ഷിക്കാഗോ: കനത്ത മഴയും ഇടിമിന്നലും തടസപ്പെടുത്തിയ മത്സരത്തിനൊടുവിൽ കൊളംബിയയെ തോൽപ്പിച്ചു ചിലി ശതാബ്ദി കോപ്പയുടെ ഫൈനലിലെത്തി. ഇതോടെ കഴിഞ്ഞ തവണത്തെ ഫൈനലിന്റെ ഓർമിപ്പിക്കുംവിധം അർജന്റീന-ചിലി പോരാട്ടത്തിനു വീണ്ടും കളമൊരുങ്ങി.

രണ്ടാം സെമിയിൽ കൊളംബിയയെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്മാർകൂടിയായ ചിലി തുടർച്ചയായ രണ്ടാം തവണയും കിരീടപ്പോരാട്ടത്തിന് അർഹത നേടിയത്. ആദ്യ പകുതിക്ക് ശേഷം കനത്ത മഴയെയും ഇടിമിന്നലിനെയും തുടർന്ന് കളി രണ്ടു മണിക്കൂർ നിർത്തിവച്ചിരുന്നു.

ഏഴാം മിനിറ്റിൽ ചാൾസ് അരാഗ്യൂസും പതിനൊന്നാം മിനിറ്റിൽ പെഡ്രോ ഫ്യുൻസാലിഡയുമാണു ചിലിയുടെ ഗോളുകൾ നേടിയത്. രണ്ട് മണിക്കൂറിന്റെ ഇടവേളയ്ക്കുശേഷം ഇറങ്ങിയ രണ്ടാം പകുതിയുടെ തുടക്കത്തിലേ കാർലോസ് സാഞ്ചസ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതോടെ കൊളംബിയ പത്തുപേരായി ചുരുങ്ങി.

ഇതോടെ തിരിച്ചടിക്കാനുള്ള പ്രതീക്ഷകൾ അവസാനിച്ച കൊളംബിയ പ്രതിരോധത്തിലേക്കു പിന്മാറി. പിന്നീടു മത്സരത്തിൽ ഗോൾ പിറന്നില്ല.

ആദ്യ സെമിയിൽ ആതിഥേയരായ അമേരിക്കയെ എതിരില്ലാത്ത നാലുഗോളിനു തകർത്താണ് അർജന്റീന ഫൈനലിലെത്തിയത്. തിങ്കളാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5.30നാണ് അർജന്റീന-ചിലി ഫൈനൽ.