- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗസ്സിയാബാദിൽ പുലി റോഡിലൂടെ നടന്ന് നീങ്ങി; സിസി ടിവി ക്യാമറയിൽ ദൃശ്യങ്ങൾ കണ്ടതോടെ പ്രദേശവാസികൾ ഭയപ്പാടിൽ; കാലടികൾ കണ്ടെത്താനായില്ലെന്ന് വനംവകുപ്പ്
ഗസ്സിയാബാദ്: ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ വീണ്ടും പുലി ഇറങ്ങി. രാജ് നഗർ പ്രദേശത്താണ് പുലിയെ കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് പുലി നിരത്തിലൂടെ നടന്ന് നീങ്ങിയത് പ്രദേശത്തുള്ള ക്യാമറയിൽ പതിഞ്ഞത്. വനം വകുപ്പ് സ്ഥലത്തെത്തി തിരച്ചിൽ നടത്തി.
രാജ് നഗറിലെ സെക്ടർ 13 -ലുള്ള ഒരു വീടിന്റെ സിസിടിവി ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ബുധനാഴ്ച രാവിലെയാണ് വീട്ടുടമ അരിഹന്ത് ജെയിൻ അതിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ അദ്ദേഹം പൊലീസിൽ വിവരമറിയിക്കുകയും, റസിഡൻസ് വെൽഫെയർ അസോസിയേഷനെ അറിയിക്കുകയും ചെയ്തു. ഇതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.
A video of a leopard strolling a road in #Ghaziabad went viral on social media on Wednesday, creating panic among the residents of the area. pic.twitter.com/sl1zqRU60g
- IANS Tweets (@ians_india) November 17, 2021
രണ്ട് ദിവസം കഴിഞ്ഞിട്ടും ഇതുവരെ പുലിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. വനം വകുപ്പ് ഇപ്പോൾ സമീപ പ്രദേശങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. തുടർച്ചയായി ഇത് രണ്ടാം വർഷമാണ് പ്രദേശത്ത് പുലിയെ കാണുന്നത്. പുലി ഇപ്പോഴും പരിസരത്ത് തന്നെ ഉണ്ടാകുമെന്ന് നാട്ടുകാർ ഭയക്കുന്നു. ഇത് താമസക്കാർക്കിടയിൽ പരിഭ്രാന്തി പരത്തുന്നു. ഇതിനെ തുടർന്ന് ഇപ്പോൾ നിരവധി താമസക്കാർ പുലിയെ നിരീക്ഷിക്കാനായി സ്വകാര്യ ഗാർഡുകളെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം, പുള്ളിപ്പുലി സ്ഥലം വിട്ടിരിക്കാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമാനം. ''റോഡുകൾ കോൺക്രീറ്റ് ആയതിനാൽ ഞങ്ങൾക്ക് അതിനെ കാലടിപ്പാടുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. വനമേഖലയിൽ ഒരു കൂട് സ്ഥാപിക്കാൻ ഞങ്ങൾ ആലോചിക്കുന്നുണ്ട്, ''ജില്ലാ ഫോറസ്റ്റ് ഓഫീസർ ദിക്ഷ ഭണ്ഡാരി പറഞ്ഞു.
രാത്രിയിൽ വീടിന് പുറത്തിറങ്ങരുതെന്നും വാതിലടച്ച് അകത്തിരിക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ നിർദ്ദേശിച്ചു. പുള്ളിപ്പുലിയുടെ നീക്കത്തെക്കുറിച്ച് കൃത്യമായ റിപ്പോർട്ട് ലഭിക്കാത്തത് ആളുകളെ ആശങ്കയിലാഴ്ത്തുന്നു. പലരും കുട്ടികളെ വീടിന് പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല. പുലി പ്രദേശത്ത് നിന്ന് പോയെന്ന് ഉറപ്പുവരുത്തുന്നത് വരെ പ്രദേശത്ത് ജാഗ്രത തുടരാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം.
ന്യൂസ് ഡെസ്ക്