ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്രെ ദേശസ്‌നേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യം ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വിശദീകരണം. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് കേന്ദ്ര സർക്കാരിന് വേണ്ടി വിശദീകരണം രാജ്യസഭയിൽ അറിയിച്ചത്. ഉപരാഷ്ട്രപതിയായിരുന്ന ഹാമിദ് അൻസാരിയെയും പ്രധാനമന്ത്രി വിമർശിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

ഇതോടെ ഗുജറാത്ത് തിരഞ്ഞെടുപ്പുകാലത്ത് ഉണ്ടായ പരാമർശത്തെ ചൊല്ലി സഭയിലേക്ക് വരെ എത്തിയ ഏറ്റുമുട്ടലിൽ നിന്ന് ബിജെപിയും കോൺഗ്രസും പിന്മാറി. ഇതോടെ വരുംദിവസങ്ങളിൽ സഭ കുഴപ്പമില്ലാതെ മുന്നോട്ടുപോകുമെന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്മോഹൻ സിങ്ങിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ഇതേ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളിലും ശീതകാല സമ്മേളന വേള തുടങ്ങിയത് മുതൽ കോൺഗ്രസ്സ് ഈ വിഷയം നിരന്തരം ഉന്നയിക്കുകയായിരുന്നു.

സച്ചിന്റെ കന്നിപ്രസംഗംപോലും തടസ്സപ്പെട്ടതുൾപ്പെടെ ചർച്ചയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിൽ മാപ്പ് പറയണമെന്നും കോൺഗ്രസ്സ് ആവശ്യപ്പെട്ടിരുന്നു. ഈ വിവാദത്തെ തുടർന്ന് സഭാ നടപടികൾ നിരന്തരം തടസ്സപ്പെടുന്ന സ്ഥിതിയാണ് ഇതോടെ ഇല്ലാതായത്. ഇ്‌പ്പോൾ കേന്ദ്രസർക്കാരിന് വേണ്ടി ജെയ്റ്റ്‌ലി നൽകിയ മറുപടി തൃപ്തികരമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. ജെയ്റ്റ്‌ലിയുടെ പ്രസ്താവനയ്ക്ക് ആസാദ് നന്ദിയും അറിയിച്ചു.

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന വേളയിൽ ഡൽഹിയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ പാക്കിസ്ഥാൻ മുൻ വിദേശകാര്യമന്ത്രി പങ്കെടുത്ത അത്താഴ വിരുന്നിൽ മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പങ്കെടുത്തിരുന്നു. ഇതേക്കുറിച്ച് മോദി നടത്തിയ പരാമർശത്തിനാണ് കേന്ദ്രസർക്കാർ ഇപ്പോൾ വിശദീകരണവുമായി രംഗത്തെത്തിയത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നുവെന്ന ആരോപണവും മോദി തിരഞ്ഞടുപ്പ് കാലത്ത് ഉന്നയിച്ചിരുന്നു.