തിരുവനന്തപുരം: സർക്കാർ നടപ്പിലാക്കി വരുന്ന നവജാത ശിശു സ്‌ക്രീനിങ് പദ്ധതി പ്രസവം നടക്കുന്ന 89 സർക്കാർ ആശുപത്രികളിലേയ്ക്കും വ്യാപിപ്പിക്കും. കേരളത്തിലെ 5 മെഡിക്കൽ കോളജുകൾ ഉൾപ്പെടെ 44 പ്രസവം നടക്കുന്ന ആശുപത്രികളിൽ മാത്രം ജനിക്കുന്ന കുട്ടികൾക്കാണ് ഇപ്പോൾ സ്‌ക്രീനിങ് സേവനം ലഭിക്കുന്നത്. സംസ്ഥാനത്തെ 4 പബ്ലിക് ഹെൽത്ത് ലാബുകൾ വഴിയാണ് സ്‌ക്രീനിങ് നടപ്പിലാക്കുന്നത്.

ബുദ്ധിമാന്ദ്യം, ഓട്ടിസം, അപസ്മാരം എന്നിവയ്ക്ക് കാരണമാകുന്ന ജനിതക രോഗങ്ങൾ ജനജനസമയത്ത് തന്നെ കണ്ടെത്തി ചികിത്സിക്കുന്നു. 2013ൽ ആരംഭിച്ച ന്യൂ ബോൺ സ്‌ക്രീനിങ് പദ്ധതിയിലൂടെ കണ്ടെത്തിയ കുട്ടികളുടെ വാട്സ്ആപ്, ഫേസ്‌ബുക്ക് കൂട്ടായ്മ 'വാത്സല്യം' എന്ന പേരിൽ ശിശുദിനത്തിൽ ആരംഭിക്കും. കൂടാതെ 18 വയസിനു താഴെയുള്ള കുട്ടികളിലെ ഹൃദ്രോഗങ്ങൾ കണ്ടെത്തി ചികിത്സ നൽകുന്ന ഹൃദ്യം പദ്ധതിയുടെ ഓൺലൈൻ ആപ്ലിക്കേഷൻ ലോഞ്ചും ശിശുദിനത്തോടനുബന്ധിച്ചു കനകക്കുന്നു കൊട്ടാരം ഹാളിൽ രാവിലെ 11 ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ കെ. മുരളീധരൻ എംഎ‍ൽഎ അദ്ധ്യക്ഷത വഹിക്കും. മേയർ. അഡ്വ. വി.കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു എന്നിവർ മുഖ്യാതിത്ഥികളായിരിക്കും. ശിശുദിനത്തിന്റെ ഭാഗമായി ആരോഗ്യകേരളം ഡിസ്ട്രിക് ഏർളി ഇന്റർവെൻഷൻ സെന്ററിലെ അറുപതോളം ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിക്കും.