സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ ട്രാഫിക് നിയമ ലംഘനങ്ങൾ നിരീക്ഷിക്കാനായി കുവൈറ്റിൽ പുതിയ ക്യാമറകൾ നീരിക്ഷണം തുടങ്ങി. പ്രധാന റോഡുകളുടെ വശങ്ങളിലും പൊതുസ്ഥലങ്ങളിലെയും തെരുവ് വിളക്ക് കാലുകളിലാണ് സിസിടിവി കാമറകൾ സ്ഥാപിക്കുന്നത്.

നല്ല വ്യക്തതയുള്ള വിഡിയോ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കാൻ കഴിയുന്ന അത്യാധുനിക കാമറകളാണ് സ്ഥാപിച്ചത്. വാഹനമോടിക്കുന്നവരുടെ ചിത്രമടക്കം ഉടനെത്തന്നെ ട്രാഫിക് കൺട്രോൾ റൂമിൽ എത്തുന്ന വിധ പുതിയ സംവിധാനം. കുവൈത്തിന്റെ എല്ലാ പ്രധാന ഏരിയകളും കവർ ചെയ്യുന്ന വിധമായിരിക്കും ക്യാമറകൾ സ്ഥാപിക്കുക. അതിനിടെ, ഇനിമേൽ അമിതവേഗത, മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ കേസുകളിൽ ക്യാമറയിലൂടെയോ നേരിട്ടോ പിടിയിലായാൽ വിദേശിയാണെങ്കിൽ നാട് കടത്തുകയും, സ്വദേശിയാണെങ്കിൽ ലൈസൻസ് റദ്ദാക്കുകയും ചെയ്യുമെന്ന് ട്രാഫിക്ക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു

മന്ത്രിസഭയും പാർലമെന്റും അംഗീകാരം നൽകിയ കാമറ പദ്ധതി നടപ്പാക്കാനായി സർക്കാർ വിവിധ ഏജൻസികളുമായി കരാറിലത്തെിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യത്യസ്തതരം കാമറകൾ സ്ഥാപിക്കുന്നതിന് നാലു കോടി ദീനാറിന്റെ പദ്ധതിയിലാണ് കുവൈത്ത് കരാറിലത്തെിയത്. രാജ്യത്ത് കുറ്റകൃത്യങ്ങൾ വർധിക്കുകയും മുമ്പത്തേതിനേക്കാൾ സുരക്ഷാ ഭീഷണിയുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതിയുമായി സർക്കാർ ഇറങ്ങിത്തിരിച്ചത്.