കലിഫോർണിയ: കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റിൽ ആദ്യ ജയം കൊളംബിയയ്ക്ക്. ആതിഥേയരായ അമേരിക്കയെ ഏകപക്ഷീയമായ രണ്ടു ഗോളിനു തോൽപ്പിച്ചാണു കൊളംബിയ ചരിത്ര ടൂർണമെന്റിൽ ആദ്യ മധുരം നുകർന്നത്.

മുൻ ചാംപ്യന്മാരായ കൊളംബിയയ്ക്കു വേണ്ടി ക്രിസ്റ്റിയൻ സപാറ്റയാണു ടൂർണമെന്റിലെ ആദ്യ ഗോൾ നേടിയത്. എട്ടാം മിനിറ്റിലാണ് അമേരിക്കൻ വല തുളച്ചു സപാറ്റയുടെ ഗോൾ പിറന്നത്.

ജിയോഫ് കാമറൂണിന്റെ മാർക്കിങിൽ നിന്നും ഒഴിഞ്ഞുമാറിയ സപാറ്റ, എഡ്വിൻ കർഡോണയുടെ കോർണർ മനോഹരമായ ഒരു വോളിയിലൂടെ പൊസ്റ്റിന്റെ മൂലയിലെത്തിക്കുകയായിരുന്നു. 42-ാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. ബോക്സിനുള്ളിൽ വച്ചുള്ള ഹാൻഡ് ബോളിന് റഫറി പെനൽറ്റി വിധിച്ചു. കിക്കെടുത്ത നായകൻ ജെയിംസ് റോഡ്രിഗസ് അനായാസം പന്തു വലയിലെത്തിച്ചു.

രണ്ടാം പകുതിയിൽ യുഎസ്എ ശക്തമായ ആക്രമണം നടത്തിയെങ്കിലും പിടിച്ചു നിൽക്കാനായില്ല. ഇതിനു മുമ്പ് കോപ്പ അമേരിക്കയിൽ ഇരുടീമുകളും മുഖാമുഖം വന്നപ്പോഴെല്ലാം വിജയം കൊളംബിയക്കൊപ്പമായിരുന്നു. ക്രിസ്റ്റ്യാൻ സപാറ്റയാണ് മത്സരത്തിലെ മികച്ച താരം.

ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 2.30നു കോസ്റ്റാറിക്ക പരാഗ്വേയെയും അഞ്ചിനു ഹെയ്ത്തി പെറുവിനെയും രാവിലെ 7.30ന് ബ്രസീൽ ഇക്വഡോറിനെയും നേരിടും.