തിരുവനന്തപുരം: ക്രിസ്തുമസ് ആഘോഷങ്ങൾ കഴിഞ്ഞു. ഇനി പുതുവർഷത്തെ വരവേൽക്കാൻ വേണ്ടി കാത്തിരിക്കുകയാണ് മലയാളികൾ. താരവിശേഷങ്ങൾ അറിയാൻ താത്പര്യം ഉള്ളതു പോലെ തന്നെ തങ്ങൾക്ക് ഇഷ്ടപ്പെട്ട താരങ്ങളുടെ പുതുവത്സരാഘോഷം അറിയാനും ആരാധകർക്ക് താത്പര്യമുണ്ട്. എല്ലാതാരങ്ങളും ന്യൂഇയർ ആഘോഷിക്കാൻ ഒരുങ്ങി എന്നാണ് റിപ്പോർട്ട്.

സിനിമാ സമരത്തെ തുടർന്ന് പുതിയ സിനിമകളുടെ ചിത്രീകരണം മുടങ്ങിയതോടെ പലരും കുടുംബത്തിനൊപ്പവും അല്ലാതെയും ന്യൂഇയർ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ദിലീപ്- കാവ്യ താര ദമ്പതികളുടെ പുതുവത്സരാഘോഷം കൊച്ചിയിൽ തന്നെ ആകും എന്നാണ് റിപ്പോർട്ട്. മുളകുപാടത്തിന്റെ സിനിമയിൽ അഭിനയിക്കുന്നതിനാലാണ് ആഘോഷം കൊച്ചിയൽ തന്നെയാക്കിയത്. ജോർജേട്ടൻസ് പൂരം പൂർത്തിയാക്കിയ ദിലീപ് രാമലീല എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുത്. പൊളിറ്റിക്കൽ ത്രില്ലർ ആയ ചിത്രത്തിൽ യുവ എംഎൽഎ ആയാണ് ദിലീപ് അഭിനയിക്കുന്നത്. പ്രയാഗാ മാർട്ടിനാണ് ചിത്രത്തിലെ നായിക.

വിനോദയാത്ര കഴിഞ്ഞ് അമേരിക്കയിൽ നിന്ന് കുടുംബസമേതം കഴിഞ്ഞ ദിവസമാണ് മോഹൻലാൽ ചെന്നൈയിലെത്തിയത്. ഭാര്യ സുചിത്രയ്ക്കും മക്കളായ പ്രണവിനും വിസ്മയയ്ക്കും ഒപ്പം ചെന്നൈയിലെ വീട്ടിലായിരിക്കും താരത്തിന്റെ പുതുവൽസര ആഘോഷം. എന്നാണ് റിപ്പോർട്ട്. അമേരിക്കയിൽ സുഹൃത്തിന്റെ വീട്ടിലായിരുന്നു താരത്തിന്റെ ക്രിസ്മസ് ആഘോഷം. ന്യൂഇയർ ആഘോഷത്തിന് ശേഷം മേജർ രവിയുടെ ബിയോണ്ട് ദ ബോഡറിന്റെ രണ്ടാം ഷെഡ്യൂളിനായി താരം പാലക്കാട്ടേക്ക് പോകും.

രഞ്ജിത്തിന്റെ പുത്തൻപണത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. കൊച്ചിയിലെ വീട്ടിൽ തന്നെയുണ്ട് താരം. ന്യൂ ഇയർ മിക്കവാറും ലൊക്കേഷനിൽ തന്നെയാവും അല്ലെങ്കിൽ ദുബയിക്ക് പോകാൻ സാധ്യതയുണ്ട്. ചിത്രീകരണം ഏതാണ്ട് പൂർത്തിയാകാറായി. 31ന് താനുണ്ടാവില്ലെന്ന് മമ്മൂട്ടി പറഞ്ഞാൽ അണിയറ പ്രവർത്തകർ അംഗീകരിക്കും. കൊച്ചിയിലെ വീട്ടിൽ ഭാര്യ സുൽഫിത്തും മരുമകൾ അമാൽ സൂഫിയും ഉമ്മയുമാണുള്ളത്. താരത്തിന്റെ ക്രിസ്മസ് ആഘോഷം പുത്തൻപണത്തിന്റെ ലൊക്കേഷനിലായിരുന്നു.

ദുൽഖറിന്റെ ന്യൂഇയർ ഇത്തവണ ദുബായിലാണ്. അമൽനീരദിന്റെ സിനിമയുടെ ലൊക്കേഷനിലാണ്. അമേരിക്കയിൽ നിന്ന് ക്രൂ കഴിഞ്ഞയാഴ്ചയാണ് ദുബയിലെത്തിയത്. ദുൽഖർ ദുബയിലുള്ളതിനാൽ മമ്മൂട്ടിയും ഭാര്യയും ചിലപ്പോൾ അവിടേക്ക് പറന്നേക്കും. ദുബയിൽ ജോലി ചെയ്തിരുന്ന കാലത്തേ ദുൽഖർ അവിടുത്തെ ന്യൂഇയർ ആഘോഷങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. മമ്മൂട്ടി ചെമ്പിലെ തറവാട്ടിലേക്ക് പോകുന്നതിൽ കൂടുതൽ ഒരു വർഷം ദുബയിക്ക് പോകും. അവിടെ ബിസിനസും മറ്റ് കാര്യങ്ങളുമുണ്ട്.

ജയറാം കുടുംബസമേതം കൊച്ചിയിലാണ് ഇത്തവണ പുതുവൽസരം ആഘോഷിക്കുന്നത്. എന്നാണ് വാർത്തകൾ. ചെന്നൈയിൽ നിന്ന് പാർവതിയും മകളും തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയിട്ടുണ്ട്. പൂമരത്തിന്റെ ആദ്യ ഷെഡ്യൂൾ തീർന്നെങ്കിലും മകൻ കാളിദാസും കൊച്ചിയിലുണ്ട്. കണ്ണൻ താമരക്കുളത്തിന്റെ അച്ചായൻസിൽ അഭിനയിക്കുകയാണ് ജയറാം. സാധാരണ ചെന്നൈയിലെ വീട്ടിലോ അല്ലെങ്കിൽ വിദേശത്തോ ആയിരിക്കും ന്യൂഇയർ ആഘോഷങ്ങൾ. ന്യൂഇയറിന്റെ തലേന്ന് നേരത്തെ ലൊക്കേഷനിൽ നിന്ന് വീട്ടിലേക്ക് പോവുകയാണ് ജയറാമിന്റെ രീതി.

നിവിൻപോളിയുടെ ആഘോഷവും കൊച്ചിയിൽ തന്നെയാണ്. ഞണ്ടുകളുടെ നാട്ടിൽ ചിത്രീകരണം പൂർത്തിയായെങ്കിലും നിർമ്മാതാവുകൂടിയായ താരം അതിന്റെ മറ്റ് പരിപാടികളുമായി കൊച്ചിയിലുണ്ട്. ക്രിസ്മസ് ആഘോഷം ആലുവയിലെ തറവാട്ടുവീട്ടിലായിരുന്നു. ദുബയിൽ നിന്ന് സഹോദരിയും കുട്ടികളും എത്തിയിരുന്നു. ടോവിനോയുടെ പുതുവൽസരം ഭാര്യയ്ക്കും മകനുമൊപ്പം കൊച്ചി കാക്കനാട്ടെ ഫ്ളാറ്റിലാണ്. ക്രിസ്മസിന് തൃശൂരിലെ തറവാട്ട് വീട്ടിൽ പോയിരുന്നു.