18 ടൺ ഭാരമുള്ള കൂറ്റൻ ലോറി റോഡിലൂടെയുള്ള മറ്റ് വാഹനങ്ങളെയും സമീപത്തെ മതിലുകളും ഇടിച്ച് തെറിപ്പിച്ച് ഭ്രാന്തമായി കുതി കുതിച്ചാൽ എങ്ങനെയിരിക്കും? ഇക്കഴിഞ്ഞ ബുധനാഴ്ച ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഓൾഡ്ഹാമിലെ ഒരു റെസിഡൻഷ്യൽ സ്ട്രീറ്റിലൂടെ ഒരു കൂററൻ ലോറി പാഞ്ഞ് പോയപ്പോൾ ഇതാണ് സംഭവിച്ചത്. ലോറി ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ച് പറന്നത് അനേകം വാഹനങ്ങളാണ്. കൂടാതെ സമീപത്തുള്ള ഗാർഡൻ മതിലുകളെല്ലാം ലോറി തകർത്ത് തരിപ്പണമാക്കുകയും ചെയ്തിരുന്നു. ഇത്രയ്ക്കും നാശം വരുത്തിയ ലോറി ഡ്രൈവറെ തേടി പൊലീസ് നെട്ടോട്ടമാരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ കണ്ടാൽ ആരുമൊന്ന് ഞെട്ടിത്തരിച്ച് പോകുമെന്നുറപ്പാണ്.

ഓൾഡ്ഹാമിലെ ഹഡ്ഫീൽഡ് സ്ട്രീറ്റിലൂടെയാണ് ഇത്തരത്തിൽ ലോറി കുതിച്ച് പാഞ്ഞ് നാശം വിതച്ചിരിക്കുന്നത്. ഈ മരണക്കുതിപ്പിനിടയിൽ ലോറി 14 കാറുകളെയാണ് ഇടിച്ച് തെറിപ്പിച്ചിരിക്കുന്നത്. ഇതിൽ ഒരു കാറിനെ 50 മീറ്റർ വലിച്ചിഴച്ച് കൊണ്ടു പോവുകയും ഒരു വീടിന്റെ മതിലിന് മുകളിലിടുകയും ചെയ്തിരുന്നു. അപകടത്തിൽ ആർക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ല.എന്നാൽ ചില വഴിയാത്രക്കാർക്ക് ഗ്ലാസുകൾ പൊട്ടിത്തെറിച്ച് ചില്ലറ പരുക്കുകളേറ്റിരുന്നു. ചില വാഹനങ്ങളിലുള്ളവർക്കും നിസാര പരുക്കേറ്റു. ഓൾഡ്ഹാമിലെ സെന്റ് ടെക്ക് ബിൽഡേർസിന്റെ യാർഡിൽ നിന്നും പ ുറപ്പെട്ട് വന്ന ലോറിയാണ് ഇത്തരത്തിൽ നാശം വിതച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

അവസാനം ലോറി ടൗണിലെ ഹൾസ് എസ്റ്റേറ്റ് ഏരിയയിൽ തീകത്തിയ നിലയിൽ കാണപ്പെട്ടിരുന്നു. വീഡിയോയിൽ ഒരാൾ റോഡിലേക്ക് കയറാൻ നോക്കുന്നതും ലോറി തന്റെ നേർക്ക് കുതിച്ച് വരുന്നത് കണ്ടതിനെ തുടർന്ന് പിൻവലിയുന്നതും കാണാം. ഒരു നീല വാനിനെ തട്ടിത്തെറിപ്പിച്ച് മുന്നോട്ട് നീങ്ങുന്ന ലോറി പിന്നീട് ഒരു നീല വൗക്സ്ഹാൾ കോർസയെ 50 മീറ്ററോളം വലിച്ച് കൊണ്ട് പോവുകയായിരുന്നു. ലോറിയുടെ പുറകിലുള്ള വലിയ യന്ത്രക്കൈയാണ് പ്രശ്നമുണ്ടാക്കിയത്. ഇത് നിരവധി വാഹനങ്ങളെ തട്ടിത്തെറിപ്പിക്കുകയും വലിക്കുകയും ചെയ്തിരുന്നു.

ഈ സ്ട്രീറ്റിൽ താമസിക്കുന്ന പേര് വെളിപ്പെടുത്താത്ത ആളാണ് ഇത് സംബന്ധിച്ച ഫൂട്ടേജ് പുറത്ത് വിട്ടിരിക്കുന്നത്. ഇവിടെ നടന്ന സംഭവത്തിൽ എല്ലാവരും ഞെട്ടലിലായിരിക്കുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. 76കാരനായ മാവിസ് പെല്ലോവെയുടെ നീല വൗക്സ്ഹാൾ ആണ് ലോറി വലിച്ച ്കൊണ്ട് പോയി വീടിന്റെ മതിലിന് മുകളിലിട്ടിരിക്കുന്നത്. തന്റെ അയൽപക്കത്തുള്ള ദിവ്യ ഗോറിസിയയുടെ വീടിന്റെ മതിലിന് മുകളിലാണ് വാഹനം കിടന്നിരുന്നതെന്ന് മാവിസ് വെളിപ്പെടുത്തുന്നു. പുറത്ത് ഒരു വലിയ പൊട്ടിത്തെറി കേട്ട് നോക്കുമ്പോഴാണ് അവിടെ കാറൊന്നും കണ്ടിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. തുടർന്ന് പുറത്തിറങ്ങി നോക്കിയപ്പോൾ കാർ സമീപത്തെ മതിലിന് മേൽ കിടക്കുന്നത് കാണുകയായിരുന്നുവെന്നും മാവിസ് പറയുന്നു.

സംഭവത്തെ തുടർന്ന് 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ തൽക്കാലം വിട്ടയച്ചിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ അറിയുന്നവർ ഇത് വെളിപ്പെടുത്താൻ മുന്നോട്ട് വരണമെന്ന് പൊലീസ് ജനത്തോട് നിർദേശിക്കുന്നു.