു. വിഷയം ചർച്ചക്ക് വിധേയമാക്കും. ബോർഡിന്റെ നടപടിക്രമങ്ങൾ അനുസരിച്ച് പരിഗണിക്കും'-ഉയർന്ന സി.ബി.എസ്.ഇ ഉദ്യോഗസ്ഥൻ പറഞ്ഞു.
ന്യൂസ് ഡെസ്ക്