ചെന്നൈ: 'അർധനഗ്‌നനായ ഫക്കീർ' എന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ പരിഹസിച്ച വേഷത്തിന് നൂറുവയസ്്. നമ്മൾ കണ്ടുപരിചയിച്ച ഗാന്ധിജിയുടെ വേഷം അദ്ദേഹം സ്വീകരിച്ചിട്ട് 100 വർഷം പിന്നിടുന്നു.മുട്ടോളമെത്തുന്ന ഒറ്റമുണ്ട് തറ്റുടുത്തും മറ്റൊരു മുണ്ട് പുതച്ചും തല മുണ്ഡനം ചെയ്തും നമുക്കു ചിരപരിചിതമായ രൂപത്തിലേക്കു മഹാത്മാ ഗാന്ധി മാറിയത് മധുരയിൽ വച്ചാണ്.

ഇന്ത്യയൊട്ടാകെയുള്ള സാധാരണക്കാരുടെ മനസ്സ് സ്വന്തമാക്കാൻ ഗാന്ധിജിക്കു കരുത്തായത്. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി 1921 സെപ്റ്റംബർ 22നു രാത്രി മധുരയിലെത്തിയപ്പോഴായിരുന്നു ഒറ്റമുണ്ടിലേക്കു മാറാൻ തീരുമാനിച്ചത്. പിറ്റേന്നു രാവിലെ കാമരാജ് ശാലയിൽ നെയ്ത്തുകാരുടെ യോഗത്തിൽ പുതിയ വേഷത്തിൽ എത്തുകയും ചെയ്തു.

വസ്ത്രവിപ്ലവത്തിന് സാക്ഷിയായ മധുരയിൽ വച്ചാണ് ശതാബ്ദിയാഘോഷം നടന്നത്.മധുര മ്യൂസിയം അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗാന്ധിജിയുടെ ചെറുമകൾ താര ഗാന്ധി ഭട്ടാചാര്യ മുഖ്യാതിഥിയായി. നേരത്തെ മധുരയിലെത്തിയ താര, ഗാന്ധിജിയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തി.